പോൾ മെക്കാർട്ടിനിക്കിന്ന് 73–ാം പിറന്നാൾ

ഗിത്താറുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പ്രശസ്ത സംഗീതജ്ഞൻ സർ ജെയിംസ് പോൾ മെക്കാർട്ടിനിക്കിന്ന് 73–ാം പിറന്നാൾ. 1942 ജൂൺ 18 ന് ഇംഗ്ലണ്ടിലെ ലിവർപൂളിൽ മേരിയുടേയും ജെയിംസിന്റേയും മകനായി ജനിച്ച പോൾ, ദ ബീറ്റിൽസ് എന്ന സംഗീത സംഘത്തിലൂടെയാണ് പ്രശസ്തനാവുന്നത്. 1957 ൽ തന്റെ 15–ാം വയസിൽ ജോൺ ലിനോനുമായി ചേർന്ന് ദ ക്വറിമെൻ എന്ന സംഗീത സംഘം രൂപീകരിച്ചുകൊണ്ട് പോൾ തന്റെ സംഗീതജീവിതം ആരംഭിക്കുന്നത്. തുടർന്ന് 1960 ൽ ഇവർ തങ്ങളുടെ സംഘത്തിന്റെ പേര് ദ ബീറ്റിൽസ് എന്നാക്കി മാറ്റി. പിന്നീടുള്ള പത്ത് വർഷം ദ ബീറ്റിൽസിന്റെ കാലമായിരുന്നു. ലോകത്തെ ഏറ്റവും പ്രശസ്ത സംഗീതം സംഘമായി മാറി ബീറ്റിൽസ്.

1970 ൽ ബീറ്റിൽസ് പിരിഞ്ഞതിന് ശേഷം സ്വതന്ത്രമായി ഗാനങ്ങൾ പുറത്തിറക്കിയ മെക്കാർട്ടിനി ഇന്ന് സംഗീത ലോകത്തെ അതികായന്മാരിലൊരാളാണ്. ഗിത്താർ, കീബോർഡ്, ഡ്രം, ടേപ്പ് ലൂപ്സ് തുടങ്ങിയ നിരവധി സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന മെക്കാർട്ടിയുടെ ആദ്യ സോളോ ആൽബം 1970 ൽ പുറത്തിറങ്ങിയ മെക്കാർട്ടിനിയാണ്. തുടർന്ന് തന്റെ ഭാര്യ ലിൻഡ മെക്കാർട്ടിനിയുമായി ചേർന്ന് വിങ്സ്് എന്ന പേരിലൊരു ബാൻഡ് മെക്കാർട്ടിനി സ്ഥാപിച്ചു. 1970 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ ഏഴ് ആൽബങ്ങൾ വിങ്സ് പുറത്തിറക്കിയിട്ടുണ്ട്.

ലോകത്ത് ഏറ്റവും അധികം ആൽബങ്ങളും സിംഗിളുകളും വിറ്റിട്ടുള്ള പോപ്പ് താരങ്ങളിലൊരാളാണ് പോൾ മെക്കാർട്ടിനി. 10 കോടി ആൽബങ്ങളും 10 കോടി സിംഗിളുകളും മെക്കാർട്ടിനിയുടേതായി ലോകത്ത് വിറ്റുപോയിട്ടുണ്ട്. 60 ഗോൾഡ് ഡിസ്കുകളും മെക്കാർട്ടിനി സ്വന്തമാക്കിയിട്ടുണ്ട്. റോക്ക് ആന്റ് റോൾ ഹാൾ ഓഫ് ഫ്രെയിംസിൽ ദ ബീറ്റിൽസിലെ അംഗമായും, സോളോ ആർട്ടിസ്റ്റായും പോൾ മെക്കാർട്ടിനി ഇടംപിടിച്ചിട്ടുണ്ട്. റോളിങ് സ്റ്റോണിന്റെ എക്കാലത്തെയും മഹാനായ 100 സംഗീതജ്ഞരുടെ പട്ടികയിൽ ഇടംപിടിച്ച മെക്കാർട്ടിനിക്ക് 21 ഗ്രാമി പുരസ്കാരങ്ങളും, എട്ട് ബ്രിറ്റ് പുരസ്കാരങ്ങളും, ഒരു അക്കാദമി പുരസ്കാരവുമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.