കംപ്യൂട്ടർ തോൽക്കും കച്ചേരി

രാമകൃഷ്ണമൂർത്തി ചിത്രം: നിഖിൽരാജ്

യുഎസിലെ കലിഫോർണിയ സർവകലാശാലയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ചെറുപ്പക്കാരന് എടെി മേഖലയിൽ കണ്ണഞ്ചിപ്പിക്കുന്നൊരു ജോലി അപ്രാപ്യമോ അസാധ്യമോ ആയിരുന്നില്ല. ബിരുദ പഠനത്തിനു ശേഷം മറ്റേതൊരു എടെി പ്രഫഷനലിനെയും പോലെ രാമകൃഷ്ണമൂർത്തിയും ചില അഭിമുഖ പരീക്ഷകളെ നേരിട്ടു. ആകാശം മുട്ടുന്ന ശമ്പളവും ഏഴാം കടലിനക്കരെ കൈവരിക്കാവുന്ന ജീവിതസൗഭാഗ്യങ്ങളും kഒരു വശത്തു നിന്നു പ്രലോഭനങ്ങളുമായി കടന്നുവന്നു. ഉള്ളിലെ കലാകാരൻ ആശയക്കുഴപ്പത്തിലായി. കലയും കംപ്യൂട്ടറുമായി വടംവലി തന്നെ നടന്നു. അതിനൊടുവിൽ കലാകാരൻ വിജയം കണ്ടു. ലക്ഷങ്ങൾ പ്രതിഫലം ലഭിക്കുന്ന ജോലികൾ വേണ്ടെന്നു വച്ച് രാമകൃഷ്ണമൂർത്തി ചെന്നൈയിലേക്കു പറന്നു.

സംഗീതത്തിന്റെ ജന്മഗൃഹം. പിറന്ന നാട്. കടൽ നീന്തിക്കടക്കുംപോലെ, അതൊരു വരവായിരുന്നു.

ഇന്ന്, ഇരുപത്തഞ്ചാം വയസ്സിൽ കർണാടക സംഗീതലോകത്തെ ഏറ്റവും പുതിയ, തിരക്കേറിയ താരമാണ് രാമകൃഷ്ണമൂർത്തി. ഇൗ താരോദയത്തിലേക്കുള്ള കുതിപ്പ് അനായാസമായിരുന്നില്ല. സംഗീതത്തിലൂടെ ഒരു ജീവിതം എന്ന തിരഞ്ഞെടുപ്പാകട്ടെ, ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷയും.

അസാമാന്യമായ ഉൗർജമാണ് രാമകൃഷ്ണമൂർത്തിയുടെ സംഗീതത്തിന്. ആ പാട്ടിൽ തെളിയുന്ന ആത്മവിശ്വാസമാണെങ്കിൽ ആകാശത്തോളം ഉയരത്തിലും. ശിശുവിന്റെ നിഷ്കളങ്കമായ മുഖഭാവവുമായി വേദിയിലിരിക്കുമ്പോൾ, പാട്ട് തുടങ്ങുന്നതിനു മുൻപു തന്നെ ആസ്വാദകർ മൂർത്തിയെ സ്നേഹിച്ചുതുടങ്ങും. ഗായകൻ ശൈശവഭാവം വെടിഞ്ഞ്, സംഗീതമൂർത്തിയെ ഉപാസിച്ചു തുടങ്ങുമ്പോൾ, ഇൗ സംഗീതം എന്തുകൊണ്ട് ഇത്രമേൽ പ്രിയങ്കരമാവുന്നു എന്നു നാം അദ്ഭുതത്തോടെ തിരിച്ചറിയുകയും ചെയ്യും.

യുഎസിലായിരിക്കുമ്പോൾതന്നെ ഇടയ്ക്കെല്ലാം ചെന്നൈയിൽ വരുമായിരുന്ന രാമകൃഷ്ണമൂർത്തി അപ്പോഴെല്ലാം അവസരം കിട്ടുന്ന മുറയ്ക്ക് ചെന്നൈയിലെ വിവിധ വേദികളിൽ കച്ചേരികൾ അവതരിപ്പിക്കുമായിരുന്നു. വന്നുപോകുന്ന ഒരാൾ നടത്തുന്ന കച്ചേരികൾക്കപ്പുറം പ്രാധാന്യമോ പ്രസക്തിയോ അത്തരം കച്ചേരികളിൽ നിന്ന് ഒരു ചെറുപ്പക്കാരനു ലഭിക്കുമായിരുന്നില്ല. പക്ഷേ, 2011ൽ ചെന്നൈയിൽ നടന്ന ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ മെമ്മോറിയൽ കച്ചേരി ഗായകനെന്ന നിലയിൽ രാമകൃഷ്ണമൂർത്തിയുടെ തലവര മാറ്റിക്കുറിച്ചു. യുവതലമുറയിലെ പ്രശസ്തരായ വരദരാജൻ വയലിനിലും അരുൺപ്രകാശ് മൃദംഗത്തിലും പക്കമേളം വായിച്ച ആ കച്ചേരി ഗായകനെന്ന നിലയിൽ രാമകൃഷ്ണമൂർത്തിയുടെ വരവറിയിക്കുകയായിരുന്നു.

മൂന്നു വർഷം തുടർച്ചയായി മാർഗഴി സീസണിൽ (2011, 12, 13) മ്യൂസിക് അക്കാദമിയുടെ ഒൗട്ട്സ്റ്റാൻഡിങ് ജൂനിയർ വോക്കലിസ്റ്റ് ആയി മൂർത്തി തിരഞ്ഞെടുക്കപ്പെട്ടതോടെ അവസരങ്ങളുടെ മലവെള്ളപ്പാച്ചിലായി. സഞ്ജയ് സുബ്രഹ്മണ്യൻ, ടി.എം. കൃഷ്ണ, ശിക്കിൾ ഗുരുചരൺ, അഭിഷേക് രഘുറാം തുടങ്ങിയ യുവഗായകരുടെ നിരയിലേക്ക് അതിവേഗം കുതിച്ചെത്തുകയായിരുന്നു രാമകൃഷ്ണമൂർത്തി. വലിയ ഗുരുക്കൻമാരുടെ തണലിൽ അല്ല, രാമകൃഷ്ണമൂർത്തിയുടെ സംഗീതം തഴച്ചുവളർന്നതെന്ന കാര്യം, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ സവിശേഷതയായി സംഗീതനിരൂപകർ വിലയിരുത്തുന്നു.

അച്ഛൻ സുബ്രഹ്മണ്യ മൂർത്തിക്ക് യുഎസിൽ ജോലി ലഭിച്ചതിനെത്തുടർന്നാണ് രാമകൃഷ്ണമൂർത്തിയുടെ കുടുംബം ചെന്നൈയിൽ നിന്ന് യുഎസിലേക്കു ചേക്കേറുന്നത്. മൂന്നു വയസ്സായിരുന്നു അപ്പോൾ മൂർത്തിക്ക്. അമേരിക്കയിൽ ജീവിതം മുന്നോട്ടു പോകുന്നതിനിടെ ഏഴാം വയസ്സിൽ സംഗീതപഠനം ആരംഭിച്ചു. മലയാളിയായ പത്മ കുട്ടിയായിരുന്നു ആദ്യ ഗുരു. കേരളവുമായി ഒരു ചെറിയ ബന്ധം മൂർത്തിയുടെ കുടുംബത്തിനും പറയാനുണ്ട്. എൺപതുകളിൽ, രാമകൃഷ്ണമൂർത്തിയുടെ ജനനത്തിനു മുൻപ്, അച്ഛൻ സുബ്രഹ്മണ്യ മൂർത്തി ഏഴു വർഷത്തോളം കളമശേരി എച്ച്എംടി കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. എച്ച്എംടിയിലെ ജോലി മതിയാക്കിയ ശേഷമാണ് സുബ്രഹ്മണ്യമൂർത്തി കുടുംബവുമായി ചെന്നൈയിലേക്ക് പോകുന്നത്.

സംഗീതപഠനത്തിന്റെ ആദ്യഘട്ടത്തിൽ വലിയ സവിശേഷതകളൊന്നും പ്രകടിപ്പിക്കാതിരുന്ന രാമകൃഷ്ണമൂർത്തിയെ നിരന്തരം സാധകം ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു അച്ഛനും അമ്മ ഇന്ദുമതിയും. ഒഴിവുകാലം ആസ്വദിക്കുന്നതിനായി ചെന്നൈയിൽ വരുമ്പോഴെല്ലാം കച്ചേരികൾ ചെയ്യാൻ അവസരങ്ങൾ ലഭിക്കുമായിരുന്നു. പാടാൻ അവസരം വന്നുതുടങ്ങിയതോടെ പാട്ടിലും കമ്പം കയറിത്തുടങ്ങി. തുടർച്ചയായ സാധകത്തിലൂടെ സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്തിയെടുക്കാൻ നന്നേ ചെറുപ്പത്തിൽ തന്നെ രാമകൃഷ്ണമൂർത്തിക്ക് സാധ്യമായതും പ്രവാസി ജീവിതം കാരണമായിരുന്നുവെന്നു പറയാം. ഇപ്പോൾ ഡൽഹി പി. സുന്ദർരാജൻ, ആർ.കെ. ശ്രീറാംകുമാർ എന്നിവരുടെ കീഴിൽ സംഗീതത്തിൽ ഉപരിപഠനം നടത്തുന്ന രാമകൃഷ്ണമൂർത്തി വൈരമംഗലം ലക്ഷ്മിനാരായണൻ, ചെങ്കൽപേട്ട് രംഗനാഥൻ, സി.ആർ. വൈദ്യനാഥൻ, വൈക്കം ടി.വി. ജയചന്ദ്രൻ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ട്.

കൈപ്പാടകലെ സാധ്യമാകുമായിരുന്ന സമ്പത്തും സൗഭാഗ്യവുമെല്ലാം വേണ്ടെന്നുവച്ച് സംഗീതലോകത്തെ സ്വീകരിച്ച രാമകൃഷ്ണമൂർത്തിയെന്ന ചെറുപ്പക്കാരനെ സംഗീതദേവത കൈവെടിഞ്ഞില്ല. ഇന്ന് കർണാടകസംഗീതലോകത്തെ മുൻനിരയിലാണ് ഇൗ ചെറുപ്പക്കാരന്റെ സ്ഥാനം. അവാർഡുകളും ബഹുമതികളുമെല്ലാം ഏറെ തേടിയെത്തിയിരിക്കുന്നു ഇൗ ഗായകനെ. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി കച്ചേരികളുമായി തിരക്കിലാണ് രാമകൃഷ്ണമൂർത്തി. കേരളത്തിലെ സഭകളിലും ഉൽസവക്കച്ചേരികളിലുമെല്ലാം സ്ഥിരം സാന്നിധ്യമായ രാമകൃഷ്ണമൂർത്തി മലയാളികളായ ആസ്വാദകർക്കും ഏറെ പ്രിയങ്കരനാണിന്ന്.

ഒരിക്കൽ ഉപേക്ഷിച്ച സമ്പത്തിന്റെ, പ്രതാപത്തിന്റെ വലിയ ലോകത്തെക്കുറിച്ച് ഇന്ന് രാമകൃഷ്ണമൂർത്തി ചിന്തിക്കുന്നതേയില്ല. ബിലഹരിയുടെ ചടുലമനോഹാരിതയിൽ, തോടിയുടെ വശ്യസൗന്ദര്യത്തിൽ, മൂർത്തി മറ്റെല്ലാം മറക്കുന്നു. മനസ്സ് ശാന്തമാണ്. തെന്നലായി തഴുകുന്ന സാവേരി പോലെ. സൗമ്യമധുരമായ സാമ പോലെ.