പ്രണയം വിതറുന്ന പൂവുകൾ..

പി ജയചന്ദ്രൻ

പൂവേ പൂവേ പാലപ്പൂവേ മണമിത്തിരി കരളിൽ തായോ... എന്ന്പ്രണയത്തിൻറെ മണമുള്ള പാലപ്പൂ നീട്ടി ഗന്ധർവൻ വിളിക്കുമ്പോൾ കന്യകയ്ക്ക് അവളുടെ പ്രണയ ത്തെ ബലി നൽകാതെ വയ്യ. കാരണം ഒരു ആയുസ്സിൻറെ കാത്തിരിപ്പ് അവസാനിക്കു ന്നത് ആ നിമിഷത്തിലാണ് അവൻ കൈ നീട്ടി അവളുടെ ആത്മാവിൽ ജ്വലിക്കുന്ന പ്രണയത്തിൽ തൊടുമ്പോൾ.

അതെ പൂക്കളെക്കുറിച്ച് പറയുമ്പോൾ പ്രണയത്തെക്കുറിച്ച് പറയാതെ വയ്യ. ഹൃദയ ത്തിൻറെ ഭാഷ പൂക്കളെക്കാൾ മനസ്സിലാക്കിയ ആരുണ്ട് ഈ ലോകത്തിൽ? അതു കൊണ്ടു തന്നെയാകില്ലേ? പ്രണയത്തെ കുറിച്ചുള്ള പാട്ടുകളിലും പൂക്കൾ ചെറുത ല്ലാത്ത ഒരിടം നേടിയെടുത്തത്. അപ്പോൾ പ്രണയവും പൂക്കളും ഒന്നുചേർന്നുണ്ടായ പാട്ടുകൾ ഒന്ന് കേട്ടുനോക്കിയാലോ?

വണ്ടിനെപ്പോലും പ്രണയാതുരനാക്കി മാദകഗന്ധം പരത്തി നിൽക്കുന്ന പാലപ്പൂവിൽ നിന്നുതന്നെ തുടങ്ങാം പാട്ടിലെ പൂക്കളെ തേടിയുള്ള യാത്ര. പതിനാല് വർഷം മുൻപ് പുറത്തിറങ്ങിയ ദേവദൂതൻ എന്ന ചിത്രത്തിലെ മനോഹര ഗാനമാണ് പൂവേ പൂവേ പാല പ്പൂവേ എന്ന ഗാനം. വ്യത്യസ്തമായ പ്രമേയം കൊണ്ടു മാത്രമല്ല ആ ചിത്രം ചലച്ചിത്ര പ്രേമികളുടെ മനസ് കവർന്നത്. പി. ജയചന്ദ്രൻറെയും കെ. എസ് ചിത്രയുടെയും സ്വര മാധുര്യം കൊണ്ട് അനുഗ്രഹീതമായ വരികൾ കൊണ്ടു കൂടിയാണ്.

മോഹത്തിൻറെ തേൻ തുള്ളികൾ പകരം നൽകി മനസ്സിനെ തിരികെ വാങ്ങുന്നപ്രണയ ത്തിൻറെ ഇന്ദ്രജാലങ്ങൾ തീർക്കുന്നഈ യുഗ്മഗാനത്തെ മറക്കാനാവുമോ മലയാളി കൾക്ക്?

ആദ്യപ്രണയത്തിൻറെ അങ്കലാപ്പും അപക്വതയും ശീലമില്ലായ്മയും എടുത്തു ചാട്ടവു മെല്ലാം ഒരു പാട്ടിലലിയിച്ചു കളയുന്നപൂവേ ഒരു മഴമുത്തം എന്ന പാട്ട്. ഫാസിലിൻറെ സംവിധാനത്തിൽ 2002 ൽ പുറത്തിറങ്ങിയ കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ പാട്ട്. ഓരോരോ വാക്കിലും നീയാണെൻ സംഗീതം എന്ന് പ്രണയിനിയുടെ കാതോരം ചൊല്ലുന്ന വരികൾക്ക് ഒരു പൂവ് വിരിയുന്ന ഭംഗിയുണ്ട്. പ്രണയിനിയിൽ എരിയുന്നഅനുരാഗമെന്ന നോവിനെക്കുറിച്ച് അവൻ ഹൃദയം തുറന്ന് പാടുമ്പോൾ നമ്മളും കണ്ടു തുടങ്ങും നൂറു വർണ്ണ സ്വപ്നങ്ങൾ.

പ്രണയിനിയുടെ സൗന്ദര്യത്തെ അല്ലിപ്പൂവിനോടുപമിക്കണോ മല്ലിപ്പൂവിനോടുപമിക്കണോ എന്ന സംശയത്തോടെ നിൽക്കുന്ന കാമുകനെയും ഭാഗ്യദേവത എന്ന ചിത്രത്തിൽ നമ്മൾ കണ്ടു. പനിനീർപ്പൂവിനോടോ ചെന്താമരയോടോ മുല്ലപ്പൂവിനോടോ ഒക്കെ കാമുകിയെ ഉപമിക്കുന്ന നായകന്മാരിൽ നിന്ന് വ്യത്യസ്തനായിഅല്ലിപ്പൂവിനോട് ഉപമിച്ച നായകൻറെ ഉള്ളിലിരുപ്പെന്തായിരിക്കാം. പെട്ടെന്നൊന്നും വാടാത്ത, കൊഴിയാത്ത അല്ലിപ്പൂവു പോലെ അവരുടെ പ്രണയവും മനസ്സുകളിൽ പൂത്തുലഞ്ഞ് നിൽക്കട്ടെയെന്നാവുമോ?

ചീരപ്പൂവുകൾക്കും പ്രണയത്തിൽ സ്ഥാനമുണ്ടെന്നു തെളിയിക്കുന്ന മറ്റൊരു ഗാനമാണ് ചീരപ്പൂവുകൾക്കുമ്മ കൊടുക്കുന്ന നീലക്കുരുവികളെ എന്ന പാട്ട്. പാട്ടുകളെ സുന്ദരമാക്കുന്നത് പ്രണയമാകുമ്പോൾ ആ പ്രണയത്തിന് സുഗന്ധവും നിറവും പകരുന്നത് പൂക്കളല്ലേ...

മഴപെയ്യുമ്പോൾ പുതുമണ്ണിൻറെ മണം ഭൂമിവിട്ടുണരുന്നതുപോലെപാട്ടു കേൾക്കുമ്പോൾ ഉള്ളിലെ പ്രണയത്തോടൊപ്പം ഒരുപൂമണവും ഉയരാറില്ലേ... ഇനിയും വാടാത്ത കൊഴിയാത്ത സ്വന്തം പ്രണയത്തിൻറെ നോവുകലർത്തിയ ഗന്ധം ആത്മാവിൽ നിന്നും ഉയരാറില്ലേ...