Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കവിതയുടെ പൂന്തേൻ

Poonthanam

കുംഭമാസത്തിലെ അശ്വതി നക്ഷത്രത്തിലാണു ഭക്തകവി പൂന്താനം ജനിച്ചതെന്നാണു വിശ്വാസം. പഴയ വള്ളുവനാട് താലൂക്കിലെ നെന്മേനി അംശത്തിലുള്ള പൂന്താനത്ത് ഇല്ലത്തിലാണ് കവിയുടെ ജനനം (മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത്). 1547 ലാണു പൂന്താനം ജനിച്ചത്. ബ്രഹ്മദത്തൻ എന്നോ ശങ്കരൻ എന്നോ ആയിരുന്നു യഥാർഥ പേര്.

16, 17 നൂറ്റാണ്ടുകൾ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ കാലഘട്ടമായിരുന്നു. വിദേശാധിപത്യം, രാജാക്കന്മാർ തമ്മിലുള്ള നിരന്തര പോരാട്ടങ്ങൾ, കലാപങ്ങൾ എന്നിവയെല്ലാം ചേർന്നു ജനജീവിതം ദുസ്സഹമാക്കിയ കാലഘട്ടം. ഈ ധാർമികാപചയത്തിൽനിന്ന് ഭാരത ജനതയെ മോചിപ്പിച്ചു ഭക്തിമാർഗത്തിലേക്കു നയിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തതു ഭക്തകവികളാണ്. പുരാണേതിഹാസങ്ങളുടെ പുനരാവിഷ്ക്കാരത്തിലൂടെ ജനമനസുകളിൽ ഭക്തിയും സദ്ചിന്തകളുമുണർത്തുന്ന കവിതകൾ അക്കാലത്തു ധാരാളം എഴുതപ്പെട്ടു. കേരളത്തിൽ ഇതിനു നേതൃത്വം കൊടുത്തതു തുഞ്ചത്തെഴുത്തച്ഛനാണ്; അദ്ദേഹത്തിനുശേഷം ഈ രംഗത്തു ശ്രദ്ധേയനായ കവിയാണു പൂന്താനം നമ്പൂതിരി.

സംസ്കൃത പണ്ഡിതനും കവിയുമായിരുന്ന മേൽപത്തൂർ നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നു പൂന്താനം. ഈ രണ്ടു കവികളെയും ബന്ധപ്പെടുത്തി ചില ഐതിഹ്യ കഥകൾ പ്രചാരത്തിലുണ്ട്. ഈ കഥകളിലെ മുഖ്യ കഥാപാത്രം ഗുരുവായൂരപ്പനാണ്.

പ്രൗഢ സംസ്കൃതത്തിലെഴുതിയ മേല്പത്തൂരിന്റെ ഭക്തിസാന്ദ്രമായ കവിതകൾ ആസ്വദിക്കാൻ സംസ്കൃതമറിയാത്ത സാധാരണ ജനങ്ങൾക്കു കഴിഞ്ഞിരുന്നില്ല. അത്തരമൊരു അവസരത്തിലാണ് പച്ചമലയാളത്തിലെഴുതിയ ഭാവതരളമായ പാട്ടുകവിതകളിലൂടെയും കീർത്തനങ്ങളിലൂടെയും പൂന്താനം കാവ്യരംഗത്തേക്കു കടന്നുവന്നത്. ഉത്തമ കാവ്യങ്ങൾ സംസ്കൃത പണ്ഡിതർക്കു മാത്രമേ ആകാവൂ എന്ന വിശ്വാസത്തെ ശുദ്ധ മലയാള കൃതികളിലൂടെ പൂന്താനം തകർത്തുകളഞ്ഞു.

പൂന്തേനാം കവിതകൾ
പൂന്തേനായ പല കാവ്യം കണ്ണനു നിവേദിച്ച പൂന്താനം ജ്ഞാനപ്പാന പാടിയ പുംസ്കോകിലം

എന്ന വള്ളത്തോളിന്റെ വരികൾ പൂന്താനം കവിതകളുടെ കാവ്യാത്മകമായ വിലയിരുത്തലാണ്. പാന, സ്ത്രോത്രം, കീർത്തനം എന്നീ വിഭാഗങ്ങളിലായി അമ്പതിലേറെ കൃതികൾ പൂന്താനം രചിച്ചിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. ജ്ഞാനപ്പാന, സന്താനഗോപാലം (കുമാരഹരണം പാന) എന്നിവ പാന വിഭാഗത്തിലും ശ്രീകൃഷ്ണ കർണാമൃതം, ഘനസംഘം തുടങ്ങിയവ സ്ത്രോത്ര കൃതികളിലും അമ്പാടി തന്നിലൊ രുണ്ണിയുണ്ടങ്ങനെ, നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ, നരകവൈരിയാമരവിന്ദാക്ഷന്റെ... എന്നു തുടങ്ങിയ കീർത്തനങ്ങളും പ്രധാനപ്പെട്ടവയാണ്. ഇന്നും കേരളത്തിലെ പുലരികളെയും സന്ധ്യകളെയും ഈ കാവ്യങ്ങളുടെ ആലാപനങ്ങൾ കുളിർക്കാറ്റുപോലെ രോമാഞ്ചമണിയിച്ചു പോരുന്നു.

ജ്ഞാനത്തിന്റെ പാന
പാന സാഹിത്യത്തിന്റെ ഉപജ്ഞാതാവാണു പൂന്താനം. ഭദ്രകാളീക്ഷേത്രത്തിലെ ആരാധനയോടു ബന്ധപ്പെട്ട ഒരു ചടങ്ങായിരുന്നു പാനകളി. അതിൽ പാടാൻ ഉപയോഗിച്ചിരുന്ന പാട്ടുകളിലെ സർപ്പിണിവൃത്തം ഭക്തിഭാവത്തിനിണങ്ങുന്നതാണെന്നു പൂന്താനം മനസിലാക്കി. സർപ്പിണി വൃത്തത്തിലാണു പൂന്താനം കാവ്യങ്ങൾ രചിച്ചത്. പാനപ്പാട്ടിനു സാഹിത്യപദവി നൽകി അതിനെ ഒരു പ്രസ്ഥാനമാക്കി വളർത്തിയത് പൂന്താനമാണ്.

362 വരികളിലൊതുങ്ങുന്ന ഒരു ലഘുകാവ്യമാണു ജ്ഞാനപ്പാന. വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ജനിച്ച മകൻ പെട്ടെന്നു മരിച്ചുപോയതിന്റെ തീവ്രദുഃഖത്തിൽ രചിച്ചതാണു ജ്ഞാനപ്പാനയെന്നു പറയപ്പെടുന്നു. മലയാളത്തിൽ എഴുതപ്പെട്ട ഉപനിഷത്ത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതിയിൽ വേദാന്തതത്വങ്ങൾ വളരെ ലളിതമായി പ്രതിപാദിച്ചിരിക്കുന്നു.

സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കുന്നവർ, അഷ്ടിക്കു വകയില്ലാതെ സ്വന്തം കുഞ്ഞിനെ വിൽക്കുന്നവർ, പൂജിക്കേണ്ടവരെ നിന്ദിക്കുന്നവർ, ധനമോഹം കൊണ്ട് അ ധർമം ചെയ്വുന്നവർ... എന്നിങ്ങനെ സമകാലിക സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെ പൂന്താനത്തിന്റെ വർണനകളിൽ പ്രതിബിംബിക്കുന്നു. മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ എന്ന ഒറ്റവരിയിലൂടെ തന്നെ ജീവിതത്തിന്റെ അസ്ഥിരതയെയും പൂന്താനം വെളിപ്പെടുത്തുന്നു.

ആശാപാശങ്ങളിൽക്കുരുങ്ങി മനക്കോട്ട കെട്ടുന്നതിനിടയിൽ മരണം വന്നു പിടികൂടുന്നു. പരലോക യാത്രയിൽ ഉടുതുണിപോലും കൊണ്ടുപോകാ നാവില്ലെന്ന കാര്യവും പൂന്താനം ഓർമിപ്പിക്കുന്നു. ധർമാധർമ ചിന്ത വെടിഞ്ഞും ദുർവൃത്തികളിലേർപ്പെട്ടും ജീവിതം പാഴാക്കുന്ന മനുഷ്യർക്കു ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം കാണിച്ചുകൊടുക്കുകയാണു ജ്ഞാനപ്പാനയിലൂടെ കവി.

ജ്ഞാനപ്പാന ഗിന്നസ്ബുക്കിൽ
അര ലക്ഷത്തോളം പേർ ഒരുമിച്ചു വായിച്ച ലോകത്തിലെ ആദ്യ കാവ്യം എന്ന നേട്ടം ജ്ഞാനപ്പാനയ്ക്ക്. ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിൽ തൃശൂരിലെ തേക്കിൻകാടു മൈതാനത്ത് 2014ലായിരുന്നു റെക്കോഡു സൃഷ്ടിച്ച ഈ കാവ്യാലാപനം.