നാദം നിലച്ച സിത്താറിനിന്ന് ജന്മദിനം

സിത്താറിന്റെ തന്ത്രികളിൽ മാന്ത്രികത നിറച്ച് ലോകത്ത വിസ്മയിപ്പിച്ച സിത്താർ വാദകൻ പണ്ഡിറ്റ് രവിശങ്കറിന്റെ 95–ാം ജന്മദിനം ഇന്ന്. ഗംഗാതടത്തിൽനിന്ന് സിത്താറിനെയും ഇന്ത്യൻരാഗങ്ങളെയും കടലുകൾ കടന്ന് ലോകവേദിയിലെത്തിച്ച മാസ്മരിക വാദകനാണ് പണ്ഡിറ്റ് രവിശങ്കർ. വാരാണാസിയിൽ ശ്യാം ശങ്കറിന്റെയും ഹേമാംഗിനി ദേവിയുടെയും മകനായി 1920 ഏപ്രിൽ ഏഴിനാണു ജനനം. ജ്യേഷ്ഠസഹോദരനായ വിശ്രുതനർത്തകൻ ഉദയശങ്കറിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ രവിശങ്കർ നൃത്തം വിട്ട് സിത്താറിനെ വരിക്കുകയായിരുന്നു. പ്രശസ്ത സംഗീതജ്ഞൻ ഉസ്താദ് അല്ലാവുദ്ദീൻഖാന് കീഴിലാണ് അദ്ദേഹം സിത്താർ അഭ്യസിച്ച് തുടങ്ങിയത്.

പത്തൊൻപതാമത്തെ വയസ്സിൽ അലഹബാദിൽ വെച്ച് നടത്തിയ പരിപാടിയിൽ അരങ്ങേറ്റം കുറിച്ച രവിശങ്കർ 1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സിത്താറിന്റെ തനത് പാരമ്പ്യത്തിൽ നിന്ന് വ്യതിചലിച്ച് രാഗവും താളവും അവതരണവും കൊണ്ട് ഇന്ത്യൻ സംഗീതത്തെ കൂടുതൽ പ്രശസ്തവും സ്വീകാര്യതയുള്ളതുമാക്കാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയത്. 1954ൽ സോവിയറ്റ് യൂണിയനിലായിരുന്നു ഇന്ത്യയ്ക്ക് പുറത്ത് രവിശങ്കർ അവതരിപ്പിച്ച ആദ്യ പരിപാടി. പിന്നീട് യൂറോപ്പ്, ഉത്തര കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

വിവിധ സംഗീതത്തെ യോജിപ്പിക്കാനുള്ള രവിശങ്കറിന്റെ കഴിവ് തിരിച്ചറിഞ്ഞതാണ് ബീറ്റിൽസിലെ ജോർജ് ഹാരിസണെ അദ്ദേഹത്തിലേക്കെത്തിച്ചത്. പണ്ഡിറ്റിൽ നിന്ന് സിത്താറിന്റെ രാഗങ്ങൾ പഠിച്ച ഹാരിസൺ പശ്ചാത്യ ലോകത്ത് സിത്താറിനെ കൂടുതൽ പ്രശസ്തിയിലെത്തിച്ചു. വയലിനിസ്റ്റായ യഹൂദി മെനുഹിൻ, പാശ്ചാത്യ ഫ്ളൂട്ടിസ്റ്റായ പെരെ റസാൽ, ജാപ്പനീസ് ഫ്ളൂട്ടിസ്റ്റായ ഷകുഹാച്ചി, കോട്ടോ വിദഗ്ധനായ സുസുമു മിയാഷിത എന്നിവരുമായി ചേർന്നു പ്രവർത്തിച്ചിട്ടുള്ള പണ്ഡിറ്റിന്റെ ഫ്യൂഷൻ സംഗീതവും ജനപ്രിയമായിരുന്നു. ഇന്ത്യയിൽ നിന്നും ഒരു സംഗീതജ്ഞർക്കും കിട്ടാത്ത സ്വീകാര്യതയാണ് പാശ്ചാത്യലോകത്ത് അദ്ദേഹത്തിന് ലഭിച്ചത്.

സത്യജിത്ത് റായിയുടെ മൂന്നു ഭാഗങ്ങളിലായുള്ള അപുത്രയത്തിന്റെ (പഥേർ പാഞ്ചലി, അപുർ സർസാർ, അപരാജിതോ), റിച്ചാർഡ് ആറ്റൻബറോവിന്റെ ‘ഗാന്ധി‘ എന്നിവയിലെ സംഗീതം അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി. 1975ൽ യുനെസ്കോ ഇന്റർനാഷണൽ മ്യൂസിക്ക് കൗൺസിൽ അവാർഡ് അടക്കം ഇന്ത്യക്കകത്തും പുറത്തുമുള്ള പല പ്രധാന ബഹുമതികളും ആ സിത്താർ തന്ത്രികളെ തേടിയെത്തിയിട്ടുണ്ട്. ലോകം മുഴുവൻ ഇന്ത്യൻ സംഗീതത്തിന്റെ സുഗന്ധം പരത്തിയ അദ്ദേഹത്തെ തേടി 1967ൽ പത്മഭൂഷണും 1981ൽ പത്മവിഭൂഷണും എത്തി. 1999ൽ രാജ്യം അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു. മൂന്നു തവണ ഗ്രാമി പുരസ്കാരം നേടിയ അദ്ദേഹത്തിന് ഗാന്ധി എന്ന ചിത്രത്തിന് സംഗീതം നിർവ്വഹിച്ചതിന് ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

ജീവിതാവസാനം വരെ സംഗീതത്തിനൊപ്പം സഞ്ചരിച്ച പണ്ഡിറ്റ് രവിശങ്കർ 2012 ഡിസംബർ 11ന് തന്റെ 92–ാം വയസിലാണ് ഇഹലോകവാസം വെടിയുന്നത്. സിത്താറില്ലാതെ ജീവിക്കാനാവില്ല, സിത്താർ എനിക്ക് ഭക്ഷണംപോലെയാണ് എന്ന് അഭിമാനപൂർവം തുറന്നു പറഞ്ഞ പണ്ഡിറ്റ് രവിശങ്കർ പിൻവാങ്ങുമ്പോൾ, ആ സിത്താറും അനേകം സംഗീതഹൃദയങ്ങളും ശോകമൂകമായിരിക്കുന്നു.