നാടകത്തിൽ നാടൻ, സിനിമയിൽ കവി

‘നീരാടുവാൻ നിളയിൽ നീരാടുവാൻ

നീയെന്തേ വൈകിവന്നൂ പൂന്തിങ്കളേ...’

എന്നു ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിൽ ചന്ദ്രനോട് ചോദിച്ച ഒഎൻവി കുറുപ്പ്

‘അമ്പിളിയമ്മാവാ

താമരക്കുമ്പിളിലെന്തുണ്ട്

കുമ്പിട്ടിരുപ്പാണോ മാനത്തെ

കൊമ്പനാനപ്പുറത്ത്?’

എന്നാണ്, ‘മുടിയനായ പുത്രൻ’ എന്ന നാടകത്തിൽ ചോദിച്ചത്.

‘നമ്രശീർഷരായ് നിൽപൂ നിൻ മുന്നിൽ

കമ്രനക്ഷത്ര കന്യകൾ’

എന്ന ക്ലേശപദങ്ങൾ സിനിമയിൽ ഉപയോഗിച്ച ഒഎൻവി

‘വള്ളിക്കുടിലിൻ ഉള്ളിലിരിക്കും

പുള്ളിക്കുയിലേ പാടൂ...’എന്ന് ആർക്കും മനസ്സിലാകുന്ന വാക്കുകളാണ് ‘സർവേക്കല്ല്’ എന്ന നാടകത്തിൽ എഴുതിയത്.

കേൾവിക്കാരനെ ഇത്രമാത്രം മുന്നിൽക്കണ്ട് തൂലികയെടുത്ത മറ്റൊരു ഗാനരചയിതാവ് മലയാളത്തിലില്ല എന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. സിനിമയ്ക്കും നാടകത്തിനും തികച്ചും വ്യത്യസ്തമായ രചനാശൈലിയാണ് അദ്ദേഹം അവലംബിച്ചത്. പാട്ടുകളെ കവിതയോടടുപ്പിച്ചു എന്നതായിരുന്നു ഒഎൻവിയുടെ സിനിമാഗാനങ്ങളുടെ പ്രത്യേകതയെങ്കിൽ, പച്ചമനുഷ്യരുടെ പതിവു സംഭാഷണങ്ങളോടു ചേർന്നുനിൽക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ നാടകഗാനങ്ങളുടെ പ്രത്യേകത.

യേശുദാസിനും ദക്ഷിണാമൂർത്തിക്കുമൊപ്പം ഒഎൻവി

സാധാരണക്കാരോടും കർഷത്തൊഴിലാളികളോടും സംവദിച്ചിരുന്ന കെപിഎസിയുടെ നാടകങ്ങൾക്കുവേണ്ടി അദ്ദേഹം എഴുതിയ ഗാനങ്ങൾ നോക്കൂ

‘കാറ്റിൻ കയ്യിൽ കൊടുത്താലേ ഇത്

പൊട്ടിച്ചെറിഞ്ഞു കളയൂല്ലേ

പാട്ടുകാരി കിളി ചോദിച്ചാൽനിന്റെ

പാട്ടിനുപോകാൻ പറയൂല്ലേ...’

എന്ന ‘ചെപ്പുകുലുക്കണ ചങ്ങാതീ...’ എന്ന ഒറ്റ ഗാനം മതി ആ രചനാവൈഭവത്തിന് ഉദാഹരണമായി. തികച്ചും ലളിതമായ പദങ്ങൾ മാത്രമല്ല, കൃത്യമായ പ്രാസവിന്യാസത്തിലൂടെ കേൾവിക്കാരുടെ മനസ്സിൽ ഒറ്റക്കേൾവിക്കു പാട്ടു പതിയാനുള്ള തന്ത്രങ്ങളും അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. ഈ തന്ത്രംകൊണ്ടാണ് ആ പാട്ടുകളെല്ലാം കേരളക്കരയാകെ പടർന്നത്.

1948ൽ കൊല്ലം അഷ്ടമുടിക്കായലിലെ ഒരു വള്ളപ്പുരയിലിരുന്ന് എഴുതിയ ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ...’ ആയിരുന്നു ഒഎൻവിയുടെ ആദ്യ നാടകഗാനം. ഇത് കവിതയായി എഴുതിയതാണെങ്കിലും പിന്നീട് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ (1952) എന്ന നാടകത്തിൽ ഉപയോഗിച്ചു. ഗാനം പ്രസിദ്ധമായതിനെ തുടർന്ന് ഗാനശില്പികളായ ഒഎൻവിയും ദേവരാജനും കെപിഎസിയുടെ അവിഭാജ്യ ഘടകമാവുകയായിരുന്നു. പിന്നീടു കാളിദാസ കലാകേന്ദ്രമടക്കം പല നാടകസമിതികൾക്കു വേണ്ടിയും നൂറുകണക്കിനു ഗാനങ്ങൾ ഒഎൻവി എഴുതി. 2014ൽ പ്രണയസാഗരം (സംഗീതം: എം.കെ. അർജുനൻ) എന്ന നാടകംവരെ ഈ സംഭാഷണ സ്വഭാവമുള്ള രചനാരീതി അദ്ദേഹം സൂക്ഷിച്ചു.

വെള്ളാരംകുന്നിലെ (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി), മാരിവില്ലിൻ തേന്മലരേ, ഈ മണ്ണിൽ വീണ (സർവേക്കല്ല്), തുഞ്ചൻപറമ്പിലെ തത്തേ, ഇല്ലിമുളം കാടുകളിൽ, ഉയരുകയായ് യവനിക(മുടിയനായ പുത്രൻ), വരൂ യുഗപ്രഭാതമേ (പുതിയ ആകാശം പുതിയ ഭൂമി), പൂക്കാരാ പൂക്കാരാ, കാലം കൈകളിലേറ്റുവാങ്ങിയ (ഡോക്ടർ), മാനത്തെ മഴവില്ലിന്നേഴു നിറം (കാക്കപ്പൊന്ന്), അത്തിക്കായ്കൾ പഴുത്തല്ലോ (അൾത്താര), മധുരിക്കും ഓർമകളേ (ജനനീ ജന്മഭൂമി)... തുടങ്ങിയ നാടകഗാനങ്ങളിൽ ഒന്നുപോലും ആസ്വാദകരിൽനിന്ന് അൽപംപോലും ക്ലേശം ആവശ്യപ്പെടുന്നില്ല.

എല്ലാ പാട്ടുകളും തൊട്ടടുത്തുനിന്ന് ആരോ നമ്മോട് ഈണത്തിൽ സംസാരിക്കുന്നതുപോലെ... അർഥം അന്വേഷിക്കേണ്ട ഒരു വാക്കുപോലും അദ്ദേഹം നാടകഗാനങ്ങളിൽ ഉപയോഗിച്ചിട്ടില്ല. എന്നാൽ, സിനിമാഗാനങ്ങളിൽ അദ്ദേഹത്തിലെ കവി ഉണരുന്നു

ശരദിന്ദു മലർദീപ നാളംനീട്ടി

സുരഭില യാമങ്ങൾ ശ്രുതിമീട്ടി (ഉൾക്കടൽ),

ആരെയും ഭാവഗായകനാക്കും

ആത്മസൗന്ദര്യമാണു നീ (നഖക്ഷതങ്ങൾ),

വാതിൽപ്പഴുതിലൂടെൻമുന്നിൽ

കുങ്കുമം വാരിവിതറും ത്രിസന്ധ്യപോകെ (ഇടനാഴിയിൽ ഒരു കാലൊച്ച),

ശ്യാമസുന്ദര പുഷ്പമേ, എന്റെ

പ്രേമസംഗീതമാണു നീ (യുദ്ധകാണ്ഡം)...

എന്നൊക്കെ കവിതയായ ഗാനങ്ങൾ. രചനാസ്വാതന്ത്ര്യം കുറവാണ് സിനിമാഗാനങ്ങൾ‌ക്ക്. സന്ദർഭത്തിനൊത്തും സംഗീതത്തിനൊത്തും എഴുതേണ്ട പരിമിതികളിൽപ്പെട്ട് ഭാഷ വികലമാക്കാത്ത വിരലിലെണ്ണാവുന്ന ഗാനരചയിതാക്കളിൽ ഒരാളാണ് അദ്ദേഹം.

പ്രണയവും വിരഹവും അടക്കമുള്ള ഏതു വികാരം കൈകാര്യം ചെയ്തപ്പോഴും സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചിട്ടില്ല അദ്ദേഹത്തിന്റെ ഗാനങ്ങൾ. തരള കപോലങ്ങൾ നുള്ളി നോവിക്കാതെ തഴുകാതെ നോക്കി നിൽക്കുന്ന....(ഒരു ദലം മാത്രം–ജാലകം) അത്മനിയന്ത്രണമുള്ള നായകരാണ് അദ്ദേഹത്തിന്റേത്. അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന് ഒരുമാത്ര വെറുതേ നിനയ്ക്കുന്നു അവൻ (നീയെത്ര ധന്യ)

ഈ നദിതൻ മാറിലാരുടെ

കൈവിരൽപ്പാടുകൾ ഉണരുന്നു (സാഗരങ്ങളേ...പഞ്ചാഗ്നി)

എന്ന ധ്വനിഭംഗിയിൽ അദ്ദേഹം ശൃംഗാരരംഗങ്ങളിൽ സംയമനം പുലർത്തുന്നു. ഇക്കാര്യത്തിൽ അദ്ദേഹം വയലാർ അടക്കമുള്ള മലയാളത്തിലെ മറ്റെല്ലാ ഒന്നാംനിര എഴുത്തുകാരിൽനിന്നും വ്യത്യസ്തനാവുന്നു. അദ്ദേഹത്തിന് ദേശീയ പുരസ്കാരം ലഭിച്ച വൈശാലിയിലെ ഗാനങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും എടുത്തുപറയേണ്ടത്.

‘ഉന്മത്തകോകിലത്തിൻ ആലാപശ്രുതികേൾക്കേ

പെൺകുയിൽ ചിറകടിച്ചുയർന്നതെന്തേ

അതിൻപൊരുൾ നിനക്കേതും അറിയില്ലല്ലോ...’

എന്ന വരികളൊക്കെ ആ കഥാസന്ദർഭത്തിന്റെ മിഴിവ് കയ്യൊതുക്കത്തോടെ ആയിരംമടങ്ങ് പ്രകാശിപ്പിക്കുന്നത് എക്കാലവും വിസ്മയത്തോടെ മാത്രമേ ആസ്വദിക്കാനാവൂ. ആ സിനിമയിലെ പാട്ടുകൾ തീർച്ചയായും ദേശീയ പുരസ്കാരം അർഹിക്കുന്നു. മലയാളത്തിലെ പല ഗായകരും സംഗീതമിട്ടിട്ട് എഴുതിയപ്പോൾ പതറുന്നതു നാം കണ്ടിട്ടുണ്ട്. പക്ഷേ, ഒഎൻവി ഇക്കാര്യത്തിലും അസൂയാർഹമായ പ്രതിഭ പുലർത്തി.

‘സാഗരമേ ശാന്തമാകനീ, മാടപ്രാവേ വാ, സന്ധ്യേ കണ്ണീരിതെന്തേ, മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി, ഇന്ദ്രനീലിമയോലും... തുടങ്ങിയ പാട്ടുകളൊക്കെ ഇത്തരത്തിൽ എഴുതിയതാണെന്നു നമുക്കു വിശ്വസിക്കാൻ കഴിയുമോ?

ഇങ്ങനെ, ഓരോ പാട്ടിലും ഓരോതരത്തിലുള്ള അവിശ്വസനീയതയാണ് ഒഎൻവി. അദ്ദേഹത്തിന്റെ അനന്യത നാം ഏറെയൊന്നും മനസ്സിലാക്കിയിട്ടില്ല എന്നു കാലം നമ്മോടു പറയാൻ പോകുന്നതേയുള്ളൂ.

ഈ വയൽപ്പുക്കൾപ്പോൽ നാം കൊഴിഞ്ഞാലും

ഈ വഴിയിലാകെ അവ പൂത്തുനിൽക്കും.