ഓർമകൾക്ക് അഞ്ചാണ്ട്

മലയാള സിനിമാസംഗീതത്തിന് ലളിതവും മനോഹരവുമായ ഗാനങ്ങൾ സമ്മാനിച്ച എംജി രാധാകൃഷ്ണൻ ഓർമ്മയായിട്ടിന്ന് അഞ്ച് വർഷം. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ കാതോർത്ത് ഞാനിരുന്നു, ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ, എത്ര പൂക്കാലം, ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ, പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന, പഴം തമിഴ് പാട്ടിഴയും ശ്രുതിയിൽ, പാടുവാൻ ഓർമ്മകളിൽ, അല്ലിമലർക്കാവിൽ പൂരം കാണാൻ, നീലക്കുയിലേ ചൊല്ലൂ, അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ, സൂര്യ കിരീടം വീണുടഞ്ഞു, വന്ദേമുകുന്ദ ഹരേ തുടങ്ങിയ അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച എം ജി രാധാകൃഷൻ 2010 ജൂലൈ 2നാണ് നമ്മെ വിട്ടു പിരിഞ്ഞത്.

1940 ജൂലൈ 29 ന് പ്രശസ്ത ഹാർമോണിസ്റ്റും ശാസ്ത്രീയ സംഗീതജ്ഞനുമായിരുന്ന മലബാർ ഗോപാലൻ നായരുടേയും ഗായികയും സംഗീതാധ്യാപികയുമായിരുന്ന കമലാക്ഷിയമ്മയുടേയും മകനായി ജനിച്ച എംജിരാധാകൃഷ്ണൻ ചെറുപ്പത്തിലെ തുടങ്ങി സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. തിരുവന്തപുരം സ്വാതി തിരുന്നാൾ അക്കാദമിയിൽ നിന്ന് സംഗീതം പഠനം പൂർത്തിയാക്കിയ എംജി രാധാകൃഷ്ണൻ 1962 ൽ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു. ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ള അദ്ദേഹം ജി അരവിന്ദന്റെ തമ്പിലൂടെയാണ് സിനിമാ സംഗീതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

ലളിത സംഗീതത്തിന്റെ ചേരുവകൾ സിനിമാ സംഗീതത്തിലും പ്രയോഗിച്ച അദ്ദേഹം തുടർന്ന് നിരവധി ചിത്രങ്ങൾക്ക് വേണ്ടി സംഗീതം പകർന്നു. സർവ്വകലാശാല, ഞാൻ ഏകനാണ്, അച്ഛനെയാണെനിക്കിഷ്ടം, മണിച്ചിത്രത്താഴ്, ദേവാസുരം, അദ്വൈതം, മിഥുനം, അഗ്നിദേവൻ, കണ്ണെഴുതി പൊട്ടുംതൊട്ട്, രക്തസാക്ഷികൾ സിന്ദാബാദ്, വെള്ളാനകളുടെ നാട്, കാറ്റ് വന്ന് വിളിച്ചപ്പോൾ, അനന്തഭദ്രം തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പാട്ടുകൾ ചെയ്തിട്ടുള്ള അദ്ദേഹത്തെ തേടി കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം രണ്ട് വട്ടമെത്തിയിട്ടുണ്ട്. മലയാള ചലചിത്ര ഗാനരംഗത്തിനും ലളിത സംഗീത രംഗത്തിനും നിരവധി സംഭാവനകൾ നൽകിയ എംജി രാധാകൃഷ്ണൻ 2010 ജൂലൈ 2ന് നമ്മെ വിട്ട് പിരിഞ്ഞപ്പോൾ കേരളത്തിന്റെ സംഗീതലോകത്തിന് അത് തീരാനഷ്ടം തന്നെയായിരുന്നു.