ശ്രേയയ്ക്കിന്ന് പിറന്നാൾ മധുരം

മധുരമനോഹര ശബ്ദം കൊണ്ട് ഗാനാസ്വാദകരുടെ മനസിൽ കൂടുകൂട്ടിയ ഗായിക ശ്രേയഘോഷാലിന്ന് 31–ാം പിറന്നാൾ. പിന്നണി പാടിയ ആദ്യ ഗാനത്തിലൂടെ തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ശ്രേയ ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി, അസാമീസ്, പഞ്ചാബി, ഉർദു, നേപ്പാളി തുടങ്ങിയ നിരവധി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

‍Shreya Ghoshal Hits

ന്യൂക്ലിയർ പവർ കോർപ്പറേഷനിലെ ജോലിക്കാരനായിരുന്ന ബിശ്വജിത്ത് ഘോഷാലിന്റെയും സർമിസ്ത ഘോഷാലിന്റെയും മകളായി 1984 മാർച്ച് 12 ന് പശ്ചിമബംഗാളിലെ ദുർഗാപൂരിൽ ജനിച്ച ശ്രേയ നന്നേ ചെറുപ്പത്തിലെ പാട്ടിന്റെ വഴി തിരഞ്ഞെടുത്തിരുന്നു. ജനനം ബംഗാളിലായിരുന്നു എങ്കിലും ശ്രേയയുടെ ബാല്യകാലം രാജസ്ഥാനിലായിരുന്നു. അച്ഛന്റെ സ്ഥലം മാറ്റങ്ങൾ മൂലം പല സ്ഥലങ്ങളിലായിരുന്നു ശ്രേയയുടെ വിദ്യാഭ്യാസം.

പതിനാലാം വയസുമുതൽ നിരവധി ബംഗാളി ആൽബങ്ങൾക്കായും ഭക്തിഗാന ആൽബങ്ങൾക്കായും പാട്ടുപാടിയിട്ടുള്ള ശ്രേയയുടെ ജീവിതത്തിൽ വഴിത്തിരിവായത് സി ടിവിയിലെ മ്യൂസിക്ക് റിയാലിറ്റി ഷോ ‘സ രി ഗ മ‘യാണ്. 2000 ത്തിലെ ‘സ രി ഗ മ‘ വിജയിയായിരുന്നു ശ്രേയ. ഷോയിലെ പെർഫോമൻസ് കണ്ടിട്ടാണ് പ്രസിദ്ധ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെ അമ്മ ശ്രേയയെപ്പറ്റി ബൻസാലിയോട് പറയുന്നത്. ബൻസാലി തന്റെ സിനിമയായ ദേവ്ദാസിൽ ശ്രേയയ്ക്ക് അവസരവും നൽകി.

സഞ്ജയ് ലീല ബൻസാലി ചിത്രമായ ദേവ്ദാസിനുവേണ്ടി പാടി പിന്നണി ഗാനരംഗത്ത്് അരങ്ങേറ്റം കുറിച്ച ശ്രേയ ആ ചിത്രത്തിനുവേണ്ടി അഞ്ച് പാട്ടുകൾ പാടി. പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായതോടെ അവസരങ്ങളുടെ പെരുമഴയായിരുന്നു ശ്രേയയ്ക്ക്. ആദ്യം പാടിയ ബരി പിയ എന്ന ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ശ്രേയയെ തേടിയെത്തി. പിന്നീടിങ്ങോട്ട് ശ്രേയയുടെ ശബ്ദമാധുര്യം ബോളിവുഡ് സിനിമ മാത്രമല്ല ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലൂടെയും നാം കേട്ടു.

2007 ൽ പുറത്തിറങ്ങിയ അമൽ നീരദിന്റെ ബിഗ് ബി എന്ന ചിത്രത്തിലെ വിടപറയുകയാണോ എന്ന ഗാനത്തിലൂടെയാണ് മലയാളത്തിലേയ്ക്കുള്ള ശ്രേയയുടെ അരങ്ങേറ്റം. പിന്നീട് അനുരാഗ വിലോചനനായി, കിഴക്കു പൂക്കും, പതിനേഴിന്റെ പൂങ്കരയിൽ, കാർമുകിലിൻ തുടങ്ങിയ സൂപ്പർ ഹിറ്റായ നിരവധി ഗാനങ്ങൾ.

‍Shreya Ghoshal Hits

ആദ്യ ഗാനത്തിലൂടെ തന്നെ ദേശീയ പുരസ്കാരം നേടിയ ശ്രേയയ്ക്ക് പിന്നീട് മൂന്ന് വട്ടം കൂടി ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം രണ്ട് വട്ടവും, തമിഴ്നാട് സർക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഒരു പ്രാവശ്യവും ശ്രേയയെ തേടി എത്തിയിട്ടുണ്ട്.