അഴലിന്റെ ആഴങ്ങളിൽ ഞാൻ മാത്രമായി...

നഷ്ടപ്പെട്ടു പോകുന്നതിന്റെ വേദനയറിഞ്ഞിട്ടുണ്ടോ? മറ്റെന്തിനേക്കാളും തീവ്രമാണത്. സങ്കടങ്ങളുടെ ആഴക്കടലിലേയ്ക്ക് മുങ്ങി മുങ്ങി പോകും, ശ്വാസം കിട്ടാതെ ദുഃഖ പരവശനായി...പിന്നെയുള്ള ഓർമകളിലും കാഴ്ചകളിലുമൊക്കെ അവൾ മാത്രമായിരിക്കും...അരികെയുണ്ടെന്ന തോന്നല്‍ എപ്പോഴും...വെറുതെയങ്കിലും..ഈ പാട്ടും ആ വിങ്ങലിനെയാണു സംവദിച്ചത്

"അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...

നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ് ...

അഴലിന്റെ ആഴങ്ങളില്‍ അവൾ മാഞ്ഞു പോയ്...

നോവിന്റെ തീരങ്ങളില്‍ ഞാന്‍ മാത്രമായ്...

ഇരുള്‍ ജീവനെ പൊതിഞ്ഞു ,

ചിതല്‍ പ്രാണനില്‍ മേഞ്ഞു ,

കിതയ്ക്കുന്നു നീ .... ശ്വാസമേ ...."

ഓർമഞ്ഞു മൂടിയ വൈകുന്നേരങ്ങളിൽ അവളുണ്ടാകാൻ എപ്പോഴും കൊതിച്ചിരുന്നു, ഒരിക്കൽ അവളെ കൂട്ടി ആ മല മുകളിലെ പച്ചയടുക്കിയ പോലെയുള്ള മൊട്ടക്കുന്നുകളിൽ ഒരു ദിവസം മുഴുവൻ നടന്നു കഥകൾ പറയണമെന്നും ആഗ്രഹിച്ചിരുന്നു, പക്ഷെ... ചില വിധികൾ ജീവിതത്തോട് മത്സരം പ്രഖ്യാപിക്കും. എന്നാൽ നീയൊന്ന് പൊരുതി നേടൂ എന്ന് ആജ്ഞാപിക്കും.. പക്ഷെ പൊരുതിയാൽ പോലും അത് ലഭിക്കുകയുമില്ല. 

"പിന്നോട്ടു നോക്കാതെ പോകുന്നു നീ....

മറയുന്നു ജീവന്റെ പിറയായ നീ....

അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ....

ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ....

എന്തിനു വിതുമ്പലായ് ചേരുന്നു നീ...

പോകൂ വിഷാദരാവേ....

എന്‍ നിദ്രയെ, പുണരാതെ....  നീ...."

അയാളും ഞാനും തമ്മിൽ എന്ന ചിത്രം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. കഥ കൊണ്ടും അഭിനയം കൊണ്ടും മികവുറ്റ ഒരു ചിത്രം. ചലച്ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനങ്ങളും അത്രമേൽ ചിത്രത്തിന്റെ ആത്മാവിനോടൊട്ടി നിൽക്കുകയും ചെയ്തു. വയലാർ ശരത് ചന്ദ്ര വർമ്മയുടെ വരികൾക്ക് ഔസേപ്പച്ചനാണ് ഈണം നൽകിയത്. നിഖിൽ മാത്യു,അഭിരാമി അജയ് എന്നീ ന്യൂജനറേഷൻ പാട്ടുകാരുടെ ഒച്ചയിൽ ഈ ഗാനം മികച്ചു നിൽക്കുകയും ചെയ്തു. 

പണ്ടെന്റെ ഈണം നീ മൗനങ്ങളിൽ..

പതറുന്ന രാഗം നീ എരിവേനലിൽ..

അത്തറായ് നീ പെയ്യും നാൾ ദൂരെയായ്..

നിലവിട്ട കാറ്റായ് ഞാൻ മരുഭൂമിയിൽ..

പൊൻകൊലുസ്സു കൊഞ്ചുമാ നിമിഷങ്ങളെൻ..

ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ..

നീ എങ്ങോ പോയ്..

ഒരിക്കൽ നെഞ്ചിൽ കുറിച്ചു വച്ച പ്രണയം അങ്ങനെ നഷ്ടപ്പെടുത്താൻ, അതിനെ മറവിയുടെ ആഴത്തിലേയ്ക്ക് വലിച്ചെറിയാൻ കഴിയുമോ? ഉള്ളിലൊരു കനലായി ഓരോ നിമിഷവും അതിങ്ങനെ ജ്വലിച്ചു കൊണ്ടേയിരിക്കും, ഒരുവേള ഹൃദയ ഭിത്തികൾക്ക് കനലിൽ നിന്നും തീപിടിച്ച് പൊള്ളിയടരുകയും ആവാം. പിന്നെയൊരു കത്തി നശിക്കലാണ്, ഒരു മുടിയിഴ പോലും ബാക്കി നിൽക്കാതെ എരിഞ്ഞു തീരൽ. അതിന്റെ അതി തീവ്രമായ സങ്കടത്തിലാണ് അവൻ പാടിപ്പോയത്... അഴലിന്റെ ആഴങ്ങളിൽ നീ മാഞ്ഞു പോയ്.... പക്ഷെ ആ പാട്ടിനു ശേഷം പിന്നെ എന്നും നോവിന്റെ തീരങ്ങളിൽ അവൻ മാത്രമായി തീർന്നു.