പാട്ടിന്റെ രാജകുമാരി...നീ ഇന്നുമുണ്ടായിരുന്നുവെങ്കിൽ

നസിയ ഹസൻ

‘ആപ് ജൈസാ കോയി മേരി

സിന്ദഗി മേം ആയേ...’

എൺപതുകളിലെ ഇന്ത്യൻ യുവത്വത്തെ ഉന്മാദംകെ‌ാ‌ണ്ടു തുള്ളിച്ച ‘കുർബാനി’യിലെ ഈ വിദ്യുത്ഗാനം നമ്മുടെ ഈണക്കാതുകളിൽ ഇപ്പോഴും ഒരു പെൺപേരിനെ ഓർമപ്പെടുത്തുന്നുണ്ട്: നസിയ ഹസൻ. തിരശ്ശീലയിൽ സീനത്ത് അമൻ അവതരിപ്പിച്ച നർത്തകിയുടെ മാദകത്വം ഉലഞ്ഞാടുമ്പോൾ അവളുടെ കടുംചുവന്ന ചുണ്ടിൽ അഴകോടെ ഒഴുകിയെത്തുന്ന ഈ പാട്ടിനു പിന്നിലെ പെൺസ്വരത്തെ പ്രണയിക്കാതിരുന്നിട്ടുണ്ടാകില്ല ആരും. ഒറ്റപ്പാട്ടുകൊണ്ട് ഇന്ത്യൻ സംഗീതാരാധകരുടെ ഹൃദയാതിർത്തികൾ പതിച്ചെടുത്ത പാക്കിസ്ഥാൻകാരിയായ ഈ ഗായികയ്ക്ക് അന്നു പ്രായം വെറും പതിനഞ്ച്. കൗമാരത്തിലേക്കു കൺതുറന്നൊരു പുതുമുഖ ഗായികയുടെ കുസൃതിക്കുണുക്കത്തിനു താളം പിടിക്കുമ്പോൾ, പാക്ക് മണ്ണിൽനിന്ന് ആദ്യമായി ഇന്ത്യയുടെ കാതുകൾ തേടിയെത്തിയൊരു സംഗീതരാജകുമാരിയെ സ്വരാഭിവാദ്യം ചെയ്തു സ്വീകരിക്കുകയായിരുന്നു ഒരു ജനതയൊന്നാകെ.

ദക്ഷിണേഷ്യയുടെ പോപ് സംഗീത റാണി എന്നു പിൽക്കാലം വാഴ്ത്തപ്പെട്ട നസിയ ഹസനെക്കുറിച്ചോർമിക്കാനുള്ളൊരു തുടക്കം മാത്രമാണ് കുർബാനിയിലെ ‘ആപ് ജൈസാ കോയി’എന്ന ഗാനം. സഹോദരൻ സൊഹേബ് ഹസനൊപ്പം പാടിയ ഗാനങ്ങളുടെ വിറ്റഴിഞ്ഞ ആറു കോടി റിക്കോർഡർകളും ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയ ആദ്യ പാക്കിസ്ഥാൻ സ്വദേശിയെന്ന വിശേഷണവും തുടർന്നു വിവിധ ഭാഷാചിത്രങ്ങളിലായി പാടി ഹിറ്റാക്കിയ ഗാനങ്ങളുടെ ഓർമശേഖരവും തന്നെ ധാരാളം നസിയ ഹസന്റെ പ്രതിഭയെ പൂരിപ്പിക്കാൻ.

അനുവാദമില്ലാതെ അതിർത്തികടന്നെത്തി, നമ്മുടെ ഹൃദയങ്ങളെ കീഴടക്കിയ നസിയയുടെ സംഗീതത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും എവിടെനിന്നാണു പറഞ്ഞുതുടങ്ങേണ്ടത്? അവളുടെ കൊഞ്ചിക്കരച്ചിലിന് ആദ്യം കാതോർത്ത കറാച്ചിയുടെ കൊച്ചുകൊച്ചു തെരുവുകളിൽനിന്നോ? (അവിടെയായിരുന്നല്ലോ നസിയയുടെ ജനനം) അതോ അവളുടെ പെൺകുട്ടിക്കാലം പാടിപ്പാടിയുറക്കിയ കളിപ്പാവകളെ കയ്യെത്താദൂരെ നഷ്ടപ്പെടുത്തിയ ലണ്ടൻ നഗരത്തിലെ തിരക്കുകളിൽനിന്നോ? (അവിടെയായിരുന്നല്ലോ നസിയയുടെ ഉന്നത പഠനം) അതോ അതേ നഗരത്തിലെ മറ്റൊരു കോണിൽ ഹെൻഡൺ സെമിത്തേരിയിൽ ഇളംവയലറ്റ് നിറമുള്ള ലില്ലിപ്പൂക്കൾക്കിടയിലെ സന്ദർശകത്തിരക്കൊഴിഞ്ഞ കല്ലറയുടെ മരവിപ്പിൽനിന്നോ? (അവിടെയാണല്ലോ നസിയയുടെ, ഇനിയൊരിക്കലും ഒരു വരി പോലും മൂളിപ്പാടില്ലെന്ന പിടിവാശിയോടെയുള്ള മയങ്ങിക്കിടത്തം, മരണം, മൗനം..) മുപ്പത്തിയഞ്ചാം വയസ്സിൽ മരണം അതിന്റെ ഒടുക്കവരി മൂളി കൂട്ടിക്കൊണ്ടുപോയില്ലായിരുന്നെങ്കിൽ ഇപ്പോൾ അൻപതു വയസ്സിന്റെ ആഘോഷമധുരം പങ്കിട്ടുകഴിയുമായിരുന്ന നസിയയെക്കുറിച്ചാകട്ടെ ഈ പാട്ടാഴ്ച.

‘ആപ് ജൈസാ കോയി മേരി’... (ഞങ്ങൾക്കറിയാം, അങ്ങനെ നിന്നെപ്പോലെ മറ്റെ‌ാരാൾ ഉണ്ടാവില്ല!)

കറാച്ചിയിൽ 1965 ഓഗസ്റ്റിൽ, വ്യാപാരിയായ ബാസിർ ഹസന്റെയും സാമൂഹിക പ്രവർത്തക മുനിസാ ബാസിറിന്റെയും മകളായിട്ടായിരുന്നു നസിയയുടെ ജനനം. സഹോദരങ്ങളായ സൊഹേബിനും സാറയ്ക്കുമൊപ്പം വളർന്ന കുട്ടിക്കാലം. പത്താം വയസ്സിലാണ് ആദ്യമായി നസിയയ്ക്കൊപ്പം പാട്ടുകാരിയെന്ന വിശേഷണം ചേർത്തുവയ്ക്കുന്നത്. 1970കളുടെ അവസാനമായപ്പോഴേക്കും പാക്കിസ്ഥാനി ടെലിവിഷൻ ചാനലിലെ സംഗീതപരിപാടികളിലൂടെ കൊച്ചുനസിയ അറിയപ്പെട്ടുതുടങ്ങിയിരുന്നു. കറാച്ചിയിലെ സംഗീതസദസ്സുകളിലും പ്രാദേശിക ടെലിവിഷൻ പരിപാടികളിലും മാത്രമായി ഒതുങ്ങിപ്പോയേക്കുമായിരുന്ന ഒരു ഗായികയെ ലോകത്തിനു മുൻപിലേക്ക് അഭിമാനപൂർവം പരിചയപ്പെടുത്തിയതു ഫിറോസ് ഖാൻ എന്ന ഇന്ത്യൻ സിനിമാസംവിധായകനായിരുന്നു. ലണ്ടനിൽ നടന്ന ഒരു പാർട്ടിയിൽ യാദൃച്ഛികമായാണ് ഖാൻ നസിയയുടെ പാട്ട് കേൾക്കാനിടയാകുന്നത്. കുർബാനി എന്ന പുതിയ ചിത്രത്തിലേക്ക് ഒരു പുതുസ്വരം തേടുകയായിരുന്ന ഫിറോസ് നസിയയെ തന്റെ ചിത്രത്തിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുമ്പോൾ ദക്ഷിണേഷ്യയുടെ തന്നെ സംഗീതലോകത്തേക്കൊരു സ്വരറാണിയുടെ രംഗപ്രവേശമാണതെന്ന് ആരും ചിന്തിച്ചിരിക്കാനിടയില്ല. ‘ആപ് ജൈസാ കോയി മേരി’ എന്ന ഗാനം കുർബാനിയേക്കാൾ ഹിറ്റായി മാറിയതോടെ വിവിധ ഭാഷാചിത്രങ്ങളിൽനിന്നു നസിയയെ തേടി വീണ്ടും അവസരങ്ങൾ വന്നുതുടങ്ങി.

നസിയ ഹസൻ

പോപ് സംഗീതത്തിൽ സഹോദരൻ സൊഹേബിനൊപ്പം പരീക്ഷിച്ച പുതുമകൾ നസിയയെ സംഗീതാരാധകർക്കു പ്രിയപ്പെട്ടതാക്കി മാറ്റി. ആദ്യ ആൽബമായ ഡിസ്കോ ദീവാനിയുടെ (1981) കോപ്പികൾ റെക്കോർഡ് വേഗത്തിലാണ് ഇന്ത്യയിലും പാക്കിസ്ഥാനിലും വിറ്റുപോയത്. വെസ്റ്റ് ഇൻഡീസ്, ലാറ്റിൻ അമേരിക്ക, റഷ്യ എന്നിവയുൾപ്പെടെ മറ്റു പല രാജ്യങ്ങളിലെയും ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കാനും അധികതാമസമുണ്ടായില്ല. തുടർന്നു പുറത്തിറങ്ങിയ ബൂം ബൂം (1982), യങ് തരംഗ് (1984), ഹോട്ട് ലൈൻ (1987), ക്യാമറ ക്യാമറ (1991) എന്നിവയും സംഗീതാരാധകർക്കു പ്രിയപ്പെട്ടവയായി മാറി. ഏഷ്യയിലെ ആദ്യ മ്യൂസിക് വിഡിയോ ആൽബമായ യങ് തരംഗിന്റെ നാലു കോടി കോപ്പികളാണ് അക്കാലത്തു വിറ്റുതീർന്നത്. കുർബാനിയിലെ ഗാനം, ഫിലിം ഫെയർ പുരസ്കാരം നേടുന്ന ആദ്യ പാക്ക് ഗായിക എന്ന വിശേഷണം കൂടി നസിയയ്ക്കു ചാർത്തിനൽകി.

പതിവുഗായകരുടേതുപോലെ സംഗീതം തന്നെ ജീവിതം എന്ന കാഴ്ചപ്പാടായിരുന്നില്ല നസിയയ്ക്ക്. ലണ്ടനിലെ സർവകലാശാലയിൽ നിന്നു നിയമപഠനം പൂർത്തിയാക്കി ന്യൂയോർക്കിൽ യുഎന്നിലും യുനിസെഫിലുമൊക്കെ ജോലിചെയ്യുമ്പോൾ നസിയ സ്വപ്നം കണ്ടത് അമ്മയെപ്പോലെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയണം എന്നതായിരുന്നു. സംഗീതം നേടിക്കൊടുത്ത പണം മുഴുവൻ സാമൂഹിക പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുകയായിരുന്ന നസിയ ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിൻ അമേരിക്കയിലെയും ദുരിതജീവിതം നയിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങളിൽ നിസ്വാർഥപങ്കാളിയായി.

നസിയ ഹസൻ

1992ൽ പുറത്തിറങ്ങിയ ‘ക്യാമറ ക്യാമറ’ എന്ന ആൽബത്തിനുശേഷം നസിയ തന്റെ സ്വകാര്യജീവിതത്തിലേക്കും സാമൂഹിക പ്രവർത്തനങ്ങളിലേക്കും വഴിമാറിനടക്കുകയായിരുന്നു. കുർബാനിക്കു വേണ്ടി ഹിറ്റ് പാട്ടുകളൊരുക്കിയ സംഗീതസംവിധായകൻ ബിദ്ദു ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന പുതിയ ഗാനവുമായി നസിയയെ സമീപിച്ചെങ്കിലും പാക്കിസ്ഥാനിലെ ആരാധകരെ പിണക്കേണ്ടെന്നു കരുതി നസിയ ആ ക്ഷണം നിരസിച്ചു. (പിന്നീട് അലിഷ ചിനോയ് ആണ് ആ ഗാനം ആലപിച്ചത്)

ബിസിനസുകാരനായ മിർസ ഇഷ്തിയാഖിനെ 1995ൽ വിവാഹം കഴിക്കുന്നതിനു മുൻപേ തന്നെ അർബുദരോഗബാധിതയായിത്തീർന്ന നസിയയ്ക്കറിയാമായിരുന്നു, പാട്ടീണങ്ങളുടെ ലോകം വിട്ട്, മരണത്തിലേക്ക് ഇനി അധികനാൾദൂരമില്ലെന്ന്. ഒടുക്കനാളുകൾ നോർത്ത് ലണ്ടൻ ഹോസ്പൈസ് ആശുപത്രിയിലെ മരണക്കിടക്കയിൽ തള്ളിനീക്കുമ്പോൾ, പാട്ടുജീവിതം പാതിയിൽ അവസാനിപ്പിക്കേണ്ടിവന്നതിന്റെ കുറ്റബോധമായിരുന്നു നസിയയുടെ മനസ്സു നിറയെ. ദാമ്പത്യം അപശ്രുതിയിൽ അവസാനിച്ച് തനിച്ചായപ്പോൾ കൂട്ടുവന്ന മരണത്തെ നസിയ ഉള്ളുരുകി ശപിച്ചത് മരിക്കാനുള്ള ഭയം കൊണ്ടായിരുന്നില്ല, ഇനിയുമിനിയും പാടിപ്പാടി ജീവിക്കാനുള്ള കൊതികൊണ്ടുമാത്രമായിരുന്നു. ശ്വാസകോശാർബുദമായിരുന്നു നസിയയ്ക്ക്.

ഓരോ വരി മൂളിപ്പാടുമ്പോഴും ചുമച്ചുചുമച്ചു ചോരതുപ്പി പ്രാണൻ കൈവിട്ടുപോകുന്നതിന്റെ കടുംനോവറിഞ്ഞുകൊണ്ടായിരുന്നു മരണം. മുപ്പത്തിയഞ്ചാം വയസ്സിൽ ജീവിതക്കൊതി മുഴുവൻ അവശേഷിപ്പിച്ച്, ഒടുവിലേതോ പാട്ടിന്റെ പാതിവരിയിൽ മരണത്തിലേക്കു പിൻനടന്നുപോയെങ്കിലും ഇന്നും നമ്മുടെ ഓർമകളിൽ ആ ഗായികയുടെ സ്വരം ബാക്കിയാകുന്നു. അവർ ബാക്കിവച്ച മൗനത്തോടു ചേർത്തു വെറുതെ നമ്മുടെ മനസ്സ് പൂരിപ്പിച്ചുപാടുന്നു

‘ആപ് ജൈസാ കോയി മേരി

സിന്ദഗി മേം ആയേ...’