ആ ഭാഗ്യ മുഹൂർത്തത്തിൽ

എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യൻ, എൽ. ശങ്കർ

എൽ. വൈദ്യനാഥൻ, എൽ. സുബ്രഹ്മണ്യൻ, എൽ. ശങ്കർ - ലോക സംഗീതത്തിന് ഇന്ത്യ സംഭാവന നൽകിയ സഹോദരങ്ങൾ. വയലിൻ തന്ത്രികളുടെ അപാരമായ സാധ്യതകളിൽ ലോകത്തെ വിസ്മയിപ്പിച്ചവർ. വയലിൻ എന്ന സംഗീതോപകരണത്തിന്റെ നിർമിതിയിൽപ്പോലും ഒട്ടേറെ വൈവിധ്യങ്ങൾ പരീക്ഷിച്ചവർ.

മൂത്തയാൾ, വൈദ്യനാഥൻ മൺമറഞ്ഞുപോയി. സഹോദരങ്ങളിൽ സിനിമാ സംഗീതത്തോട് ഏറ്റവും ആഭിമുഖ്യം ഇദ്ദേഹത്തിനായിരുന്നു. കന്നഡയിലും തമിഴിലുമായി 170 സിനിമകൾക്കു സംഗീതം നൽകി.

ഇളയയാൾ ശങ്കർ പതിറ്റാണ്ടുകളായി യുഎസിൽ സ്ഥിരതാമസം. നടുക്കഷണം സുബ്രഹ്മണ്യനാണു നമുക്കൊപ്പം ഉള്ളത്. ആ വാദനത്തിന്റെ ദൃശ്യഭംഗി കണ്ടുമാത്രം വയലിൻ പഠിക്കാൻ പോകുന്നവരെ അറിയാം. അത്ര ആവേശമാണു സുബ്രഹ്മണ്യൻ ഇന്ത്യക്കാർക്ക്. എ.ആർ. റഹ്മാന്റെ പ്രിയ വയലിനിസ്റ്റ് എന്നു വിശേഷിപ്പിക്കുന്നതു സുബ്രഹ്മണ്യനോടുള്ള അനീതിയാവും.

പിതാവ് തമിഴ്നാട്ടുകാരൻ വി. ലക്ഷ്മിനാരായണ. ശ്രീലങ്കയിലെ ജാഫ്ന കോളജ് ഓഫ് മ്യൂസിക്കിലെ പ്രഫസർ. വയലിൻ വിസ്മയം. അമ്മ സീതാലക്ഷ്മി വീണാവിദുഷി. മൂന്നുപേരുടെയും വയലിൻ ഗുരു പിതാവുതന്നെ. വംശീയ കലാപം മൂർച്ഛിച്ച 1950കളിൽ ജോലി ഉപേക്ഷിച്ചു ലക്ഷ്മിനാരായണ നാട്ടിലേക്കു മടങ്ങിയതോടെ മക്കളും ജൻമനാട്ടിലെത്തി. സംഗീതത്തോടൊപ്പം മക്കളിൽ ശാസ്ത്രാഭിമുഖ്യവും വളർത്താൻ ഇൗ പിതാവ് ഇച്ഛിച്ചിരുന്നു. സുബ്രഹ്മണ്യൻ മദ്രാസ് മെഡിക്കൽ കോളജിൽനിന്നു ഡോക്ടറായി.ശങ്കർ ഫിസിക്സിൽ ബിരുദം നേടി.

ഇൗ വയലിൻ സഹോദരത്രയം വേദിയിൽ ഒരുമിച്ചു വന്നപ്പോഴൊക്കെ അതു വിശേഷണങ്ങൾക്ക് അതീതമായ അനുഭവമായി. അത്തരം അനുഭവങ്ങൾ കുറച്ചേ ഉണ്ടായിട്ടുള്ളൂവെങ്കിൽപോലും.

എന്നാൽ ഇൗ മുന്നുപേരും ഒരു മലയാള സിനിമാ ഗാനത്തിനുവേണ്ടി ഒന്നിച്ചു വയലിൻ വായിച്ചിട്ടുണ്ട്. അവിശ്വസിക്കേണ്ട. നാം അത്രയും ഭാഗ്യം ചെയ്തവർതന്നെ.

1968ൽ ഇറങ്ങിയ ‘വെളുത്ത കത്രീന (സംവിധനം: ശശികുമാർ) എന്ന ചിത്രത്തിൽ എ.എം. രാജ പാടിയ

'കാട്ടുചെമ്പകം പൂത്തുലയുമ്പോൾ കടമ്പുമരം തളിരണിയുമ്പോൾ...' എന്ന ഗാനത്തിലാണ് ഇൗ അദ്ഭുതം സംഭവിച്ചത്.

നായകനായ സത്യൻ അവതരിപ്പിച്ച ചെല്ലപ്പൻ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന ഇൗ ഗാനത്തിൽ വയലിന് വലിയ പ്രാധാന്യമുണ്ട്. ‘സംഗീത സംവിധായകൻ ദേവരാജനാണ് ഇവരെ മൂവരെയും കൊണ്ടുവരാൻ മുൻകൈ എടുത്തത്. പാട്ടിൽ നിർണായക സ്ഥാനമുള്ള വയലിന് അത്ര പൂർണത വേണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി പറയുന്നു. ഇതിനു വയലിൻ വായിക്കുമ്പോൾ ഇളയ സഹോദരൻ എൽ. ശങ്കറിന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ!

ഈ പാട്ടിന് ഗിറ്റാർ വായിച്ചത് ആരാണെന്ന് അറിയാമോ? സാക്ഷാൽ ഇളയരാജ!