Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമയിൽ നിറയുന്ന സൗമ്യസംഗീതം

Radhika Thilak രാധിക തിലക്

അന്തരിച്ച ഗായിക രാധികാ തിലകിനെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായിരുന്ന മധു ബാലകൃഷ്ണൻ, ബേണി ഇഗ്നേഷ്യസ്, ടി.കെ. രാജീവ് കുമാർ എന്നിവർ അനുസ്മരിക്കുന്നു.

മറക്കാനാവാത്ത സ്നേഹ സാന്നിധ്യം

മധു ബാലകൃഷ്ണൻ

എല്ലാവർക്കും സ്നേഹം തോന്നുന്ന ഗായികയായിരുന്നു രാധിക തിലക്. ഒട്ടേറെ സ്റ്റേജ് ഷോകളിലും ലളിതഗാന, ഭക്തിഗാന ആൽബങ്ങളിലും ഒരുമിച്ചു പാടിയിട്ടുണ്ട്. മനോരമ മ്യൂസിക്കിനു വേണ്ടി കെ. രാഘവൻ സംഗീതം നൽകിയ ഓണപ്പാട്ടുകൾ രാധിക തിലകിനൊപ്പം ആലപിച്ചതു മറക്കാനാവാത്ത അനുഭവം.

ഇലകൾ പച്ച പൂക്കൾ മഞ്ഞ എന്ന സിനിമയിൽ മോഹൻ സിത്താരയ്ക്കു വേണ്ടി താളം തുള്ളി എന്ന പാട്ട് രാധികയ്ക്കൊപ്പം പാടി. രാധികയോടൊപ്പം പാടിയ ഹിമഗിരി തനയേ ഹേമലതേ എന്ന ആൽബം ഗാനത്തിനു വേണ്ടി ഞാനും ഭാര്യ ദിവ്യയും അഭിനയിച്ചുവെന്ന പ്രത്യേകതയുമുണ്ട്.

ചിത്ര, സുജാത എന്നിവരെപ്പോലെ നല്ല ശബ്ദമുള്ള, നല്ല പ്രതിഭയുള്ള വളരെ സിംപിളായ വ്യക്തിത്വമാണു രാധിക തിലകിന്റെയും. അസുഖം ബാധിച്ചതായി പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഏതാനും മാസം മുൻപു വിളിച്ച് ഏറെനേരം സംസാരിച്ചു. അസുഖമൊന്നുമില്ലെന്നും മറ്റും അന്നു പറഞ്ഞിരുന്നു. ഗാനരംഗത്തു നിന്ന് ഒതുങ്ങിനിൽക്കുന്നതു കണ്ട് പലപ്പോഴും കാര്യം തിരക്കിയിട്ടുണ്ട്. ഒന്നുമില്ല മാറിനിൽക്കുന്നുവെന്നായിരുന്നു മറുപടി. സംഗീതലോകത്തിനു രാധികയുടെ മരണം വലിയൊരു നഷ്ടമാണെന്നതിൽ സംശയമില്ല.

ലളിതഗാനങ്ങളുടെ തമ്പുരാട്ടി

ബേണി ഇഗ്നേഷ്യസ് (സംഗീത സംവിധായകർ)

ലളിതഗാനങ്ങളുടെ രാജ്ഞിയായിരുന്നു രാധിക തിലക്. ഒട്ടേറെ ലളിതഗാനങ്ങൾക്കു വേണ്ടി രാധികയ്ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1983ലാണു രാധിക ആദ്യമായി ഞങ്ങൾക്കു വേണ്ടി പാടുന്നത്. കസറ്റ് വിപ്ലവം തുടങ്ങിയ കാലമായിരുന്നു അത്. രഞ്ജിനി കസറ്റിനുവേണ്ടിയുള്ള ഒരു ഗാനം. സിനിമ പാട്ടുകൾ ചേർന്നു പുറത്തിറക്കുന്ന ഒരു ആൽബത്തിൽ ചേർക്കാനുള്ള ഫില്ലർ ഗാനത്തിനു വേണ്ടിയാണു ക്ഷണിച്ചത്. ഷിബു ചക്രവർത്തിയുടെ രചനയിലുള്ള പാട്ട് രാധിക മനോഹരമായി പാടി.

ഉത്തരേന്ത്യൻ ജീവിതത്തിനു ശേഷം അവർ കൊച്ചിയിലെത്തിയിട്ട് അധികം കാലമായിരുന്നില്ല അന്ന്. ഹിന്ദിയിലാണു രാധിക പാട്ടെഴുതി പഠിച്ചത്. മികച്ച ഗായികയെന്നു പേരു നേടിയ രാധിക തിലകിനൊപ്പം ഒട്ടേറെ ആൽബങ്ങളിലും ഒരുമിച്ചു പ്രവർത്തിച്ചു. പക്ഷേ, ഏറെ കാത്തിരിപ്പിനു ശേഷമാണു ‍‍ഞങ്ങൾക്കൊപ്പം സിനിമയിൽ പാടുന്നത്. വിനയൻ സംവിധാനം ചെയ്ത പ്രണയനിലാവ് എന്ന സിനിമയിൽ പാൽക്കുടങ്ങൾ എന്ന ഗാനം യേശുദാസിനൊപ്പം രാധിക ആലപിച്ചു. ഞങ്ങളുടെ സ്വന്തം ഓർക്കസ്ട്രയിലും അവർ പ്രധാന ഗായികയായിരുന്നു.

അദ്ഭുതപ്പെടുത്തിയ ആത്മവിശ്വാസം

ടി.കെ. രാജീവ് കുമാർ (സംവിധായകൻ)

പുതുമുഖം എന്ന നിലയിൽ എന്നെ ആശ്ചര്യപ്പെടുത്തിയ ഗായികയാണ് രാധിക തിലക്. രാധികയുടെ സമീപനവും ആത്മവിശ്വാസവുമായിരുന്നു അതിനു കാരണം. ഒറ്റയാൾ പട്ടാളം എന്ന സിനിമ എടുക്കുന്ന സമയത്ത് രാധിക തിലക് എന്ന ഗായികയെക്കുറിച്ച് എന്നോട് പറയുന്നത് എറണാകുളത്തുള്ള ബന്ധുവാണ്. ജി. വേണുഗോപാലിന്റേയും സുജാതയുടേയുമെല്ലാം അടുത്ത ബന്ധുവാണെന്നു പറഞ്ഞതോടെ ഞാൻ വേണുവിനെ വിളിച്ച് സംസാരിച്ചു.

വേണുവും ആത്മവിശ്വാസം പങ്കുവച്ചതോടെ ചിത്രത്തിന്റെ സംഗീത സംവിധായകനായ ശരതിനോട് ഞാൻ രാധികയെക്കുറിച്ച് പറയുകയായിരുന്നു. ശരതിനും സമ്മതമായി. അങ്ങനെയാണ് രാധികയെ വിളിക്കുന്നത്. അച്ഛനൊപ്പമാണ് രാധിക ചെന്നൈയിൽ റെക്കോർഡിങ്ങിന് എത്തിയത്. ജി.വേണുഗോപാലിനൊപ്പം ‘മായാ മഞ്ചലിൽ’ എന്ന ഗാനം പാടാനുള്ള അവസരമായിരുന്നു. നേരത്തെ എത്തിയ രാധിക വേഗം തന്നെ പാട്ട് പഠിച്ചു. കസിനായ വേണുവിനൊപ്പം തന്നെയായിരുന്നു റെക്കോർഡിങ്ങിൽ പാടിയത്. ടെൻഷനൊന്നും ഉണ്ടായിരുന്നില്ല.

സാധാരണ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുമ്പോൾ അവർക്ക് വലിയ ആശങ്ക ആ പാട്ട് സിനിമയിലോ കാസറ്റിലോ ഉണ്ടാവുമോ, അത് ട്രാക്കാണോ എന്നതൊക്കെയാണ്. അവർ അത് ചോദിക്കുകയും ചെയ്യും. പക്ഷേ രാധിക എന്നെ അദ്ഭുതപ്പെടുത്തിയത് അത്തരം ആശങ്കകളോ ചോദ്യങ്ങളോ ഇല്ലായിരുന്നു എന്നതുകൊണ്ടാണ്. പാടിക്കഴിഞ്ഞ് സന്തോഷത്തോടെ രാധിക മടങ്ങി. പിന്നീട് ഞാൻ സംവിധാനം ചെയ്ത പല സ്റ്റേജ് ഷോകളിലും രാധിക പാടിയിട്ടുണ്ട്.

അങ്ങനെയൊരു അവസരത്തിൽ ഞാൻ ആ കാര്യം ചോദിച്ചു. അന്ന് പാടിക്കഴിഞ്ഞ ശേഷം അത് സിനിമയിൽ ഉണ്ടാവുമോ എന്ന ആശങ്കയൊന്നും ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിനുള്ള രാധികയുടെ മറുപടി രസകരമായിരുന്നു. ‘അങ്ങനെയൊക്കെ ഓർത്ത് ടെൻഷനടിച്ചാൽ റെക്കോർഡിങ്ങിൽ നന്നായി പാടാനാവില്ല. അങ്ങനെ വന്നാൽ ആ പാട്ട് സിനിമയിലും ഉണ്ടാവില്ല. നന്നായി പാടിയാൽ അത് സിനിമയിൽ ഉണ്ടാവും എന്നറിയാമായിരുന്നു’- രാധികയിലെ ഈ മറുപടിയിലെ ആത്മവിശ്വാസമാണ് രാധികയോട് കൂടുതൽ മതിപ്പ് സൃഷ്ടിച്ചത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.