സിൽക്ക് സ്മിത അനശ്വരമാക്കിയ അഞ്ചുഗാനങ്ങൾ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത പേരാണ് സിൽക്ക് സ്മിത. വശ്യത തുളുമ്പുന്ന നോട്ടം കൊണ്ടും മാദകത്വം തുളുമ്പുന്ന നൃത്തം കൊണ്ടും സ്മിത തെന്നിന്ത്യൻ താരറാണിയായി മാറി. 1980 മുതൽ 85 വരെ തെന്നിന്ത്യയിൽ ഏറ്റവുമധികം ചിത്രങ്ങളിൽ അഭിനയിച്ച നടിയായ സിൽക്ക് സ്മിതയെ എണ്‍പതുകളുടെ യുവത്വം പ്രതിഷ്ഠിച്ചത് അവരുടെ ഹൃദയത്തിലായിരുന്നു.

അഭിനയിച്ച ചിത്രത്തിലെ പ്രശസ്ത കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാനുള്ള നിയോഗമുണ്ടായ ചുരുക്കം ചില അഭിനേതാക്കളിലൊന്നായ സിൽക്ക് സ്മിത ഒാർമ്മയായിട്ടിന്ന് പത്തൊൻപത് വർഷങ്ങൾ തികയുന്നു. സ്വയം മരണത്തെ പുൽകിയ സിൽക്കിന്റെ ചിത്രം സിനിമയായപ്പോൾ ലഭിച്ച സ്വീകാര്യത സിൽക്കിന്റെ ജീവിതം കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നു. സ്മിത എന്ന അഭിനേത്രിയേക്കാളും സ്മിത എന്ന നർത്തകിയെയായിരുന്നു അക്കാലത്ത് സംവിധായകൻ കൂടുതലും ഉപയോഗിച്ചത്.

സിൽക്ക് സ്മിതയുടെ പ്രശസ്ത ഗാനങ്ങൾ

പുഴയോരത്തില്‍ പുത്തോണി

മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം അഥർ‌വ്വത്തിലെ ഹിറ്റ് ഗാനമാണ് പുഴയോരത്തിൽ പൂത്തോണി എത്തിയില്ല. ഒഎൻവി കുറുപ്പിന്റെ വരികള്‍ക്ക് ഇളയരാജ ഈണം നൽകിയിരിക്കുന്നു. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏഴിമല പൂഞ്ചോല

ഭദ്രൻ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ചിത്രം സ്ഫടികത്തിലേതാണ് ഏഴിമല പൂഞ്ചോല എന്ന ഗാനം. മോഹൻലാലും സിൽക്ക് സ്മിതയും ഒരുമിച്ചാടിയ ഗാനം ആലപിച്ചത് കെ എസ് ചിത്രയും മോഹൻലാലും ചേർന്നാണ്. എസ് പി വെങ്കിടേഷ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നു.

പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ

1989 ൽ സിൽക്ക് സ്മിതയെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ മിസ് പമീല എന്ന ചിത്രത്തിലെ ഗാനമാണ് പുളകങ്ങൾ വിരിയുന്ന യാമങ്ങളിൽ. സുരേഷ് ഗോപിയും സിൽക്ക് സ്മിതയുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

ജുംമ്പ ജുംമ്പ

നാടോടി എന്ന ചിത്രത്തിന് വേണ്ടി മോഹൻലാലും സിൽക്ക് സ്മിതയും ഒരുമിച്ച ഗാനമാണ് ജുംമ്പ ജുംമ്പ. എസ് പി വെങ്കിടേഷ് ഈണം പകർന്ന ഗാനം ആലപിച്ചത് മലേഷ്യാ വസുദേവനും കെ എസ് ചിത്രയും ചേർന്നാണ്.

രാവേറെയായ് വാ വാ വാ

മാഫിയ എന്ന ചിത്രത്തിന് വേണ്ടി ബാബു ആന്റണിയും സിൽക്ക് സ്മിതയും ഒരുമിച്ച ഗാനമാണ് രാവേറെയായ് എന്നത്. സിൽക്കിന്റെ മാദകത്വം തുളുമ്പുന്ന നൃത്തംകൊണ്ട് ശ്രദ്ധേയമായ ഗാനത്തിന്റെ വരികൾ ബിച്ചു തിരുമലയുടേതാണ്. രാജാമണി ഈണം നൽകിയ ഗാനം ആലപിച്ചത് മാൽഗുഡി ശുഭയും.