പ്രണയിക്കുന്ന മനസ്സില്‍ ഇന്നും നൊമ്പരം ഈ ഗാനം

മ്യൂസിക്ക് വീഡിയോ, ആല്‍ബം എന്നീ ആശയങ്ങളെക്കുറിച്ച് മലയാളികള്‍ ചിന്തിച്ച് തുടങ്ങും ‘മുമ്പേ’ പറന്ന പക്ഷിയാണ് ‘വാലന്‍റെന്‍സ് ഡേ’ എന്ന മ്യൂസിക്ക് വീഡിയോ. ‘വാലന്‍റെന്‍സ് ഡേ’യിലെ ‘നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും പിരിഞ്ഞു പോകും വിഷാദ യാമം’ എന്ന ഗാനം പിറവിയെടുത്തിട്ട് 17 വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവരുടെ മനസ്സില്‍ ഇന്നും നൊമ്പരം പടര്‍ത്തുന്ന ഗൃഹതുരത്വം ഉണര്‍ത്തുന്ന ഈ ഗാനത്തിന്‍റെ പാട്ട് വഴികളിലൂടെയൊരു യാത്ര.  

99’ലെ വാലന്‍റെന്‍സ് ഡേ സമ്മാനം 

1999ലെ വാലന്‍റെന്‍സ് ദിനത്തിലാണ് ‘നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും’ എന്ന ഗാനം മലയാളിയുടെ സ്വീകരണമുറിയിലേക്കു വിരുന്നെത്തുന്നത്. ഒന്നര പതിറ്റാണ്ടിനിടെ മലയാളത്തില്‍ ആയിരക്കണക്കിനു സംഗീത ആല്‍ബങ്ങള്‍ പുറത്തിറങ്ങിയെങ്കിലും അന്നും ഇന്നും ക്യാംപസുകളുടെ പ്രിയഗാനമായ് ‘നിറഞ്ഞ മിഴിയും’ യാത്ര തുടരുന്നു. 

പ്രണയത്തിന്‍റെ തീവ്രതയും വേര്‍പാടിന്‍റെ വേദനയും വരികളില്‍ നിറച്ചത് മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ഗിരീഷ് പുത്തഞ്ചേരിയാണ്. സുജാതയും ഉണ്ണികൃഷണനും ചേര്‍ന്നാണ് പിന്നണി തീര്‍ത്തത്. എന്നാല്‍ പാട്ടിന്‍റെ കടുത്ത ആരാധകര്‍ക്കു പോലും ഇതിന്‍റെ സംഗീത സംവിധായകന്‍ ആരാണെന്നു നിശ്ചയം ഉണ്ടായിരുന്നില്ല. പാട്ടിന്‍റെ പിറവി തേടിയുള്ള യാത്ര അവസാനിച്ചത് ചെന്നൈയിലെ റെക്കോര്‍ഡിങ് സ്റ്റുഡിയോയിലാണ്. ‘ആദാമിന്‍റെ മകന്‍ അബു’വിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ഐസക്ക് തോമസ് കൊട്ടുകാപ്പള്ളിയാണ് ആല്‍ബത്തിന്‍റെ സംവിധായകനും സംഗീത സംവിധായകനും. 

പാട്ട് പിറന്നത് പത്തു ദിവസം കൊണ്ട്

പെട്ടെന്നുണ്ടായൊരു ചിന്തയില്‍ നിന്നാണു ‘വാലന്‍റെന്‍സ് ഡേ’ ആല്‍ബത്തിന്‍റെ പിറവി. അജിത് ഭാസ്കരനും ഏഷ്യാനെറ്റിന്‍റെ സ്ഥാപകനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ ശശികുമാറുമായിരുന്നു ആല്‍ബത്തിനു പിന്നിലെ പ്രചോദനം. 99ലെ വാലന്‍റെന്‍സ് ദിനത്തിനു 10 ദിവസം മുമ്പാണ് ഇങ്ങനെയൊരു ആല്‍ബം ചെയ്യാന്‍ തീരുമാനിക്കുന്നത്. ആല്‍ബത്തിനു വേണ്ടി അ‍ഞ്ചു ഗാനങ്ങളാണ് ഐസക്ക് ചിട്ടപ്പെടുത്തിയത്. സ്കൂള്‍ കാലഘട്ടത്തില്‍ തുടങ്ങി വിവാഹം വരെ നീളുന്ന പ്രണയത്തിന്‍റെ അഞ്ചു ഘട്ടങ്ങളാണ് അഞ്ചു ഗാനങ്ങളിലൂടെ പറയാന്‍ ശ്രമിച്ചത്. എന്നാല്‍ സമയക്കുറവും സാമ്പത്തിക പരാധീനതകളും കാരണം രണ്ടു ഗാനങ്ങളുടെ ചിത്രീകരണം മാത്രമേ നടന്നുള്ളു.

കോട്ടയം സിഎംഎസ് കോളജിന്‍റെയും എറണാകുളം സെന്‍റ് ആല്‍ബര്‍ട്ട്സ് കോളജിന്‍റെയും പശ്ചാത്തലത്തിലൊരുക്കിയ ‘നിറഞ്ഞ മിഴിയും’ ഗാനത്തിന്‍റെ കംപോസിങ്ങും റെക്കോര്‍ഡിങ്ങും ഷൂട്ടിങ്ങും രണ്ടാഴ്ച കൊണ്ടു പൂര്‍ത്തിയായി. 

പ്രണയം തുളുമ്പുന്ന ഫ്രെയിമുകള്‍

വരികള്‍ക്കും സംഗീതത്തിനുമൊപ്പം ആല്‍ബത്തിന്‍റെ ഓരോ ഫ്രെയിമുകളും മികവുറ്റതായിരുന്നു. ചലച്ചിത്ര ഛായാഗ്രാഹകന്‍ എസ്. കുമാറാണ് ആല്‍ബത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്. ബ്ലാക്ക് ആന്‍റ് വൈറ്റിന്‍റെയും കളറിന്‍റെയും സാധ്യതകള്‍ ഒരുപോലെ പ്രയോജനപ്പെടുത്തിയായിരുന്നു ചിത്രീകരണം. ഐസക്ക് തോമസിന്‍റെ ആത്മാര്‍ഥ സുഹൃത്ത് ഷാജി എന്‍. കരുണ്‍ അദ്ദേഹത്തിന്‍റെ ‘സ്വം’ എന്ന ചിത്രത്തില്‍ ഈ സാധ്യത പരീക്ഷിച്ചിരുന്നു. അതില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ഇത്തരത്തിലൊരു കളര്‍ടോണ്‍ പരീക്ഷണം ആല്‍ബത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ എസ്. കുമാറിനു നിര്‍ദ്ദേശം നല്‍കുന്നത്.

ഐസക്ക് തോമസിന്‍റെ കുടുംബ സുഹൃത്ത് വഴിയെത്തിയ അജയ് തോമസായിരുന്നു ആല്‍ബത്തിലെ നായകന്‍. അജയ് പിന്നീട് ജയരാജിന്‍റെ ‘റെയിന്‍ റെയിന്‍ കം എഗൈനി’ല്‍ നായകനായി. നായികയായി അഭിനയിച്ച പെണ്‍കുട്ടിയുടെ പേരു ഓര്‍ത്തെടുക്കാന്‍ സംവിധായന് ഇപ്പോള്‍ കഴിയുന്നില്ല ചെന്നൈയില്‍ മോഡലിങ്, ഡബ്ബിങ് രംഗങ്ങളില്‍ അന്ന് സജീവമായിരുന്നു അന്ന് നായിക. 

സ്വപ്ന ഗാനം ബാക്കി

ആല്‍ബത്തിനു വേണ്ടി ഈണമിട്ട ഗാനങ്ങളില്‍ ഐസക്ക് തോമസിനു ഏറ്റവും പ്രിയപ്പെട്ട ഗാനം സ്കൂള്‍ വിദ്യാര്‍ഥികളുടെ പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഗാനമായിരുന്നു. അതിലെ ഓരോ രംഗങ്ങളും അദ്ദേഹം മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നു. ലൊക്കേഷനുകളും അഭിനയിക്കാനുള്ള ബാലതാരങ്ങളുടെ തിര‍ഞ്ഞെടുപ്പുമെല്ലാം നടന്നെങ്കിലും ആല്‍ബം ചിത്രീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇന്നും ഏറെ സാധ്യതയുള്ള വളരെ കളര്‍ഫുളായ ഒരു സബ്ജക്റ്റാണ് ഗാനത്തിന്‍റേതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മറ്റൊരു വാലന്‍റെന്‍സ് ഡേ സമ്മാനമായി ആ ഗാനം പിറവിയെടുക്കുമെന്ന് പ്രതീക്ഷിക്കാം 

വരികള്‍:

നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും

പിരി‍‍ഞ്ഞു പോകും വിഷാദ യാമം

വിരിഞ്ഞൊരഴകുകള്‍ പൊഴിഞ്ഞു വീഴ്കെ 

ഇതളിടുമോര്‍മകള‍ മിഴിപൊത്തി കരയവെ                                                                                                                                     (നിറഞ്ഞ)

എത്ര മനോഹര രാത്രിയില്‍ നമ്മള്‍

സ്വപ്നപതംഗ ചിറകേറി

പകല്‍ക്കിനാവില്‍ പറന്നു പാറി

നിലാവിലുയരും വിമാനമേറി

നിറങ്ങള്‍ പൊതിയും കിനാവു തേടി

പാട്ടില്‍ നുരയും സ്വരങ്ങള്‍ ചൂടി

യാത്രയാവും കിളികളെ തേടി

എത്രയകന്നു കഴിഞ്ഞാലും നീ

ഏതു തുരുത്തില്‍ മറഞ്ഞാലും

നിറഞ്ഞൊരിരുളില്‍ തുഴഞ്ഞു വരവേ

എന്‍ കിനാവിന്‍ മണ്‍തോണിയില്‍ നീ

ഒരു നിഴലായ് വിരുന്നു വരില്ലേ അഴകേ

ജന്മം...പലകോടികള്‍ പെയ്തു കഴിഞ്ഞാലും...

നിറഞ്ഞ മിഴിയും തളര്‍ന്ന മൊഴിയും

പിരി‍‍ഞ്ഞു പോകും വിഷാദ യാമം