ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ ലൊട ലൊട ലൊടലാ

കരമനയാറിന്റെ കരയിലുള്ള ജഗതി എന്ന സ്ഥലപ്പേരിനുള്ളിലേക്ക് മലയാളത്തിന്റെ നർമചിന്തകളെ കൂട്ടിച്ചേർത്ത പ്രതിഭ. മനസു തുറന്ന് ചിരിക്കാൻ പോന്ന യുക്തിയുള്ള വർത്തമാനങ്ങൾ പറഞ്ഞു തന്ന ജഗതി ശ്രീകുമാർ. വെറുതെയുള്ള ഒരു നോട്ടത്തിൽ പോലും പൊട്ടിച്ചിരി വിതറുന്ന അഭിനയ വിസ്മയം. കഥാപാത്രത്തിന്റെ പ്രാധാന്യത്തിനും അതിന്റെ ദൈര്‍ഘ്യത്തിനുമപ്പുറം ജഗതിയെന്ന അഭിനയ പ്രതിഭയിലേക്ക് മാത്രം കാലത്തെ നോക്കിനിർത്തിയ പ്രതിഭ. ഹാസ്യത്തിന്റെ ആ മറുപേരിനിന്ന് അറുപത്തിനാലിന്റെ പിറന്നാൾ മധുരം. ഒരു അപകടത്തിന്റെ ബാക്കിപത്രമായി വീൽചെയറിനുള്ളിലേക്ക് ആ ഹാസ്യസാമ്രാട്ട് ഒതുങ്ങിപ്പോയെങ്കിലും ഹാസ്യത്തിൽ നിന്ന് ഹാസ്യം തീർത്ത ജഗതി മനസുകളുടെ സിനിമാശാലയിൽ നിർത്താതെ ചിരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്നീ പിറന്നാൾ ദിനത്തിൽ അദ്ദേഹം അഭിനയിച്ച് കുറേ പാട്ടുകളിലൂടെ കടന്നുപോകാം. ചലച്ചിത്രത്തിന്റെ പാട്ടു രംഗത്ത് അടിപിടികൾക്കിടയിൽ പ്രണയരംഗങ്ങളിൽ എന്തിന് മരണരംഗങ്ങളിൽ പോലും ഹാസ്യം പറയാനുള്ള ജഗതിയുടെ കഴിവ് ഒന്നോർത്തെടുക്കാം....

ഊട്ടിപ്പട്ടണം...

ചാറി മുക്കി നക്കിയാൽ മതിയെന്ന് ആഴ്ചയിലൊരിക്കലെങ്കിലും പറയാത്ത മലയാളിയുണ്ടാകുമോ. തരികിട കയ്യിലിരിപ്പുകൾ മാത്രമുള്ള ജഗതിയുടെ കഥാപാത്രത്തിലൂടെ മലയാളം കേട്ടാസ്വദിച്ച പിന്നീട് നിത്യവർത്തമാനങ്ങളുടെ ഭാഗമായി തീര്‍ന്ന ഇതുപോലുള്ള എത്രയോ ഡയലോഗുകളാണ് കിലുക്കമെന്ന ചിത്രത്തിലുള്ളത്. മോഹൻലാൽ-ജഗതി-രേവതി ചിത്രത്തിലെ ആ ഗാനരംഗം ഓർമയില്ലേ. നന്ദിനിയുടെ മുടി വെട്ടി ലുക്ക് മാറ്റാൻ ജോജിയും നിശ്ചലും പെടാപാടുപെടുന്ന പാട്ട് രംഗം. ബിച്ചു തിരുമലയുടെ വരികൾക്ക് എസ് പി വെങ്കിടേഷ് ഈണമിട്ട് എസ്പി ബാലസുബ്രഹ്മണ്യവും എം ജി ശ്രീകുമാറും കെഎസ് ചിത്രയും പാടിയ കുരുത്തംകെട്ട പാട്ട്.

പടകാളി...

ഏത് മത്സരത്തിലും പങ്കെടുത്ത് തോറ്റ് തൊപ്പിയിടുമ്പോള്‍ നമ്മൾ പറയുന്നൊരു കാര്യമുണ്ട്. ഇനി കാവിലെ പാട്ടുമത്സരത്തിന് കാണാം. കാവിലെ പാട്ടുമത്സരത്തിന് അന്താരാഷ്ട്ര പ്രശസ്തി നല്‍കിയ അരശുംമൂട്ടില്‍ അപ്പൂട്ടൻ. അരശുംമൂട്ടിലപ്പൂട്ടനും തൈപ്പറമ്പിലും അശോകനും കാവിൽ കിടന്ന് മത്സരിച്ച് പാടിയ ആ പാട്ടിനൊപ്പം താളംപിടിക്കാൻ മലയാളത്തിനിന്നും ഏറെയിഷ്ടം. യേശുദാസും എം ജി ശ്രീകുമാറും മത്സരിച്ച് പാടിയ പാട്ട്. നാടൻ വാക്കുകളെ വേഗത്തിൽ പാടുമ്പോൾ ചടുലമായ ഈണങ്ങൾ അതിനൊപ്പം നിൽക്കുമ്പോഴുള്ള ആസ്വാദന ഭംഗിയെ അറിയിച്ചു തരുന്ന പാട്ട്. ബിച്ചു തിരുമലയുടെ വരികൾക്ക് ഈണമിട്ടതാരെന്നറിയാമോ? എ ആർ റഹ്മാൻ.

പഴനിമല മുരുകന്

മലയാളത്തിന്റെ നായക സങ്കൽപത്തിന് നരസിംഹത്തിന്റെ ഭംഗിയും വീറും നൽകിയ മോഹൻലാൽ ചിത്രം. നരസിംഹത്തിലെ ചന്ദ്രഭാനുവെന്ന കഥാപാത്രം പൂർണമായും ഹാസ്യത്തിലായിരുന്നില്ലെങ്കിലും ചില രംഗങ്ങൾ നിർത്താതെ ചിരിപ്പിക്കുന്നു. കാവിക്കയലിയുടുത്ത് തലയിൽ കച്ചകെട്ടി നൃത്തംവയ്ക്കുന്ന ജഗതി. എം ജി ശ്രീകുമാറിന്റെ ഹിറ്റ് പാട്ടുകളിലൊന്നാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം ജി രാധാകൃഷ്ണൻ ഈണമിട്ട പാട്ട്.

പിസ്ത സുമാ കിര

നിവിൻ പോളി ചിത്രം നേരത്തിലെ പിസ്ത സുമാ കിരയെന്ന പാട്ട് കണ്ടും കേട്ടും മതിയായിട്ടില്ല. പൊട്ടിച്ചിരിച്ചുകൊണ്ട് കേട്ട ആ വരികൾ ആരുടേതാണെന്ന് അറിയാമോ? ജഗതിയുടേതു തന്നെ. കിന്നാരമെന്ന ചിത്രത്തിനായി ജഗതി എഴുതി ഈണമിട്ട് പാടിയ പാട്ട്. എല്ലാത്തിനും അതീതമായി ഹാസ്യത്തിനൊപ്പം നടന്നുനീങ്ങാനുള്ള ജഗതിയെന്ന പ്രതിഭയുടെ ക്രിയാത്മകതയുടെ ആഴം തെളിയിക്കുന്നു ഈ പാട്ട്.

ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ

ഓട്ട പാത്രത്തിൽ ഞണ്ട് വീണാൽ ലൊട ലൊട ലൊട...യാതൊരു അര്‍ഥവുമില്ലാതെ കുറേ വരികളെഴുതി സംഗീതമിടുന്ന ഉഡായിപ്പ് പാർട്ടീസിന്റെ ദേശീയ നേതാവാണ് ജഗതിയെന്നതിന് മറ്റൊരു തെളിവുകൂടിയിതാ. കിന്നാരത്തിലെ മറ്റൊരു പാട്ട്. എഴുത്ത്, സംഗീതം, ആലാപനം എല്ലാം ജഗതി.

ശംഖും വെഞ്ചാമരവും

അൽപം വില്ലത്തരങ്ങളുള്ള കഥാപാത്രമായി ജഗതി അഭിനയിച്ച ചിത്രമായിരുന്നു പട്ടാഭിഷേകം. മണ്ടത്തരങ്ങളേ കയ്യിലുള്ളുവെങ്കിലും പട്ടാഭിഷേകം സ്വപ്നം കാണുന്ന ജഗതി കഥാപാത്രം കുടുകുടെ ചിരിപ്പിച്ചു. ബേണി ഇഗ്നീഷ്യസ് ഈണമിട്ട ശംഖും വെഞ്ചാമരവും എന്ന പാട്ടിലെ രംഗങ്ങൾ ചിരിപ്പിച്ചുകൊല്ലും. ബിച്ചു തിരുമലയുടേതാണ് വരികൾ.

തലവരക്കൊരു തിളക്കം വച്ചപ്പോ

തരികിട പരിപാടികൾ ചെയ്ത് മെയ്യനങ്ങാതെ അടിച്ചുപൊളിച്ച് ജീവിക്കാൻ കൊതിക്കുന്ന കുറേ കഥാപാത്രങ്ങൾ ജഗതി ചെയ്തിട്ടുണ്ട്. കിലുകിൽ പമ്പരത്തിലെ ആ കഥാപാത്രത്തെ ഓർമയില്ലേ. ജഗതിയും ജയറാമും അഭിനയിച്ച ചിത്രത്തിലെ പാട്ടാണ് തലവരക്കൊരു തിളക്കം വച്ചപ്പോ....

അമ്പോറ്റി ചെമ്പോത്ത്

കൊട്ടാരം വീട്ടിലപ്പൂട്ടന്റെ ഉറ്റമിത്രമായി ജഗതി അഭിനയിച്ച ചിത്രം. ചിത്രത്തിലെ ആ പ്രശസ്തമായ ഗാനം അമ്പോറ്റി ചെമ്പോത്ത്....ജഗതിയും കൂടിയാണ് പാടിയത്. ബേണി ഇഗ്നീഷ്യസ് ഈണമിട്ട പാട്ടാണിത്. ജഗതിക്കൊപ്പം എം ജി ശ്രീകുമാറും കലാഭവൻ മണിയും പാടിയ പാട്ടാണിത്.