നാദം നിലച്ച ഷെഹ്നായിയുടെ 99–ാംജന്മദിനം ഇന്ന്

ഗ്രാമങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഷെഹ്നായിയുടെ വിഷാദ നാദം ഇന്ത്യൻ സംഗീതത്തോട് ചേർത്ത് വെച്ച സംഗീതജ്ഞനാണ് ഉസ്താദ് ബിസ്മില്ല ഖാൻ. ഷെഹ്നായിലൂടെ ചരിത്രം രചിച്ച ഇന്ത്യയുടെ ഷെഹ്നായി നാദം ഉസ്താദ് ബിസ്മില്ലാ ഖാനിന്റെ 99–ാമത് ജന്മദിനം ഇന്ന്.

1913 മാർച്ച് 21 ന് ബീഹാറിലെ ഷെഹ്നായി വാദകരുടെ കുടുംബത്തിൽ ജനിച്ച ബിസ്മില്ല ഖാൻ ഷെഹ്നായിയുടെ നാദങ്ങളിലൂടെയാണ് വളർന്നത്. ഷെഹ്നായി വാദകരായ അച്ഛന്റേയും അമ്മാവന്റേയും ബന്ധുക്കളുടേയും വഴിയെ ചെറുപ്പത്തിലെ സഞ്ചരിച്ചു തുടങ്ങിയ ബിസ്മില്ല അമ്മാവനും മിയാൻ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ആസ്ഥാന ഷെഹ്നായി വിദ്വാനുമായിരുന്ന അലിഭക്ഷ് വിലായതിൽ നിന്നാണ് ഷെഹ്നായിയുടേയും വായ്പാട്ടിന്റേയും ആദ്യാക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത്.

1924 ൽ കൽക്കത്തയിൽ വച്ച് അമ്മാവന് അകമ്പടി വായിച്ചായിരുന്നു ബിസ്മില്ല ഖാൻ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 1937 ൽ കൽക്കത്തയിലെ പ്രശസ്തമായ സംഗീതസമ്മേളനത്തിൽ ഒറ്റയ്ക്ക് ഷെഹ്നായി വായിച്ച് ബിസ്മില്ല സംഗീതലോകത്ത് പ്രശസ്തനായിത്തുടങ്ങി. ഇന്ത്യയിൽ മാത്രമല്ല വിദേശരാജ്യങ്ങളിലെ സംഗീതവേദികളിലും ഷെഹ്നായി അവതരിപ്പിച്ചിട്ടുള്ള ബിസ്മില്ലാഖാൻ ഷെഹ്നായി നാദം ലോകംമുഴുവൻ എത്തിച്ച കലാകാരനായിരുന്നു. ഇന്ത്യയ്ക്കു സ്വാതന്ത്യ്രം ലഭിച്ച ദിവസം ദില്ലിയിലെ ചെങ്കോട്ടയിൽ ഷെഹ്നായി വായിച്ച് സ്വാതന്ത്യ്രത്തെ സസന്തോഷം സ്വാഗതം ചെയ്ത മഹാനായ കലാകാരനാണ് ഉസ്താദ് ബിസ്മില്ലാഖാൻ.

ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം അടക്കം എല്ലാ ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയ അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു ഉസ്താദ് ബിസ്മില്ലഖാൻ. ഇന്ത്യയിൽ ശാസ്ത്രീയസംഗീതത്തിനെ ജനപ്രിയമാക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ശുദ്ധസംഗീതത്തിന്റെ വക്താവായ അദ്ദേഹം അനാവശ്യമായ സങ്കീർണ്ണതകൾ തന്റെ രാഗങ്ങളിൽ നിന്ന് ഒഴിവാക്കി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2006 ഓഗസ്റ്റ് 21ന് തന്റെ 90–ാമത്തെ വയസിൽ ഉസ്താദ് ബിസ്മില്ലഖാൻ അന്തരിച്ചപ്പോൾ ഇന്ത്യയ്ക്ക് നഷ്ടമായത് ഷെഹ്നായിയുടെ നാദത്തെയാണ്.