Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോൾ...

mani-vlpn1

ചില കഥാപാത്രങ്ങളല്ല, ആ പാട്ടു പാടിയത് എന്നു വിശ്വസിക്കാൻ നമുക്കാകില്ല. ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ എന്ന പാട്ട് കലാഭവൻ മണി തന്നെയാണ് പാടിയതെന്നേ നമുക്ക് തോന്നൂ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ ഈ ഗാനം വീണ്ടും വീണ്ടും മനസിനെ നൊമ്പരപ്പെടുത്തുന്നു. കലാഭവൻ മണിയുടെ അഭിനയത്തിലെ ഏറ്റവും നല്ല മുഹൂർത്തങ്ങളുള്ള ചിത്രങ്ങളിലൊന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും.

കവല മുറ്റത്തെ ആൽമരച്ചോട്ടിനു മുന്നിലിരുന്ന് ഒരു നേരത്തെ ആഹാരത്തിനായി പാട്ടുപാടുന്ന രാമു മലയാള ചലച്ചിത്രത്തിന്റെ ഹൃദയം തൊട്ട കഥാപാത്രങ്ങളിലൊന്നു തന്നെ. ഇന്ന് കാലമെത്തും മുൻപേ മണി മടങ്ങിപ്പോകുമ്പോൾ ആദ്യം മനസിലോർക്കുന്നതും ആ രൂപം തന്നെ. ആ ഗാനവും ചിത്രത്തിന്റെ അവസാന രംഗങ്ങളും മായാതെ മങ്ങാതെ ഓർമകളിൽ നിറയുന്നു.

കാലത്തിന്റെ പ്രായത്തിനനുസരിച്ച് ചലച്ചിത്ര ഗീതങ്ങളുടെ രചനയിൽ മാറ്റം വന്നപ്പോഴും കാവ്യസങ്കൽപങ്ങളുടെ മനോഹാരിതയെ യാഥാർഥ്യമാക്കി ഒപ്പം നടന്ന കവിയാണ് യൂസഫലി കേച്ചേരി. അദ്ദേഹമാണ് ആലിന്റെ ചുവട്ടിലിരുന്നുള്ള പാട്ടിന് ആലിലക്കണ്ണാ നിന്‍റെ മുരളിക കേൾക്കുമ്പോൾ എന്ന വരികൾ കുറിച്ചത്. വിശപ്പകറ്റാൻ ഉൾത്തുടി താളത്തിൽ കണ്ണീർ പാട്ടുകൾ പാടിയ പാട്ടുകാരനെന്ന് ആ കഥാപാത്രത്തെ വിശേഷിപ്പിച്ചത്. കണ്ണിലെ ഇരുളിനെ മറന്ന് വേദനകളെ വേദാന്തമാക്കി നല്ല ഈണങ്ങൾ പാടി സിന്ദൂര കിരണങ്ങളെ തന്റെ ഇരുട്ട് നിറഞ്ഞ വഴിയിലേക്ക് കൊണ്ടുവന്നതെന്ന് എഴുതിയത്. ഈ വരികളും മണിയുടെ ജീവിതവുമായി ഒരുപാട് ബന്ധമുണ്ട്. വിശപ്പാണ് മണിയിലെ കലാകാരനെ ഉണർത്തിയത്. ആ വേദനകളെ മറക്കാൻ ചിരിയെ കൂട്ടുപിടിച്ചത് മറ്റുള്ളവരുടെയും കൂട്ടുകാരനാക്കിയത് പിന്നീട് കാലഘട്ടങ്ങളുടെ ചിന്തയിലേക്ക് ആ ചിരിയെ പായിച്ചത്. ഉൾക്കണ്ണിലെ കാഴ്ചയേയും ഇരുൾ വഴിയിലെ വേദനയേയും ജീവിതമൊരുക്കുന്ന നൊമ്പരങ്ങളേയും ഓർക്കുന്ന വരികൾക്ക് ഏറ്റവും അനുയോജ്യമായ ഈണമിട്ടത് മോഹൻ സിത്താരയാണ്.

തെന്നിന്ത്യയിലെ വലിയ നടനായിട്ടും ചാലക്കുടി പുഴയിൽ മണൽ വാരിയ കഥയേയും സ്കൂളിൽ നിന്ന് സൗജന്യമായി കിട്ടുന്ന ഉപ്പുമാവിന്റെ രുചിയേയും ഏത് വേദിയിലും പറയാൻ പോന്ന മനസിനുടമയായിരുന്നു മണി. ചിത്രത്തിലെ രാമുവിനെ പോലെ ജീവിതത്തിലെ പ്രതിസന്ധികളാണ് മണിക്കുള്ളിലെ കലാകാരനേയും വാർത്തെടുത്തത്. ഈ ജീവിതം പഠിപ്പിച്ച അഭിനയ കലയുടെ ഉയരം എത്രത്തോളമുണ്ടെന്ന് മലയാളി അടുത്തറിഞ്ഞ ഈ ചിത്രവും ഈ ഗാനവും പ്രസക്തമാകുന്നത് അതുകൊണ്ടാണ്. വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. കേന്ദ്ര-സംസ്ഥാന സർക്കാർ‌ പുരസ്കാരങ്ങളിൽ മണിക്ക് പ്രത്യേക ജൂറി പരാമർശം നേടാനായി ഈ ചിത്രത്തിലെ അഭിനയത്തിന്.

പാട്ടിന്റെ വരികൾ

ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

എൻ മനസ്സിൽ പാട്ടുണരും ആയിരം കനവുണരും(2)

ഉയിരിൻ വേദിയില്‍ സ്വരകന്യകമാർ നടമാടും

ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോള്‍

എൻ മനസിൽ പാട്ടുണരും ആയിരം കനവുണരും

വഴിയമ്പലത്തിൽ വഴി തെറ്റി വന്നൂ

ഞാനൊരു വാനമ്പാടി

ഒരു ചാൺ വയറിനു ഉൾത്തുടി താളത്തിൽ

കണ്ണീർ പാട്ടുകൾ പാടാം ഞാൻ

കണ്ണീർ പാട്ടുകൾ പാടാം ഞാൻ

ഓ.. ഓ.. ഓ..

ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ

എൻ മനസില്‍ പാട്ടുണരും ആയിരം കനവുണരും

വേദനയെല്ലാം വേദാന്തമാക്കി

ഞാനിന്നൊരീണം പാടീ

സുന്ദര രാഗത്തിൻ സിന്ദൂര കിരണങ്ങൾ

കുരുടന്നു കൈവഴിയായി

കുരുടന്നു കൈവഴിയായി

ഓ..ഓ..ഓ...

(ആലിലക്കണ്ണാ)

Your Rating: