ആദ്യഗാനത്തിലേ ചതിയുടെ നോവ് !

ജി വേണുഗോപാൽ

എത്രയോ സ്വപ്നങ്ങളുമായാണ് ഒരാൾ തന്റെ ജീവിതത്തിലെ ആദ്യ പിന്നണി ഗാനം പാടുന്നത്. പക്ഷേ, ആദ്യ പാട്ടിൽത്തന്നെ ചതിക്കപ്പെട്ടാലോ? അത്തരമൊരു ചതിയുടെ നൊമ്പരമുണ്ട് ഈ ഗായകന്റെ നെഞ്ചിൽ.

ആദ്യം പാടാൻ അവസരം കിട്ടിയ പാട്ട് അവസാന നിമിഷം മറ്റൊരാളുടേതായിപ്പോകുന്നതിന്റെ വേദന... നെഞ്ചിൽ ഒരിക്കലും അണയാത്ത നെരിപ്പോടായിരിക്കും ഈ ഓർമ. 1985ൽ പുറത്തിറങ്ങി ജോഷി സംവിധാനം ചെയ്തു മമ്മൂട്ടിയും സുമലതയും അഭിനയിച്ചു സൂപ്പർ ഹിറ്റായ സിനിമയാണു ‘നിറക്കൂട്ട് . ഡെന്നിസ് ജോസഫായിരുന്നു തിരക്കഥ. നിർമാണം ജൂബിലി. ഇതിൽ ശ്യാം സംഗീതം നൽകിയ ഹിറ്റ് ഗാനമാണു ‘പൂ മാനമേ ഒരു രാഗമേഘം താ... മലയാളത്തിലെ നിത്യഹരിത ഗാനം. രചന പൂവച്ചൽ ഖാദർ.

അന്നു മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനാണു ശ്യാം. അദ്ദേഹത്തിന്റെ ഈണത്തിൽ ഒരു ഗാനം പാടാൻ മലയാളത്തിലെ യുവ ഗായകരെല്ലാം കൊതിച്ചിരുന്നു. ഈ ഗാനം പാടാനുള്ള ഭാഗ്യം ലഭിച്ചത് ജി. വേണുഗോപാലിനായിരുന്നു. കേരള സർവകലാശാല യുവജനോൽസവത്തിൽ ലളിത ഗാനത്തിനു പല തവണ ഒന്നാം സമ്മാനം നേടിയിരുന്ന വേണുവിന് അർഹിക്കുന്ന അംഗീകാരം. വേണു ഗംഭീരമായിത്തന്നെ പാടി റിക്കോർഡ് ചെയ്തു. പക്ഷേ, സിനിമ റിലീസ് ചെയ്തപ്പോൾ ടൈറ്റിൽ കാർഡിൽ വേണുവിന്റെ പേരില്ല, സിനിമയിൽ പാട്ടുമില്ല. പകരം കെ.ജി. മാർക്കോസിന്റെ പേരാണു ടൈറ്റിലിൽ ചേർത്തിരിക്കുന്നത്.

സംഭവിച്ചത് ഇതാണ്. പാട്ടിന്റെ റിക്കോർഡിങ് നടക്കുന്ന വേളയിൽ ചിത്രത്തിന്റെ പിന്നണി പ്രവർത്തകരിൽ ഒരു പ്രധാനിക്കു വേണുവിന്റെ പെരുമാറ്റം അത്ര സുഖിച്ചില്ല. അദ്ദേഹത്തെ സ്റ്റുഡിയോയിൽവച്ചു വേണു ബഹുമാനിച്ചില്ല പോലും. അയാളുടെ നിർദേശപ്രകാരം വേണുഗോപാലിനെ മാറ്റി മാർക്കോസിനെക്കൊണ്ട് ഈ പാട്ട് വീണ്ടും പാടിക്കുകയായിരുന്നു.

പക്ഷേ, മാർക്കോസ് വീണ്ടും പാടി റിക്കോർഡ് ചെയ്യുന്നതിനുമുമ്പ് ചിത്രത്തിന്റെ കസെറ്റ് ഇറങ്ങിയിരുന്നു. അതുകൊണ്ട് കസെറ്റിൽ വേണു പാടിയ ‘പൂമാനമാണു നാം കേൾക്കുന്നത്. ചിത്രത്തിൽ പക്ഷേ, മറ്റൊന്നു സംഭവിച്ചു. വേണുവിനൊപ്പം ചിത്രയും ഈ ഗാനം ആലപിച്ചിരുന്നു. നാം സിനിമയുടെ ക്ലിപ്പിങ്ങിൽ കേൾക്കുന്നതു ചിത്രയുടെ ശബ്ദമാണ്. മാർക്കോസിനും പൂമാനം സിനിമയിൽ വരാനുള്ള ഭാഗ്യം ഉണ്ടായില്ല. മാർക്കോസിനു പക്ഷേ, ഈ ചതിയിൽ പങ്കുണ്ടാകില്ല. അന്നേ മലയാളത്തിലെ അറിയപ്പെടുന്ന ഗായകനാണു മാർക്കോസ്. മറ്റൊരാളുടെ ആദ്യഗാനം തട്ടിയെടുക്കേണ്ട കാര്യം അദ്ദേഹത്തിനില്ല.

ആദ്യ അവസരത്തിൽ ചതിക്കപ്പെട്ടെങ്കിലും, പത്മരാജന്റെ തൂവാനത്തുമ്പികളിലെ ‘ഒന്നാം രാഗം പാടി...യിലൂടെ വേണുഗോപാൽ മലയാളത്തിൽ ജൈത്രയാത്ര തുടങ്ങി (സംഗീതം-പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്). ഇന്നും വ്യത്യസ്തമായ ആലാപന ശൈലിയും ശബ്ദവുമായി അദ്ദേഹം മലയാള സംഗീതത്തിൽ സ്വന്തം സ്ഥാനത്തിരിക്കുന്നു. അന്നു വേണുവിനെ മാറ്റാൻ നിർദേശിച്ചയാൾ താമസിയാതെ സിനിമയിൽനിന്ന് ഒൗട്ടായി. രണ്ടാം വരവിനു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു.