ഓർമകളിൽ കിഷോർ പാടുന്നു

കിഷോർ കുമാർ

ഇന്ത്യൻ സംഗീതലോകത്തെ വിസ്മയം കിഷോർ കുമാറിന്റെ നാദം നിലച്ചിട്ട് ഇന്നേക്ക് 27 വർഷം. മരണമില്ലാത്ത ഒരുപാടു ഗാനങ്ങളിലൂടെ ഇന്നും അദ്ദേഹം നമുക്കിടയിൽ ജീവിക്കുന്നു.

ഹിന്ദി സിനിമാരംഗത്തെ ബഹുമുഖപ്രതിഭയായിരുന്നു കിഷോർകുമാർ. പിന്നണി ഗായകൻ, അഭിനേതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകൻ, നിർമാതാവ്, സംവിധായകൻ, കഥാകൃത്ത്, തിരക്കഥാകൃത്ത്....... അദ്ദേഹത്തിനു വഴങ്ങാത്തതായി ഒന്നുമില്ലായിരുന്നു. എന്നാൽ ഗായകനെന്ന നിലയിൽ അറിയപ്പെടാനായിരുന്നു ആഗ്രഹം.

ബ്രിട്ടീഷ് ഇന്ത്യയിലെ ഖാണ്ഡ്വയിൽ അഭിഭാഷകനായ കുഞ്ജൻലാൽ ഗാംഗുലിയുടെയും ഗൗരി ദേവിയുടെയും മകനായാണു അബ്ബാസ് കുമാർ ഗാംഗുലിയുടെ (അതായിരുന്നു കിഷോറിന്റെ പേര്) ജനനം. നാലു സഹോദരന്മാരിൽ ഇളയവൻ. ഹിന്ദിയിലെ പ്രഗൽഭ അഭിനേതാവ് അശോക് കുമാറാണു മൂത്ത സഹോദരൻ. സതീദേവിയും നടൻ അനൂപ്കുമാറുമാണു മറ്റു സഹോദരങ്ങൾ. സംഗീതസംവിധായകൻ ബാപ്പി ലാഹിരി ബന്ധുവാണ്.

അബ്ബാസ് കുട്ടിയായിരിക്കുമ്പോഴേ അശോക് കുമാർ ഹിന്ദിയിൽ താരമാണ്. ജ്യേഷ്ഠനെ പിന്തുടർന്ന് അനൂപ്കുമാറും സിനിമയിലെത്തി. ഇവരോടൊന്നിച്ചുള്ള വാസം അബ്ബാസിനെയും സിനിമയിലേക്കും സംഗീതത്തിലേക്കും നയിച്ചു. ഗായകനും നടനുമായ കുന്ദൻലാൽ സൈഗാളിന്റെ ശിഷ്യത്വം സ്വീകരിച്ച അബ്ബാസ് അദ്ദേഹത്തിന്റെ ആലാപനശൈലിയും പിന്തുടരാൻ ശ്രമിച്ചു.

അശോക് കുമാർ ബന്ധപ്പെട്ടിരുന്ന ബോംബെ ടാക്കീസിൽ കോറസ് ഗായകനായി ചേർന്നതോടെ അബ്ബാസ് കുമാർ കിഷോർ കുമാറെന്ന പേരു സ്വീകരിച്ചു. 1946ൽ അശോക് കുമാർ നായകനായ ശിക്കാരിയിൽ അഭിനയിച്ചുകൊണ്ടു കിഷോറും വെള്ളിത്തിരയിലെത്തി. 1948ൽ സിദ്ദി എന്ന ചിത്രത്തിൽ ആദ്യഗാനം പാടാനുള്ള അവസരം ലഭിച്ചു. 1951ൽ ആന്ദോളൻ എന്ന ചിത്രത്തിലൂടെ നായകനായി. അശോക് കുമാറിന്റെ സ്വാധീനത്തിൽ അഭിനയിക്കാൻ ഏറെ അവസരം ലഭിച്ചെങ്കിലും കിഷോറിന്റെ ശ്രദ്ധ സംഗീതത്തിലായി.

1954ൽ ബിമൻ റോയിയുടെ നൗകരി, 57ൽ ഹൃഷീകേശ് മുഖർജിയുടെ കന്നിച്ചിത്രം മുസാഫിർ, ന്യൂഡൽഹി, ആശ, 62ൽ ഹാഫ് ടിക്കറ്റ്, 68ൽ പഡോസൻ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. നൗകരിയുടെ സംഗീതസംവിധായകനായ സലിൽ ചൗധരി ഹേമന്ത് കുമാറിനു വച്ചിരുന്ന ‘ഛോട്ടാ സാ ഘർ ഹോഗാ‘ എന്ന ഗാനം കിഷോറിനു നൽകി. 1958ൽ സ്വന്തം നിർമാണ കമ്പനിയുടെ ചൽത്തി കാ നാം ഗാഡി എന്ന ചിത്രത്തിൽ കുമാർ സഹോദരന്മാർ മൂവരും വേഷമിട്ടു. കിഷോർ നായകനായ ചിത്രത്തിൽ മധുബാലയായിരുന്നു നായിക.

ഗായകനെ തിരിച്ചറിയുന്നു

കിഷോറിലെ ഗായകനെ കണ്ടെത്തിയത് സച്ചിൻ ദേവ് വർമനെന്ന അതുല്യ സംഗീതസംവിധായകനാണ്. 1950ൽ മശാൽ എന്ന ചിത്രത്തിന്റെ നിർമാണത്തിനിടെ എസ്.ഡി. ബർമൻ അശോക് കുമാറിന്റെ വീടു സന്ദർശിച്ചു. കുന്ദൻലാൽ സൈഗാളിനെ അനുകരിച്ചു പാടുന്ന കിഷോറിനെ അദ്ദേഹം ശ്രദ്ധിച്ചു. സൈഗാളിനെ അനുകരിക്കാതെ സ്വന്തം ശൈലിയുണ്ടാക്കാൻ ബർമൻ ഉപദേശിച്ചു. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാത്ത കിഷോർ ആ ഉപദേശം മനസ്സിൽ കുറിച്ചിട്ട് സ്വന്തമായി ഗാനാലാപന ശൈലി രൂപപ്പെടുത്തി. കിഷോറിന്റെ മാസ്റ്റർപീസായ യോഡലിങ് ശൈലിയും അങ്ങനെ രൂപപ്പെട്ടതാണ്. അതിവേഗത്തിലും ആവർത്തിച്ചും ഒരു ശബ്ദം ഉള്ളിൽനിന്നു പുറപ്പെടുവിക്കുന്ന ശൈലിയാണു യോഡലിങ്. പാശ്ചാത്യ സംഗീതത്തിൽ നിന്നായിരുന്നു ഈ കടംകൊള്ളൽ).

ദേവാനന്ദിന്റെ അനേകം ഹിറ്റ് ചിത്രങ്ങളിൽ ബർമൻ കിഷോറിനെക്കൊണ്ടു പാടിച്ചു. ടാക്സി ഡ്രൈവർ, പേയിങ് ഗെസ്റ്റ്, ദ് ഗൈഡ്, ജുവൽ തീഫ്, പ്രേം പൂജാരി, തേരെ മേരെ സപ്നെ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും. തുടർന്നു ബർമനു വേണ്ടി കിഷോറും ആശാ ഭോസ്ലെയും ഒട്ടേറെ യുഗ്മഗാനങ്ങൾ പാടി. ആശ എന്ന ചിത്രത്തിലെ ഈന മീന ഡീക്ക എന്ന ഗാനം പാടാനേൽപിച്ച സി. രാമചന്ദ്രയാണു കിഷോറിന്റെ കഴിവു കണ്ടെത്തിയ മറ്റൊരു സംഗീതസംവിധായകൻ.

സകലകലാ വല്ലഭൻ

കിഷോറിലെ ബഹുമുഖ പ്രതിഭ വെളിച്ചം കാണുന്നത് 1961ലാണ്. ഝുമ്റൂ എന്ന ചിത്രം നിർമിച്ചു സംവിധാനം ചെയ്ത കിഷോർ അതിൽ അഭിനയിച്ചു. മേം ഹൂം ഝുമ്റൂ എന്ന ടൈറ്റിൽ ഗാനം എഴുതിയതും കിഷോറാണ്. ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും സംഗീതം പകർന്നതും അദ്ദേഹം തന്നെ. കിഷോർകുമാറും സുനിൽദത്തും മെഹ്മൂദും മൽസരിച്ച് അഭിനയിച്ച പഡോസൻ ഹാസ്യത്തിനും സംഗീതത്തിനും പ്രാധാന്യമുള്ള ചിത്രമായിരുന്നു.

1969ൽ ശക്തി സാമന്തയുടെ അനുപമ ചിത്രം ആരാധനയുടെ നിർമാണത്തിടെ എസ്.ഡി. ബർമൻ രോഗഗ്രസ്തനായി. മുഹമ്മദ് റഫിആശാ ഭോസ്ലെ, കിഷോർ കുമാർലതാ മങ്കേഷ്കർ ജോടികളുടെ ചില യുഗ്മഗാനങ്ങൾ പൂർത്തിയാക്കിയിരുന്നു. തുടർന്ന് ബാക്കി ജോലി മകൻ രാഹുൽ ദേവ് വർമൻ ഏറ്റെടുത്തു. കിഷോറിനെ അതിപ്രശസ്തനാക്കിയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ചത് ആർ.ഡി. ബർമനായിരുന്നു. മേരെ സപ്നോം കി റാണി, രൂപ് തേരാ മസ്താന തുടങ്ങിയ ഗാനങ്ങളാണു കിഷോറിനെ ബോളിവുഡിന്റെ ഗായകനായി അവരോധിച്ചത്. രൂപ് തേരായുടെ ആലാപനത്തിന് ആദ്യ ഫിലിം ഫെയർ അവാർഡ് ലഭിച്ചു.

എഴുപതുകളിലും എൺപതുകളിലും ഹിന്ദിയിലെ ഏതാണ്ടെല്ലാ നടന്മാർക്കു വേണ്ടിയും കിഷോർ പാടി. ലക്ഷ്മികാന്ത്പ്യാരെലാൽ, സലിൽ ചൗധരി, രവീന്ദ്ര ജെയ്ൻ, കല്യാൺജി ആനന്ദ്ജി തുടങ്ങി മിക്ക സംഗീതസംവിധായകരും കിഷോറിന്റെ ശബ്ദത്തിലൂടെ ഗാനങ്ങൾക്ക് തങ്ങളുടെ ഈണം പകർന്നു.

വിലക്കുകൾ പിണക്കങ്ങൾ

അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് റാലിക്കു വേണ്ടി പാടണമെന്ന സഞ്ജയ് ഗാന്ധിയുടെ ആവശ്യം നിരാകരിച്ച കിഷോറിന് ബഹിഷ്കരണഭീഷണി നേരിടേണ്ടി വന്നു. കിഷോറിന്റെ ഗാനങ്ങൾ ആകാശവാണിയിലും ദൂരദർശനിലും വരരുതെന്നു വാർത്താവിതരണ സംപ്രേഷണ മന്ത്രി വിദ്യാ ചരൺ ശുക്ല വിലക്കി. 1976 മേയ് മുതൽ അടിയന്തരാവസ്ഥ കഴിയും വരെ വിലക്കു തുടർന്നു.

എൺപതുകളിൽ അമിതാഭ് ബച്ചനുമായി ചെറിയൊരു പിണക്കം. തന്റെ ചിത്രത്തിൽ ഗെസ്റ്റ് റോൾ ചെയ്യാൻ വിസമ്മതിച്ചതിനാൽ ബച്ചനു വേണ്ടി പാടില്ലെന്നു ശഠിച്ചു. എന്നാൽ തൂഫാനിൽ പാടിക്കൊണ്ട് ആ ശീതസമരം അവസാനിപ്പിച്ചു. യോഗിത ബാലി തന്നെ വിട്ടു മിഥുൻ ചക്രവർത്തിയെ ഭർത്താവായി സ്വീകരിച്ചതോടെ മിഥുനു വേണ്ടിയും പാടാതായി. പിന്നീട് ഡിസ്കോ ഡാൻസറിനും പ്യാർ കാ മന്ദിറിനും പാടിക്കൊണ്ട് ആ പിണക്കവും തീർത്തു.

പാടിത്തീരും മുൻപേ

പാടാൻ മധുരിതഗാനങ്ങൾ ഏറെ ബാക്കി നിൽക്കുമ്പോഴും 1986ൽ കാംചോറിനു വേണ്ടി പാടി രംഗം വിടാൻ തീരുമാനിക്കുകയായിരുന്നു കിഷോർ. ജന്മനാട്ടിൽ തിരിച്ചെത്തി വിശ്രമിക്കാനായിരുന്നു തീരുമാനം. 1987 ഒക്ടോബർ 13നു അശോക് കുമാറിന്റെ 76ാം പിറന്നാൾ ദിനത്തിൽ കിഷോറിന്റെ ഹൃദയതാളം നിലച്ചു. വക്ത് കി ആവാസ് എന്ന ചിത്രത്തിനു വേണ്ടി ഗ1988ൽ റിലീസ് ചെയ്തു) ആശാ ഭോസ്ലെയ്ക്കൊപ്പം ഗുരു ഗുരു എന്ന ഗാനം തലേന്നു റെക്കോർഡ് ചെയ്തിരുന്നു.

സ്വകാര്യ ജീവിതം ഹിറ്റായില്ല

സൂപ്പർ ഹിറ്റ് ഗായകന്റെ വ്യക്തിജീവിതം പക്ഷേ, താളപ്പിഴകളുടേതായിരുന്നു. നാലു തവണ വിവാഹിതനായെങ്കിലും സന്തുഷ്ടമായ കുടുംബജീവിതം അദ്ദേഹത്തിനു വിധിച്ചിട്ടില്ലായിരുന്നു. 1950ൽ ബംഗാളി അഭിനേത്രിയും ഗായികയുമായ രുമ ഘോഷിനെ വിവാഹം കഴിച്ചു. പിന്നണിഗായകനായ അമിത്കുമാർ ഈ ബന്ധത്തിലുണ്ടായ മകനാണ്. 1958ൽ രുമയുമായി പിരിഞ്ഞു. സിനിമയിലെ നായിക മധുബാലയായിരുന്നു കിഷോറിന്റെ ജീവിതത്തിലേക്കു വന്ന രണ്ടാമത്തെ ഭാര്യ. ഇരുവരുടെയും കുടുംബങ്ങൾ ശക്തമായ എതിർപ്പു തുടർന്നതിനാൽ ആ ബന്ധം സന്തുഷ്ടമായില്ല. 1969ൽ മധുബാല മരിച്ചു. 1976ൽ യോഗിത ബാലിയെ വിവാഹം കഴിച്ചെങ്കിലും രണ്ടു വർഷം മാത്രമായിരുന്നു ആ ദാമ്പത്യത്തിന് ആയുസ്സ്. 1980ൽ ലീന ചന്ദാവർക്കറെ വിവാഹം കഴിച്ച കിഷോറിനു മരണം വരെ അവരായിരുന്നു കൂട്ട്. ആ ബന്ധത്തിലാണു രണ്ടാമത്തെ മകൻ സുമിത് കുമാർ ജനിച്ചത്.

ആനന്ദ്: കൈവിട്ട സൗഭാഗ്യം

പാടാനും അഭിനയിക്കാനും കൃത്യമായി പ്രതിഫലം വാങ്ങുന്നതിൽ കണിശക്കാരനായിരുന്നു കിഷോർ കുമാർ. പകുതി മാത്രം പണം നൽകിയ സിനിമയുടെ സെറ്റിൽ മുഖത്തു പകുതി മേക്കപ്പുമായി എത്തിയതും പണം കടം വാങ്ങിയ സംവിധായകന്റെ സെറ്റിൽനിന്ന് ഷൂട്ടിങ്ങിനിടെ ഇറങ്ങിപ്പോയതും ചില സംഭവങ്ങൾ മാത്രം.

ഈ കടുംപിടിത്തത്തിൽ കൈവിട്ടു പോയ വലിയൊരു സംരംഭമാണ് ആനന്ദ്. ഹൃഷീകേശ് മുഖർജി കിഷോറിനെയും മെഹ്്മൂദിനെയും വച്ചു ചിത്രം ചെയ്യാൻ പദ്ധതിയിട്ടു. കഥാ ചർച്ചയ്ക്കായി മുഖർജി കിഷോറിന്റെ വീട്ടിലേക്കു ചെന്നു. എന്നാൽ കാവൽക്കാരൻ അദ്ദേഹത്തെ ഗേറ്റിൽ തടഞ്ഞു വഴക്കു പറഞ്ഞു തിരിച്ചയച്ചു. ഒരു സ്റ്റേജ് ഷോയ്ക്കു പണം നൽകാതിരുന്ന ബംഗാളി കാണാൻ വന്നാൽ ചീത്ത പറഞ്ഞ് ഓടിക്കണമെന്ന കിഷോറിന്റെ ആജ്ഞ അനുസരിച്ചതാണു ഭൃത്യൻ. ബംഗാളിയായ ഹൃഷീകേശ് മുഖർജിയെ കണ്ടപ്പോൾ കിഷോറിനെ പറ്റിച്ച ബംഗാളിയാണെന്നു കരുതി ഓടിക്കുകയായിരുന്നു അയാൾ. പിന്നീട് മെഹ്മൂദും ആ ചിത്രത്തിൽനിന്നൊഴിഞ്ഞു. ഹൃഷീകേശ് പിന്നീട് രാജേഷ് ഖന്നയെയും അമിതാഭ് ബച്ചനെയും അണിനിരത്തി ആനന്ദ് എന്ന ചിത്രം പുറത്തിറക്കിയത് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലേക്കാണ്.

എന്നാൽ, പ്രതിഫലത്തിനു വാശി പിടിച്ചിരുന്ന കിഷോർ ചിലപ്പോൾ പ്രതിഫലമില്ലാതെയും പലർക്കും സേവനം ചെയ്തിട്ടുണ്ട്. അവശരെ സഹായിക്കുന്നതിലും അദ്ദേഹം പിന്നിലായിരുന്നില്ല. അദ്ദേഹത്തിന്റെ പാട്ടിനിടയിൽ ഇടയ്ക്കു കടന്നു വരുന്ന സവിശേഷ ശബ്ദങ്ങൾ പോലെജീവിതത്തിലും അപ്രതീക്ഷിത സംഭവങ്ങൾ ധാരാളം. അതുകൊണ്ടാണല്ലോ കിഷോറിന്റെ കിറുക്കൻ കഥകൾക്കു ധാരാളം പ്രചാരം ലഭിച്ചതും.

തകർക്കാനാകാത്ത നേട്ടം

പിന്നണിഗായകനുള്ള ഫിലിം ഫെയർ അവാർഡ് എട്ടുതവണ നേടിയ കിഷോറിന്റെ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. മധ്യപ്രദേശ് സർക്കാറിന്റെ ലതാ മങ്കേഷ്കർ അവാർഡ് ലഭിച്ച ശേഷം കിഷോർ കുമാറിന്റെ പേരിലും എംപി സർക്കാർ അവാർഡ് ഏർപ്പെടുത്തി.

മലയാളവും വഴങ്ങി

എബിസിഡി ചേട്ടൻ കേഡി അനിയനു പേടി എന്ന അടിപൊളി ഗാനം മലയാളികൾക്കു സുപരിചിതമാണ്. അയോധ്യ എന്ന ചിത്രത്തിൽ നിത്യഹരിതനായകൻ പ്രേംനസീർ പാടിത്തകർത്ത ഈ ഗാനം കിഷോർ കുമാറാണ് ആലപിച്ചത്. 1975ൽ പുറത്തിറങ്ങിയ അയോധ്യയിലെ ഗാനരചന വയലാറും സംഗീതസംവിധാനം ജി. ദേവരാജനുമാണു നിർവഹിച്ചത്. മലയാളത്തിൽ കിഷോർ പാടിയ ഏകഗാനം ഇതാണ്.

അക്ഷരചിത്രം കൊണ്ട്ആരാധന

കിഷോർകുമാറിന്റെ ഓർമകൾക്കു മുന്നിൽ ആർട്ടിസ്റ്റ് വിജയന്റെ സ്നോഹോപഹാരം. കിഷോറിന്റെ പ്രശസ്തമായ 125 ഗാനങ്ങളുടെ ആദ്യവരികളുടെ അക്ഷരങ്ങൾകൊണ്ടു വരച്ച കിഷോറിന്റെ ചിത്രം ഇന്നു മുംബൈയിൽ നടക്കുന്ന അനുസ്മരണച്ചടങ്ങുകളിലെ മുഖ്യ ആകർഷണമാകും. ഇന്നലെ മുംബൈയിൽ നടന്ന ചടങ്ങിൽ ഈ ചിത്രത്തിന്റെ പ്രകാശനം നടന്നു. കഴിഞ്ഞ ജൂലൈ 31നു മുഹമ്മദ് റഫിയുടെ 32ാം ചരമവാർഷികദിനത്തിൽ റഫി ഗാനങ്ങൾ കൊണ്ടു വരച്ച ചിത്രം ആർട്ടിസ്റ്റ് വിജയൻ ആരാധകർക്കു സമർപ്പിച്ചിരുന്നു.