കാറ്റൂതിക്കെടുത്താത്ത പാട്ട്

ഒരു പാട്ടിന്റെ പെൺചിറകുകൾക്ക് എത്ര ആകാശദൂരം പറക്കാമെന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? ഏതേതു ദൂരെ കാത്തിരിക്കുന്ന കാതുകളിലാണ് അവൾ പാട്ടുമ്മ മുത്തി പറന്നുപോകുന്നത്? ഏതു ഹൃദയേകാന്തതകളിലാണ് അവൾ സ്വരസാന്ത്വനത്തിന്റെ കയ്യൊപ്പിടുന്നത്?

1972ലെ ഏതോ നിശ്ശബ്‌ദരാത്രിയിൽ പിയാനോയിൽ ഹൃദയവിരലുകൾ അമർത്തി ‘കാൻഡിൽ ഇൻ ദ് വിൻഡ്’ എന്ന വിഷാദഗാനം ആദ്യമായി പാടുമ്പോൾ എൽട്ടൺ ജോൺ എന്ന ഇംഗ്ലിഷ് സംഗീതജ്‌ഞൻ ചിന്തിച്ചുകാണില്ല, അതു പിന്നീട് മറ്റൊരു സൗന്ദര്യത്തിനുകൂടിയുള്ള വിലാപയാത്രാമംഗളമാകുമെന്ന്. രണ്ടു സുന്ദരികളുടെ ഓർമകുടീരങ്ങളിൽ അങ്ങനെ ഒരേ പാട്ടിന്റെ പല്ലവിപ്പൂക്കൾകൊണ്ട് ഗാനപുഷ്‌പാഞ്‌ജലിയുണ്ടായി; മെർലിൻ മൺറോയ്‌ക്കും ഡയാന രാജകുമാരിക്കും.

മെർലിൻ, ഈ പാട്ടിലുണ്ട് അലയടിക്കുന്ന പെൺകടൽ

മെർലിൻ മൺറോ. പെണ്ണഴകിന്റെ പെരുംപര്യായമായി ആൺനിഘണ്ടുവിൽ നിറഞ്ഞ ഹോളിവുഡ് സുന്ദരി. 1962 ഓഗസ്‌റ്റിൽ എന്നെന്നേക്കുമായി മരണത്തിരശ്ശീലയ്‌ക്കു പിന്നിലേക്കു മാഞ്ഞുമാഞ്ഞുപോകുമ്പോൾ മെർലിന് വയസ്സ് വെറും 36. പക്ഷേ, മരണത്തിനു മായ്‌ക്കാനാവുന്നതായിരുന്നില്ല മെർലിന്റെ മാദകത്വവും മാസ്‌മരിക സൗന്ദര്യവും. കത്തിപ്പടരാൻ കൽവിളക്കുകൾ ബാക്കിവച്ചുകൊണ്ടാണ് മെർലിൻ കാലത്തോടും കാമുകഹൃദയങ്ങളോടും യാത്ര പറഞ്ഞത്. മരണത്തിന്റെ കറുത്ത കാറ്റിൽ കണ്ണുചിമ്മിയടഞ്ഞ ആ പെൺമെഴുകുതിരിക്കു സമർപ്പിച്ചുകൊണ്ടായിരുന്നു എൽട്ടൺ ജോൺ ‘കാൻഡിൽ ഇൻ ദി വിൻഡ്’ എന്ന ഗാനം ഒരുക്കിയത്.

1972ൽ കാൻഡിൽ ഇൻ ദ് വിൻഡ് എന്ന ഗാനത്തിന് വരികളെഴുതി സംഗീതം നൽകുമ്പോൾ ജോണിന്റെ ഉറ്റചങ്ങാതി ബോണി ടോപ്പിനും കൂടെയുണ്ടായിരുന്നു. ഗുഡ് ബൈ നോർമാ ജീൻ (മൺറോയുടെ യഥാർഥപേരാണ് അത്) എന്നു തുടങ്ങുന്ന ആ സങ്കടപ്പാട്ടിൽ തിരശ്ശീലയ്‌ക്കു പിന്നിലെ അവരുടെ കാണാജീവിതമുണ്ട്. ഉന്മാദങ്ങൾക്കപ്പുറം ആരും അറിയാതെപോയ അവരുടെ ഉള്ളുരുക്കങ്ങളുണ്ട്. മാദകത്വത്തിനും മായക്കാഴ്‌ചകൾക്കുമപ്പുറം മടുപ്പും മരവിപ്പും മരുപ്പച്ചകളുമുണ്ട്. 1973ൽ ആണ് എൽട്ടൺ ജോൺ ഈ ഗാനം ആൽബമാക്കി പുറത്തിറക്കിയത്. തുടർന്നുള്ള വർഷങ്ങളിലെ ഹിറ്റ് ചാർട്ടുകളിൽ ഒന്നാമതായിരുന്നു പെണ്ണഴകിന്റെ ഈ നൊമ്പരഗാനം.

Good bye

Norma Jean

Though I never knew you at all

And it seems to me you lived your life

Like a candle in the wind

Never knowing who to cling to

When the rain set in

Your candle burned out long before

Your legend ever did

Loneliness was tough

The toughest role you ever played

ഡയാന രാജകുമാരിയ്ക്കൊപ്പം എൽട്ടൺ ജോൺ

ഡയാന, പ്രിയ ചങ്ങാതിയുടെ അവസാനത്തെ ഗുഡ്‌ബൈ

മെർലിൻ മൺറോയെ തേടിവന്ന അതേ മരണദൂതിക 1997ൽ എൽട്ടൺ ജോണിന്റെ ഏറ്റവുമടുത്ത കൂട്ടുകാരിയെ തേടിയെത്തി; വെയിൽസിലെ ഡയാന രാജകുമാരിയെ. ഡയാനയുടെ മാത്രമല്ല, ആ രാജകുടുംബത്തിന്റെ കൂടി ഏറ്റവുമടുത്ത ചങ്ങാതിയായിരുന്നു എൽട്ടൺ. ഡയാനയുമായി വർഷങ്ങളുടെ സൗഹൃദം. വിൻഡ്‌സർ കാസിൽ എന്ന രാജകൊട്ടാരത്തിന്റെ അകത്തളങ്ങളിൽ അവരൊരുമിച്ച് പാട്ടുവർത്തമാനം പറഞ്ഞു പങ്കിട്ട നിമിഷങ്ങൾ എന്നെന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടായിരുന്നു ആ കാറപകട വാർത്ത ജോണിന്റെ കാതിലെത്തുന്നത്. ഡയാനയെ അവരേറ്റവും ആഗ്രഹിച്ചതുപോലെ പാട്ടുപാടിയാത്രയാക്കാനുള്ള നിയോഗവും രാജകുടുംബം ജോണിനു നൽകി. കൂട്ടുകാരി നിത്യമൗനത്തിന്റെ മിഴിനീർപ്പൂമെത്തയിൽ നിശ്‌ചേതനം മയങ്ങുമ്പോൾ, എങ്ങനെ ജോണിന്റെ പിയാനോയിൽ പാട്ടൊഴുകാൻ. രാജകൽപന നിരസിക്കാനും വയ്യ. ഒടുവിൽ ചങ്ങാതിയായ ബേണി ടോപ്പിന്റെ നിർദേശപ്രകാരം എൽട്ടൺ ജോൺ, മറന്നുതുടങ്ങിയ ആ പാട്ടിനെ വീണ്ടും തിരികെ വിളിക്കുകയായിരുന്നു. മെർലിനു വേണ്ടി കരഞ്ഞുപാടിയ അതേ പാട്ട്; കാൻഡിൽ ഇൻ ദ് വിൻഡ്. വരികളിൽ ചിലതു തിരുത്തിയെഴുതി. അങ്ങനെ, കാറ്റിൽ ഇതൾപൊഴിഞ്ഞൊരു പെൺപനിനീർപ്പൂവിനുള്ള പാട്ടുമൊഴിയായി വീണ്ടും കാൻഡിൽ ഇൻ ദ് വിൻഡ്.

Good bye England’s Rose

May you ever grow in our hearts

Now you belong to heaven,

And the stars spell out your name

And your footsteps will always fall here,

Along England’s greenest hills;

Good bye England’s Rose,

From a country lost without your soul

ഡയാനയുടെ വിലാപയാത്രാവേളയിൽ ലോകം മുഴുവൻ കണ്ണീർ വാർത്തത് ആ പാട്ടുകേട്ടു വിതുമ്പിക്കരഞ്ഞുകൊണ്ടായിരുന്നു. ബിൽബോർഡിന്റെ ഹിറ്റ് ചാർട്ടിലും അമേരിക്കൻ പോപ്പ് ചാർട്ടിലും ഒന്നാംസ്‌ഥാനം സ്വന്തമാക്കി വീണ്ടും ഈ ഗാനം. അക്കാലത്ത് ഓരോ സെക്കൻഡിലും കാൻഡിൽ ഇൻ ദ് വിൻഡിന്റെ ആറു കോപ്പികൾ വീതം വിറ്റഴിയുന്നുണ്ടായിരുന്നു എന്നാണു കണക്ക്.

ചില മെഴുകുതിരികൾ കാറ്റിന് അത്രവേഗം കെടുത്താനാവില്ല.