ഇന്ത്യയുടെ വാനമ്പാടിക്ക് 86-ാം ജന്മദിനം

ഇന്ത്യന്‍ സിനിമയുടെ ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ കടന്നുവന്ന ശബ്ദമാധുര്യം ലത മങ്കേഷ്കറിന് 86-ാം ജന്മദിനം. ഇന്ത്യയിലെ ഇരുപതിൽ അധികം ഭാഷകളിലായി ലത എന്ന വാനമ്പാടി പാടിയിരിക്കുന്നത് ഇരുപത്തിയെണ്ണായിരത്തിലധികം ഗാനങ്ങളാണ്. ഒരേ ഒരിന്ത്യ ഒരൊറ്റ ലത എന്ന് നിരൂപകർ പോലും വാഴ്ത്താറുള്ള ലത മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ ആറുമക്കളില്‍ മൂത്തയാളായി 1929ല്‍ ഇന്‍ഡോറില്‍ ജനിച്ചത്. കുഞ്ഞു ലതയ്ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്‍ ദീനനാഥ് തന്നെയായിരുന്നു.1942 ല്‍ പുറത്തിറങ്ങിയ കിടി ഹസാല്‍ എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ പിന്നണിഗാനരംഗത്തേയ്ക്കുള്ള അരങ്ങേറ്റം കുറിച്ചെങ്കിലും ആദ്യ ഗാനം പുറത്തിറങ്ങിയില്ല. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ദാരിദ്രത്തിലായ കുടുംബം പോറ്റാനായി സിനിമയില്‍ അഭിനയിച്ചുതുടങ്ങി ലതാമങ്കേഷ്‌കര്‍ 1942 മുതല്‍ 48 വരെ എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

1942 ല്‍ പുറത്തിറങ്ങിയ പാഹിലി മംഗള ഗോര്‍ എന്ന മറാത്തി ചിത്രത്തിന് വേണ്ടി പാടിയ നടലി ചൈത്രാചി എന്ന ഗാനമാണ് ലതാജിയൂടേതായി ആദ്യം പുറത്തിറങ്ങിയ ഗാനം. ആ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ലതാജി. 1943 ല്‍ പുറത്തിറങ്ങിയ ഗജാ ബാഹു എന്ന മറാത്തി ചിത്രത്തിലെ മാതാ ഏക് സപൂത് കി ദുനിയ ബദല്‍ ദേ തൂ എന്ന ഗാനമായിരുന്ന ലതയുടെ ആദ്യ ഹിന്ദി ഗാനം. ഗുലാം ഹൈദര്‍ സംഗീതസംവിധാനം നിര്‍വഹിച്ച മജ്ബൂര്‍ എന്ന ചിത്രത്തിലെ ദില്‍ മെരെ തോഡ എന്ന ഗാനം ലതയെ പ്രശസ്തയാക്കി. 1949ല്‍ ഖേംചന്ദ് പ്രകാശ് സംഗീതം നല്‍കിയ ആയേഗാ ആനേവാലാ (മഹല്‍) പാടിയതോടെ ഹിന്ദി സിനിമ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറി ലതാജി. ഇന്ത്യയൊട്ടാകെ ചലനം സൃഷ്ടിച്ച ആ ഗാനം ഹിന്ദി ചലച്ചിത്രസംഗീതത്തിലെ ഒരു നാഴികക്കല്ലായാണ് കരുതപ്പെടുന്നത്.

അതേവർഷം തന്നെ അന്ദാസ് (നൗഷാദ്), ബഡി ബഹന്‍ (ഹുസ്‌നലാല്‍ഭഗത്‌റാം), ബര്‍സാത്ത് (ശങ്കര്‍ജയ്കിഷന്‍), ബസാര്‍ (ശ്യാം സുന്ദര്‍), ദുലാരി (നൗഷാദ്) ഏക് ഥി ലഡ്കി (വിനോദ്), ലാഹോര്‍ (ശ്യാംസുന്ദര്‍ വിനോദ്) തുടങ്ങി നിരവധി ചിത്രങ്ങളില്‍ ലത പാടുകയുണ്ടായി. അമ്പതുകളില്‍ അനില്‍ ബിശ്വാസ്, നൗഷാദ്, ശങ്കര്‍ജയ്കിഷന്‍, സി.രാമചന്ദ്ര, സജ്ജാദ് ഹുസൈന്‍, ഹേമന്ത് കുമാര്‍, എസ്.ഡി. ബര്‍മന്‍, സലീല്‍ചൗധരി, വസന്ത് ദേശായി, ഹന്‍സ്‌രാജ് ബെഹ്ല്!, ശ്യാംസുന്ദര്‍, മദന്‍ മോഹന്‍, റോഷന്‍, ഖയ്യാം, ബോംബെ രവി തുടങ്ങി മെലഡിയുടെ വസന്തകാല സംഗീതശില്പികളുടെയെല്ലാം പ്രിയഗായികയായി ലതാ മങ്കേഷ്‌കര്‍. കൂടാതെ സലീന്‍ ചൗദരി, ആര്‍ഡി ബര്‍മ്മന്‍ എന്നിങ്ങനെ ബോളീവുഡിലെ പ്രശസ്ത സംഗീതസംവിധായകരുടെയെല്ലാം സ്ഥിരം ഗായികയായിമാറി ലത മങ്കേഷ്‌കര്‍.

1964 ജൂണ്‍ 27ന് ഇന്ത്യ ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കവി പ്രദീപ് എഴുതി സി രാമചന്ദ്ര ഈണം നല്‍കിയ ഹേ മേരെ വതന്‍ കി ലോഗോ എന്ന ദേശഭക്തിഗാനം ലതപാടുന്നത് കേട്ട് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ട്. 1980 കൾ മുതല്‍ സിനിമാ ഗാനങ്ങള്‍ പാടുന്നതു കുറച്ചെങ്കിലും പാടിയ പാട്ടുകളെല്ലാം തന്നെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നവയായിരുന്നു. 1969 ല്‍ പത്മഭൂഷണും 1989 ല്‍ ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരവും, 1999 ല്‍ പത്മവിഭൂഷണും, 2001 ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ ഭാരതരത്‌നം തുടങ്ങിയ നിരവധി പുരകാരങ്ങള്‍ നല്‍കി രാജ്യം ലതാജിയെ ആദരിച്ചു. കൂടാതെ മികച്ച ഗായികയ്ക്കുള്ള ദേശീയ, സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരങ്ങളും നിരവധി തവണ ലതാമങ്കേഷ്‌കറിനെ തേടി എത്തിയിട്ടുണ്ട്. ലക്ഷ്മീകാന്ത് പ്യാരേലാല്‍ കൂട്ടികെട്ടിന് വേണ്ടി 696 ഗാനങ്ങൾ ആലപിച്ചിട്ടുള്ള ലതാജി മുഹമ്മദ് റാഫിയുമായി ചേർന്ന് 440 ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. ലതാജി ഏറ്റവും അധികം പാട്ടുകൾ ഒന്നിച്ചു പാടിയ ഗായിക അനുജത്തി ആശാ ഭോസ്​ലെയാണ്. 74 ഗാനങ്ങളാണ് ഇരുവരും ചേർന്ന് അവിസ്മരണീയമാക്കിയത്.