ഈണങ്ങളുടെ കടൽയാത്ര

എ.ആർ. റഹ്മാൻ, മജീദ് മജീദി, പെലെ

ഇതൊരു സങ്കൽപ ചിത്രമാണ്. ഈ മൂന്നു പേർ: ബ്രസീൽ ലോകത്തിനു സമ്മാനിച്ച ഫുട്‌ബോൾ ഇതിഹാസം എഡ്‌സൺ അരാന്റസ് ദൊ നാസിമെന്റോ എന്ന പെലെ, വിശ്രുത ഇറാനിയൻ സംവിധായകനായ മജീദ് മജീദി എന്നിവർക്കൊപ്പം നമ്മുടെ സ്വന്തം എ.ആർ. റഹ്‌മാനും.

ഇല്ല, ഈ ഫോട്ടോ ഒരു ക്യാമറയാലും പകർത്തപ്പെട്ടിട്ടില്ല. പെലെയും മജീദിയും ഇതുവരെ പരസ്‌പരം കണ്ടിട്ടുമില്ല.

പക്ഷേ, ഇന്ത്യയുടെ സംഗീതചരിത്രത്തിൽ അല്ലാ രഖാ റഹ്‌മാന്റെ പേരിനൊപ്പം എന്നും ഈ ഒരുമിക്കലിന്റെ അഭിമാനദൃശ്യമുണ്ടാവും. കാരണം, ഈ രണ്ടു പ്രതിഭകൾക്കുവേണ്ടിയും ഈണമിടുകയാണ് റഹ്‌മാൻ; പെലെയുടെ ജീവിതകഥയുടെ സിനിമാവിഷ്‌കാരത്തിനുവേണ്ടിയും മജീദ് മജീദിയുടെ ബിഗ്‌ബജറ്റ് സിനിമയ്‌ക്കുവേണ്ടിയും.

പാട്ടുകൊണ്ടൊരു പ്രാർഥനയ്‌ക്കായ് മജീദിയും റഹ്‌മാനും

മുഹമ്മദ് – ഓർമയിൽ ഇന്നും പ്രകാശംചൊരിയുന്ന സിനിമയിൽ, വെളിച്ചത്തിലേക്കു വഴിയടഞ്ഞ കുട്ടിക്കാലത്തിന്റെ പേര്.

ടെഹ്‌റാനിലെ അന്ധവിദ്യാലയത്തിന്റെ മതിൽക്കെട്ടിനു പുറത്ത് മഴവില്ലഴകുള്ളൊരു ലോകം കാത്തിരിക്കുന്നുണ്ടെന്ന് മുഹമ്മദിന് അറിയില്ലായിരുന്നു. മജീദ് മജീദിയുടെ ദ് കളർ ഓഫ് പാരഡൈസ് എന്ന ഈ വിശ്രുതചിത്രം അവന്റെ കൺതേടലുകളെ കുറിച്ചാണ്. കാതോരമെത്തുന്ന കുഞ്ഞിക്കിളിയൊച്ചകളിലൂടെ, മരച്ചില്ലകളിലെ ഇലയുരുമ്മലുകളിലൂടെ, ഏതുനേരവും ഇമ ചിമ്മി വന്നേക്കാവുന്ന കാറ്റുമൂളിച്ചകളിലൂടെ, മഴച്ചാറ്റലിന്റെയും മഞ്ഞുവീഴ്‌ചയുടെയും മധുരപല്ലവികളിലൂടെ അവൻ കാഴ്‌ചകളെ കാതിലേക്കു കൂട്ടുവിളിക്കുകയായിരുന്നു. അതുകൊണ്ടായിരിക്കാം മുഹമ്മദിനെ കണ്ടുതീരുമ്പോഴും അവനറിഞ്ഞ ഭൂമിയുടെയും പുഴയുടെയും കാറ്റിന്റെയും പാട്ടീണങ്ങൾ കാതോരം ബാക്കിയാകുന്നത്.

ലോക ചലച്ചിത്ര ഭൂപടത്തിൽ ഇറാനിയൻ ചിത്രങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തിയ മജീദ് മജീദിയുടെ ചിത്രങ്ങൾ ഓരോന്നും കാണാൻ വേണ്ടി മാത്രമുള്ളതായിരുന്നില്ല, കേൾക്കാൻ കൂടിയുള്ളതായിരുന്നു. അപ്പോൾ തെല്ലും അദ്‌ഭുതമില്ല, മജീദിയുടെ ഏറ്റവും പുതിയ ചിത്രത്തിനു പാട്ടൊരുക്കാൻ സാക്ഷാൽ എ. ആർ. റഹ്‌മാനെ കൂട്ടുവിളിച്ചതിൽ.

റഹ്‌മാൻ സംഗീതസംവിധാനം ചെയ്യുന്ന പുതിയ മജീദി ചിത്രത്തിന്റെ പേരും മുഹമ്മദ് എന്നുതന്നെ. ഇസ്‌ലാം മതത്തിന്റെ കഥ പറയുന്ന ഈ ചിത്രം ഇഴയടുപ്പമുള്ള ഈണങ്ങളുടേതുകൂടിയാണ്. മതവിശ്വാസികളിലേക്കു മാത്രമല്ല, മതിൽക്കെട്ടുകൾ മറന്ന് ഈശ്വരനെ തേടുന്ന ഓരോ മനുഷ്യസ്‌നേഹിയിലേക്കുമാണ് റഹ്‌മാൻസംഗീതം പെയ്‌തുതോരുന്നത്. അതിൽ ദൈവത്തോടുള്ള പറയാപ്പരിഭവങ്ങളുണ്ട്, സന്തോഷങ്ങൾക്കുള്ള മറുപടികളുണ്ട്...തീരാസങ്കടങ്ങളുടെ കരച്ചിലൊച്ചകളും ഇടമുറിയുന്ന മൗനങ്ങളുമുണ്ട്. പ്രാർഥനയുടെ കടൽനീലിമയുണ്ട്.

ഇറാനിയൻ ചലച്ചിത്രചരിത്രത്തിലെതന്നെ ഏറ്റവും ഭീമമായ ബജറ്റോടെയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രവാചകന്റെ കുട്ടിക്കാലം, കൗമാരം അങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് മജീദ് കഥ പറയുന്നത്. റഹ്‌മാൻ പാട്ടുമൂളുന്നതും. കഥാപശ്‌ചാത്തലത്തിനു വേണ്ടി മക്കയുടെതന്നെ സെറ്റ് തയാറാക്കുകയും ചെയ്‌തു. എ. ആർ റഹ്‌മാന് ഓസ്‌കർ തിളക്കം സമ്മാനിച്ച ഡാനി ബോയ്‌ലിന്റെ സ്ലം ഡോഗ് മില്യനയറിനുശേഷം റഹ്‌മാൻസംഗീതത്തെ രാജ്യാന്തരതലത്തിൽ ശ്രദ്ധേയമാക്കുന്ന ചിത്രമായിരിക്കും മുഹമ്മദ്. ഈ ചിത്രത്തിനുവേണ്ടി വൈവിധ്യമാർന്ന സംഗീത ഉപകരണങ്ങൾ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് റഹ്‌മാൻ. ഒരേസമയം പേർഷ്യൻ, അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. മജീദിയുടെ സങ്കൽപത്തിനൊത്ത സംഗീതം ചിട്ടപ്പെടുത്താൻ ആറുമാസത്തെ സമയം വേണ്ടിവന്നു റഹ്‌മാന്. മജീദിയോടൊപ്പമുള്ള റഹ്‌മാന്റെ ആദ്യ ചിത്രം കൂടിയാണിത്.

‘ഞാൻ ഇതിനു മുമ്പ് സംഗീതം ചെയ്‌തതെല്ലാം എന്നെയും എന്റെ സംഗീതത്തെയും നന്നായി പരിചയമുള്ള സംവിധായകർക്കുവേണ്ടിയാണ്. എന്നാൽ മജീദിക്ക് തികച്ചും ഒരു അപരിചിതനായ ഒരു വ്യക്‌തിയാണ് ഞാൻ. അതേ അപരിചിതത്വം എന്റെ സംഗീതത്തിനോടുമുണ്ട്. ചില ഈണങ്ങൾ ചെയ്‌തു കേൾപ്പിക്കുമ്പോൾ ആദ്യമായി കേൾക്കുന്ന കൗതുകത്തോടെയാണ് മജീദി കാതോർത്തത്. ഓരോന്നിനെക്കുറിച്ചും എന്നോടു വിശദമായി ചോദിച്ചു. എനിക്കു മനസ്സിലാകാത്തത് ഞാൻ തിരിച്ചും. അങ്ങനെ വളരെ ക്ഷമയോടെയാണ് ഈ ചിത്രത്തിനു വേണ്ടിയുള്ള ഓരോ ചെറിയ സംഗീതം പോലും ചിട്ടപ്പെടുത്തിയത്.’ റഹ്‌മാന്റെ വാക്കുകളിൽ ഇറാനിയൻ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ചാരിതാർഥ്യവും.

പെലെയുടെ കാൽപ്പന്തിന്റെ സഞ്ചാരപഥം: ഒരു സിംഫണി

കാൽപ്പന്തിന്റെ ഒന്നിടവിട്ട കറുപ്പും വെളുപ്പും ചതുരക്കളങ്ങൾ ഓർമിപ്പിക്കുന്നത് അതേ ഇരുനിറങ്ങളിലുള്ള പാട്ടുകട്ടകൾ അടുക്കിവച്ച ഒരു പിയാനോയെയാണ്. കാതോർത്തുനോക്കൂ, കാൽപ്പന്തിനുമുണ്ടൊരു സംഗീതം. പിയാനോയിലൂടെ വിരലോടിക്കുമ്പോൾ അതു പാടിത്തുടങ്ങുന്നതുപോലെ, കാൽപ്പന്തിനും നമ്മെ കേൾപ്പിക്കാനാകും കാതടപ്പിക്കുന്ന കളിയാരവങ്ങൾ...

ചുരുൾനിവർത്തിവിരിച്ച മൈതാനിയുടെ ഒത്തനടുക്ക് കാൽപ്പന്തു തനിച്ചുകിടക്കുന്നതു കാണുമ്പോൾ ഒരു ഗംഭീര സിംഫണിക്കു മുമ്പുള്ള പിയാനോയുടെ നിശ്ശബ്‌ദതപോലെ തോന്നും. കളിക്കാർ ഓരോരുത്തരായി വന്നു കാൽതൊട്ടുണർത്തുമ്പോൾ താളത്തിൽ ഉയർന്നുപൊങ്ങുകയായി...ഗോൾ പോസ്‌റ്റിലേക്ക് കുതിച്ചുപായുമ്പോൾ കാൽപ്പന്തിന്റെ സംഗീതം ഉച്ചസ്‌ഥായിയിലായിരിക്കും. പെനൽറ്റി കിക്ക് നേരിടുന്ന ഗോളിയുടെയും വിസിൽ നീട്ടിയടിക്കുന്ന റഫറിയുടെയും ഇഷ്‌ടതാരങ്ങൾക്കു വേണ്ടി ആർത്തലയ്‌ക്കുന്ന കാണികളുടെയുമൊക്കെ ആഘോഷാരവങ്ങളുയർത്തി കാൽപ്പന്തുകളി മുന്നേറുമ്പോൾ ആയിരം സിംഫണികൾക്ക് ഒന്നിച്ചു കാതോർക്കുന്നപോലെ സിരകളിൽ സംഗീതലഹരി പടരും...

ലോകത്തെ മുഴുവൻ ഒരു കാൽപ്പന്തിൻ കീഴിലൊതുക്കിയ ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ജീവിതകഥ ചലച്ചിത്രമാകുമ്പോൾ അതൊരു സംഗീതാനുഭവം കൂടിയാകുന്നത് അതുകൊണ്ടാണ്. ഈ ചിത്രത്തിനു സംഗീതമൊരുക്കാനുള്ള അവസരവും കടലുകടന്നു തേടിയെത്തിയിരിക്കുന്നത് എ.ആർ. റഹ്‌മാനെ തന്നെ. ചിത്രത്തിന്റെ പേര് പെലെ.

ചിത്രത്തിനു വേണ്ടി ബ്രസീലിയൻ ഗായികയും ഗാനരചയിതാവുമായ അന്നാ ബീയാട്രിസിനൊപ്പം പ്രവർത്തിക്കുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെ റഹ്‌മാൻ ആരാധകരോടു പങ്കുവച്ചുകഴിഞ്ഞു.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ജെഫ് സിംബലിസ്‌റ്റും മിഷേൽ സിംബലിസ്‌റ്റും ചേർന്നാണ്. കെവിൻ ഡി പൗല, വിൻസെന്റ് ഡി ഓണോഫ്രിയോ, റോഡ്‌റിഗോ സാന്റോറോ, ഡിഗോ ബൊണെറ്റാ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

ഫിഫാ ലോകകപ്പിനോടനുബന്ധിച്ചു ചിത്രം പ്രദർശനത്തിനെത്തിക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും പിന്നീട് അടുത്ത വർഷത്തിലേക്കു മാറ്റിവയ്‌ക്കുകയായിരുന്നു അണിയറപ്രവർത്തകർ.