ജീവിക്കാൻ പ്രേരിപ്പിച്ച പാട്ട്

സ്നേഹ

ചില അപൂർവം പാട്ടുകൾക്ക് ജീവന്റെ വിലയുണ്ടാവും. ഓട്ടോഗ്രാഫിലെ ‘ഒവ്വൊരു പൂക്കളുമേ സൊൽകിറതേ.. വാഴ്വെൻട്രാൽ പോരാടും പോർക്കളമേ.. എന്ന പാട്ടിന് അങ്ങനെ ഒരു അപൂർവ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ഈ പാട്ട് ജീവിക്കാൻ പ്രേരിപ്പിച്ചു എന്ന് പലരും പറഞ്ഞതായി പാട്ട് പാടിയ ചിത്ര സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴും ചിത്രയുടെ സ്റ്റേജ് ഷോകളിൽ ഈ പാട്ട് കേട്ട് പലരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നത് കാണുമ്പോൾ മനുഷ്യന്റെ ഉള്ള് തൊടാൻ കഴിയുന്ന ഗായികയോട് വല്ലാത്ത ആരാധന തോന്നും.

ചേരൻ സംവിധായകനും നായകനുമായ ചിത്രമാണ് ഓട്ടോഗ്രാഫ്. ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച് നിൽക്കുന്നവന്റെ ഉയിർത്തെഴുന്നേൽപ്പിന് കാരണമാകുന്ന ഈ പാട്ടിന് സിനിമയിൽ പ്രാധാന്യമേറെയുണ്ട്. അന്ധകലാകാരന്മാരുടെ ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഇത് സിനിമയിൽ അവതരിപ്പിച്ചരിക്കുന്നതാകട്ടെ തമിഴിന്റെ പ്രിയ നടി സ്നേഹയും. വരികളിലും ഈണത്തിലും ആലാപനത്തിലുമുള്ള ശക്തി മുഴുവൻ പ്രേക്ഷകരിലേക്കെത്തിക്കാൻ സ്നേഹയുടെ പെർഫോമൻസിന് സാധിക്കുന്നുണ്ടെന്ന കാര്യത്തിൽ തർക്കമേയില്ല.

ജീവതം ഒരു പോർക്കളമാണ്. അതിൽ പോരാടുക തന്നെ വേണം. ഒരു രാത്രിക്ക് ഒരു പകൽ നിശ്ചയമായും ഉണ്ട്. വിശ്വാസത്തോടെ പോരാടുക. മുന്നോട്ടു പോകുക. തോറ്റുകൊടുക്കരുത്. നമ്മൾ വിജയിക്കുക തന്നെ ചെയ്യും.

പ്രതീക്ഷയുടെ ഒരു ഇത്തിരി വെട്ടത്തിന് നമ്മുടെ ജീവിതത്തിൽ അദ്ഭുതങ്ങൾ ചെയ്യാൻ കഴിയുമെന്ന സത്യമാണ് ഈ പാട്ടിനെ എല്ലാവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. ഓട്ടോഗ്രാഫ് എന്ന സിനിമയും ഭൂതകാലത്തിന്റെ മുറിവുകളിൽ ഒടുങ്ങാതെ സ്വയം ജീവച്ചു കാട്ടാനും, വിജയിക്കാനുമുള്ള പ്രചോദനം നൽകുന്നുവെന്ന് പലരും പറയുന്നു. സത്യമാവും.

2004-ൽ പുറത്തിറങ്ങിയ ഓട്ടോഗ്രാഫിന് സംഗീതമൊരുക്കിയത് ഭരദ്വാജാണ്. പ. വിജയ് വരികൾ നൽകി. ചിത്രയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഒരിക്കൽ കൂടി നേടിക്കൊടുത്ത പാട്ട് എന്ന പ്രത്യേകതയുമുണ്ടിതിന്.