ഞാനും പോരാം, പൂരം കാണാൻ’

കാന്താ.. ഞാനും പോരാം, തൃശിവപേരൂർ പൂരം കാണാൻ കാന്തേ...നീയും പോര,് തൃശിവപേരൂർ പൂരം കാണാൻ... 2013ൽ പുറത്തിറങ്ങിയ‘പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലൂടെ തൃശൂരിനെയും പൂരത്തെയും മനോഹരമായി അവതരിപ്പിച്ച ഈ ഗാനം പൂരപ്രേമികളിലും ഏറെ ആവേശം സൃഷ്ടിച്ചു. സന്തോഷ് വർമ എന്ന തൃപ്പൂണിത്തുറ സ്വദേശിയായ പാട്ടെഴുത്തുകാരനാണ് ഈ വരികളെഴുതിയത്. പൂരം പ്രമേയമായി പാട്ടെഴുതിയതിന്റെ അനുഭവങ്ങളെക്കുറിച്ച് സന്തോഷ് വർമ പറയുന്നു.

പൂരം മുൻപു കണ്ടിട്ടുണ്ടോ?

∙ ‘തൃശൂർ പൂരം, ഒരിക്കൽ പോലും കാണാൻ എനിക്ക് കഴിഞ്ഞിട്ടില്ല. പതിനഞ്ച് വർഷം മുൻപ് ഒരു പുസ്തക പ്രസാധന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സമയത്ത് പൂര ദിവസങ്ങളിൽ ഞാൻ തൃശൂരിലുണ്ടായിരുന്നു. പൂരം പുസ്തകോത്സവത്തിന്റെ തിരക്കിലായിരുന്നതിനാൽ സാംപിൾ സമയത്ത് വടക്കുന്നാഥന്റെ മുന്നിൽ എത്താൻ കഴിഞ്ഞില്ല. പിന്നീട് എല്ലാ വർഷവും പൂരത്തിന് എത്തണമെന്ന് ആഗ്രഹിക്കാറുണ്ടെങ്കിലും ഇതുവരെ സാധിച്ചില്ലെന്നതാണ് സത്യം.

പൂരം ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത താങ്കൾ എങ്ങനെ ഇത്ര മനോഹരമായ ഗാനം എഴുതി?

∙ പൂരത്തെക്കുറിച്ച് പറഞ്ഞുകേട്ട ഒട്ടേറെ ചിത്രങ്ങൾ മനസിലുണ്ട്. തൃശൂരിലുള്ള ചില ബന്ധുക്കളും സുഹൃത്തുക്കളുമാണ് പൂരത്തെക്കുറിച്ചുള്ള എന്റെ സങ്കൽപങ്ങളെ വളർത്തിയത്. ‘പുണ്യാളൻ സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ

ആണ് തൃശൂർ പൂരം പ്രമേയമാക്കി ഒരു പാട്ടെഴുതുക എന്ന ആശയം അവതരിപ്പിച്ചത്. പൂരം നേരിൽ കണ്ടിട്ടില്ലെങ്കിലും എല്ലാ മലയാളിയെയും പോലെ പൂരത്തെക്കുറിച്ചുള്ള വികാരങ്ങളും സങ്കൽപങ്ങളും എന്റെ ഉള്ളിലുമുണ്ടായിരുന്നു. സന്ദർഭം ഒത്തുവന്നപ്പോൾ അതു സിനിമാ ഗാനമായെന്നു മാത്രം.

എത്ര ദിവസം കൊണ്ടാണ് ഗാനം പൂർത്തിയാക്കിയത്?

∙ ഒരു ദിവസം കൊണ്ട് രഞ്ജിത്ത് ശങ്കറിന്റെ എറണാകുളത്തെ ഫ്ളാറ്റിലിരുന്നാണ് പാട്ട് എഴുതിയത്. ആദ്യം വരികളെഴുതിയ ശേഷം സംഗീതം നൽകിയാൽ മതിയെന്നു തീരുമാനിച്ചിരുന്നതിനാൽ തൃശൂരിന്റെ വികാരം പൂർണമായും വരികളിലേക്ക് പകർത്താനായി. ബിജിപാൽ ആയിരുന്നു സംഗീതം. പി. ജയചന്ദ്രനാണു ഗാനം ആലപിച്ചത്. പാട്ട് ഹിറ്റായപ്പോൾ തൃശൂരിൽനിന്നു ലഭിച്ച അഭിനന്ദന പ്രവാഹങ്ങൾ മറക്കാനാവില്ല.

∙ പൂരം കാണാൻ ഇനിയെന്നു വരും?

ഇത്തവണ പൂരത്തിനു വരണമെന്നു കരുതിയതാണ്. ഒത്തിരി സുഹൃത്തുക്കൾ പൂരം കാണാൻ ക്ഷണിക്കുകയും ചെയ്തു. പക്ഷേ തിരക്കുകൾ കാരണമാണ് ആ യാത്ര മാറ്റിവച്ചത്. ദിലീപ് നായകനാവുന്ന ‘ചന്ദ്രേട്ടൻ എവിടെയാ, ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം, വികെ പ്രകാശിന്റെ ‘നിർണായകം, മമ്മൂട്ടി നായകനായി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന അഛാ ദിൻ എന്നിവയാണ് പുതിയതായി പാട്ടെഴുതുന്ന സിനിമകൾ.

പൂണ്യാളൻ അഗർബത്തീസ് സിനിമയിലെ ഗാനം

പൂരങ്ങളുടെ പൂരമുള്ള നാടു നമ്മുടെ നാട്

ഓണത്തിനു പുലിയിറങ്ങണൊരൂരു നമ്മുടെ ഊര്

ഇപ്പറഞ്ഞ നാടിനു കരയേഴുമൊട്ടുക്കു പേര്

കാണണങ്കി കാണണം ഗഡി തൃശിവപേരൂര്

നാടിനൊത്ത നടുവിലു പച്ചക്കൊടി പിടിക്കണ കാട്

വട്ടത്തില് കൂടുവാനവിടെടവുമുണ്ടൊരുപാട്

തേക്കിൻകാടു തേക്കിൻകാടെന്നു പറഞ്ഞുപോരണ പേര്

കൂടണങ്കി കൂടണം ഗഡി തൃശിവപേരൂര്

കാന്താ.. ഞാനും പോരാം,

തൃശിവപേരൂർ പൂരം കാണാൻ...

കാന്തേ...നീയും പോര്

തൃശിവപേരൂർ പൂരം കാണാൻ...

പുത്തൻപള്ളി ഓത്തുപള്ളി പിന്നമ്പലങ്ങള് കാവ്

പത്തുപതിനായിരം വന്നുപോകും പട്ടണം ജോറ്

പാട്ട്കളി നാടകം നല്ലസ്സല് വായനശാല

ആന മയിൽ ഒട്ടകം കളിയാടണ മൃഗശാല

ആനക്കമ്പം കമ്പക്കെട്ടിലും കമ്പമുള്ളവരേറെ

ചങ്കിടിപ്പിന്റൊച്ച ഉത്സവ ചെണ്ട കൊട്ടണ പോലെ

എത്രപറഞ്ഞാലും പറയാത്തതൊത്തിരി വേറെ

പോകണങ്കി പോകണം ഗഡി തൃശിവപേരൂര്...

കാന്താ.. ഞാനും പോരാം,

തൃശിവപേരൂർ പൂരം കാണാൻ...

കാന്തേ...നീയും പോര്

തൃശിവപേരൂർ പൂരം കാണാൻ...

വടക്കുന്നാഥന്റെ മുന്നിൽ നിറഞ്ഞ രാഗം

1987ൽ പത്മരാജന്റെ സംവിധാനത്തിൽ ഇറങ്ങിയ തൂവാനത്തുമ്പികൾ എന്ന സിനിമയിലെ ‘ഒന്നാം രാഗം പാടി എന്ന ഗാനമാണ് ഇതിനു മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ട തൃശൂർ ഗാനം. പൂരത്തെക്കുറിച്ചല്ല, ഈ പാട്ടെങ്കിലും പൂരത്തിന് ആതിഥേയത്വം വഹിക്കുന്ന വടക്കുന്നാഥ ക്ഷേത്രമാണ് ഈ പാട്ടിലെ പ്രമേയം. ശ്രീകുമാരൻ തമ്പിയാണ് ഈ പാട്ട് എഴുതിയത്. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ സംഗീത സംവിധാനത്തിൽ ജി. വേണുഗോപാൽ ആണ് ഗാനം ആലപിച്ചത്. തരംഗിണി പുറത്തിറക്കിയ കസെറ്റിലെ യേശുദാസ് ആലപിച്ച ‘വടക്കുന്നാഥാ സർവം നടത്തും നാഥാ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

തൂവാനത്തുമ്പികൾ സിനിമയിലെ ഗാനം

ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി

വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥന്റെ മുന്നിൽ

പാടുവതും രാഗം നീ തേടുവതും രാഗമാം

ദേവനുമനുരാഗിയാം അമ്പലപ്രാവേ

ഈ പ്രദക്ഷിണ വീഥികൾ ഇടറി വിണ്ട പാതകൾ

എന്നും ഹൃദയസംഗമത്തിൽ ശീവേലികൾ തൊഴുതു

കണ്ണുകളാൽ അർച്ചന മൗനങ്ങളാൽ കീർത്തനം

എല്ലാമെല്ലാം അറിയൂന്നീ ഗോപുരവാതിൽ

നിന്റെ നീല രജനികൾ, നിദ്രയോടും ഇടയവേ

ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു

അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ

എല്ലാമെല്ലാം കാലത്തിൻ ഇന്ദ്രജാലങ്ങൾ