ദേവഗായികേ, എന്നും പാടുക

കെ എസ് ചിത്ര

രാധയുടെ പ്രണയത്തോടാണോ എന്റെ പാട്ടിനോടാണോ കണ്ണന് കൂടുതൽ ഇഷ്ടമെന്ന് ചിത്ര ചോദിച്ചാൽ പ്രണയലോലുപനായ സാക്ഷാൽ കൃഷ്ണൻ പോലും ഒരു നിമിഷം പതറിപ്പോകും. കാരണം, കാർമുകിൽ വർണ്ണന്റെ ചുണ്ടിൽച്ചേർന്ന ഓടക്കുഴലിൽ നിന്നൊഴുകിപരക്കുന്ന ശ്രീരാഗമായ് ചിത്ര സ്വയമലിഞ്ഞു പാടുമ്പോൾ പ്രണയിനിയായ രാധയെപ്പോലും കൃഷ്ണൻ മറന്നുപോകില്ലേ?

ആത്മാവിൽ അത്രമേൽ നോവു പടർത്തിപ്പാടിയ ഗായികയായ ഭക്തയെ മാറ്റി നിർത്താൻ ഏത് ദൈവത്തിനാണ് കഴിയുക?. ആയിരം കണ്ണുമായി ആറ്റുനോറ്റിരുന്ന സംഗീത ലോകത്തിന്് കിട്ടിയ പുണ്യമാണ് കെ.എസ് ചിത്ര. ലേശം വിഷാദഛായ കലർന്ന സ്വതസിദ്ധമായ ചിരിയിൽ ചിത്രയെ കാണുമ്പോൾ ഓരോ സംഗീതപ്രേമിയും അഹങ്കാരത്തോടെ പറയും അത് ഞങ്ങളുടെ ചിത്രയാണെന്ന്.

ചിത്രയോട് ചിലർക്ക് ഒരു ജന്മത്തിന്റെ മുഴുവൻ കടപ്പാടാണുള്ളത്. കാരണം, അവർ ജനിച്ചത് ചിത്രയുടെ ഉണ്ണീ വാവാവോ... എന്ന താരാട്ടു കേട്ടാണ്. കണ്ണാംതുമ്പി പോരാമോ എന്ന് കൊഞ്ചിപ്പാടി അവർ പിച്ചവച്ചു. താനേ മോഹങ്ങൾ പൂവിട്ട കൗമാരത്തിലേക്ക് അവർ കാലെടുത്തുവച്ചപ്പോഴും അവർക്ക് കൂട്ട് ചിത്രയുടെ പാട്ടുകളായിരുന്നു. ഉള്ളിൽ ഒരാളോട് മോഹം തോന്നിയപ്പോൾ അവർ ചിത്രയിലൂടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് പരിഭവം പറഞ്ഞു. ജീവിതത്തോണിയിൽ ദിശയറിയാതെ ഒഴുകുന്ന പ്രണയവഞ്ചിയുടെ ദിശതെറ്റാതെ കാക്കണേ എന്ന് അവർ ചിത്രയെ കൊണ്ടു കാറ്റിനോട് പറയിച്ചു.. കാറ്റേ നീ വീശരുതിപ്പോഴെന്ന്... ചിത്ര പാടിയാൽ കാറ്റിനത് കേൾക്കാതിരിക്കാനാവില്ലെന്ന് അവർക്കുറപ്പുണ്ടായിരുന്നു. പിന്നീട് കാലത്തിന്റെ തേരോട്ടത്തിൽ ഒറ്റപ്പെട്ട നാളുകളിലും പാട്ടിലൂടെ കൂട്ടുവന്നത് ചിത്രയുടെ ശബ്ദമായിരുന്നു.

വരുവാനില്ലാരുമീ വിജനാമാമീവഴിക്കറിയാം അതെന്നാലുമെന്നും... എന്നോർത്ത് വഴിക്കണ്ണുമായി ആരെയോ കാത്തിരുന്ന നാളുകളിൽ എപ്പോഴോ ഒരു ഇളം കാറ്റായി കാതോരത്തെത്തിയ നനുത്ത ശബ്ദത്തെ ആ തലമുറവല്ലാതെ ഇഷ്ടപ്പെട്ടു പോയിരുന്നു.. പിന്നെ ആ ഇഷ്ടം സിരകളിൽ നുരയുന്ന പാലപ്പൂവിൻറെ കത്തുന്ന ഗന്ധമായി പടർന്നു കയറി. പിന്നീട് ഒരിക്കലും മായാത്ത മഷിപ്പാടുപോലെ ആ ഇഷ്ടം മനസ്സിൽ പതിഞ്ഞു.

ലാളിത്യം കൊണ്ടും നിറഞ്ഞ ചിരികൊണ്ടും ചിത്ര ആ ഇഷ്ടത്തെ നിമിഷം പ്രതി കൂട്ടി. ദേശങ്ങളും കാലങ്ങളും കടന്ന് ആ ഇഷ്ടം വീണ്ടും വീണ്ടും ആരൊക്കെയോ കൂടി സ്വന്തമാക്കി. പുരസ്കാരങ്ങളും പ്രശസ്തിയും മത്സരിച്ച് ചിത്രയോട് കൂട്ടുകൂടാനെത്തി. സംഗീതലോകത്തെ സൂര്യതംബുരു മീട്ടിയ ആ ദേവകന്യക ഓരോ പുരസ്കാരത്തെയും നെഞ്ചോടു ചേർത്തു. അംഗീകാരങ്ങളോട് എനിക്ക് തീർത്താൽ തീരാത്ത അഭിനിവേശമാണ്. കാരണം ഓരോ തവണ അവാർഡ് കിട്ടുമ്പോഴും ആദ്യമായി കിട്ടുന്നതുപോലെ ഒരു അനുഭവമാണെനിക്ക്...പൂനിലാവു പോലെ പുഞ്ചിരിച്ച് നിഷ്കളങ്കമായി അഭിമുഖങ്ങളിൽ അവർ ഇങ്ങനെ പറയുമ്പോൾഅവരെ സ്നേഹിക്കാതിരിക്കാനാവില്ല.

ദൈവം തന്ന സ്വരശുദ്ധിയെ രക്തത്തിലലിഞ്ഞ സംഗീതമെന്ന വരദാനത്തെ തൊട്ടുതീണ്ടാൻ കാലത്തിനു പോലും ഭയമാണ്. എന്തെന്നാൽചിത്രയുടെ സ്വരമൊന്നു കലമ്പിയാൽ മുഖമൊന്നു മങ്ങിയാൽ മുറിവേൽക്കുന്നത് ലക്ഷക്കണക്കിന് വരുന്ന ആരാധകവൃന്ദത്തിനാണ്. വിമർശകർക്ക് പോലും ചിത്രയെക്കുറിച്ച് മോശമായി ഒന്നും പറയാനുണ്ടാവില്ല. കാരണം, അത്ര സൂക്ഷ്മമാണ് അവരുടെ ഓരോ ചുവടും. എന്നും ഒരു തുടക്കക്കാരിയുടെ പരിഭ്രമത്തോടെ പുതിയ പാട്ടുകളെ സ്വീകരിക്കുന്ന, പാടുന്ന വരികളോട് നൂറു ശതമാനം നീതി പുലർത്തുന്ന ശാഠ്യമാണ് ചിത്രയെ വേറിട്ടു നിർത്തുന്നത്. ആ ചിത്രപൗർണമിയെ വാക്കുകൊണ്ടുപോലും അശുദ്ധമാക്കാൻ ആർക്കും ധൈര്യം വരാത്തതും അതുകൊണ്ടു തന്നെയാണ്.

തുമ്പയും തുളസിയും കുടമുല്ലപ്പൂക്കളും വിരിയുന്ന ഗ്രാമവിശുദ്ധിയിൽ അലസമായി നടന്ന ഒരു സന്ധ്യാനേരത്ത് ഹൃദയത്തിലെ വാതിൽപ്പഴുതിലൂടെ നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷിയായി മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി കരിനീലക്കണ്ണഴകിയായി ഗന്ധർവ ഗായികയുടെ നാദമെത്തുമ്പോൾ ഓരോ കാതും ദൈവത്തോട് പ്രാർഥിക്കും ഈ ജന്മമല്ല ഇനി വരും ജന്മങ്ങളിലും ഈ ശ്രുതി സുന്ദരഗാനങ്ങൾ കേൾക്കാനുള്ള ഭാഗ്യം ഞങ്ങൾക്കുണ്ടാവണേയെന്ന്.

പൊന്നിൽ കുളിച്ചു നിൽക്കുന്ന ചിത്രപൗർണമിക്ക് ഇന്നു പിറന്നാൾ.

ഒരു നറുപുഷ്പമായ് സംഗീതലോകത്തു വിരാജിക്കുന്ന രാജഹംസത്തിന് പിറന്നാൾ ആശംസകൾ നേരാൻ ആളും അരങ്ങും ഒരുങ്ങിക്കഴിഞ്ഞു.... കർക്കടകത്തിലെ മഴപ്പെയ്ത്തുകളിൽ നനഞ്ഞു കുതിരാതെ ആ ചിത്രഗീതം കാതുകളെ തേടിയെത്തുന്നു... വാർമുകിലെ വാനിൽ നീ വന്നു നിന്നാലോർമകളിൽ ... ശ്യാമവർണൻ....