Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയചന്ദ്രൻ പാടി ഉറക്കിയത് എത്ര പേരെ?

mazathullikilukam

ഉറക്കുപാട്ടുകൾ നമുക്ക് ഒരുപിടിയുണ്ട്. ഏറിയ പങ്കും കുഞ്ഞുങ്ങളെ ഉറക്കാൻ വേണ്ടിയുള്ളതാണെന്നു മാത്രം. എന്നാൽ, മഴത്തുള്ളിക്കിലുക്കത്തിലെ തേരിറങ്ങും മുകിലേ എന്ന പാട്ട് കണ്ണിൽ ഉറക്കമെഴുതിക്കൊടുക്കുന്നത് പ്രായത്തിന്റെ വേർതിരിവുകളൊന്നുമില്ലാതെയാണ്. ഉറക്കത്തിനും മരണത്തിനും എന്ത് പ്രായം, അല്ലേ? രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോഴോ, യാത്ര പോകുമ്പോഴോ ഒക്കെ പി. ജയചന്ദ്രന്റെ പാട്ടുകൾ കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്.

‘ഒന്നിÿനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ പോലുള്ള അതിമനോഹരമായ പാട്ടുകൾ ആ സുന്ദരശബ്ദം നമുക്ക് സമ്മാനിച്ചിട്ടുമുണ്ടല്ലോ. തേരിറങ്ങും മുകിലേ എന്ന പാട്ടിലും ആ നനുത്ത സുഖം നമുക്കനുഭവിക്കാം. സുരേഷ് പീറ്റേഴ്സിന്റെ സംഗീതത്തോട് ഇഴുകിച്ചേർന്ന രമേശൻ നായരുടെ വരികൾ അത്യുന്നതങ്ങളിലെ മാലാഖമാരെ പോലും പാടിയുറക്കിക്കളയും.

‘തേരിറങ്ങും മുകിലേ.. മഴത്തൂവലൊന്നു തരുമോ.. നോവലിഞ്ഞ മിഴിയിൽ.. ഒരു സ്നേഹനിദ്ര എഴുതാൻ.. ഉറക്കമെഴുതിക്കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും നമ്മൾ ആഗ്രഹിച്ചിട്ടുള്ള കണ്ണുകൾ ഓർമയുടെ പുതപ്പിനു കീഴെ ചിമ്മി വിടരും, ഈ വരികൾ കേൾക്കുമ്പോൾ. നല്ല ഒരു കവിതയാണ് ഈ പാട്ട്. കൺമഷി പോലെ ഉറക്കമെഴുതിക്കൊടുക്കാൻ മുകലിന്റെ മഴത്തൂവൽ കടം ചോദിക്കുന്ന നിഷ്കളങ്കമായ ഭാവന.

ഒരുപാട് നോവുകളിൽ വീർപ്പുമുട്ടുമ്പോൾ ഉറക്കമെങ്കിലും ആശ്വസിപ്പിക്കാനെത്തിയെങ്കിൽ എന്ന് കൊതിച്ചുപോകുന്ന മനസ്സുകളിലേക്കാണ് ഈ പാട്ടിന്റെ പെയ്ത്ത്. ഉറക്കം ഒരു നല്ല മരുന്നാണ്. നേരം പുലരുമ്പോഴേക്കും എല്ലാം ശരിയാകും എന്ന പ്രതീക്ഷ നൽകുന്ന മരുന്ന്. പക്ഷേ, ചിലപ്പോഴൊക്കെ എത്ര കാത്തുകിടന്നാലും കാരുണ്യത്തിന്റെ കണിക പോലുമില്ലാതെ നമ്മളെ അവഗണിച്ചുകളയും അവൾ. അപ്പോൾ നേരെ ഈ പാട്ടിന് കാത് കൊടുക്കാം. നിഴലിന്റെ മെയ് മൂടുവാൻ നിലാവിറങ്ങിവരും മുമ്പ് മനസ്സിലൊരായിരം മഴത്തൂവലുകൾ പൊഴിഞ്ഞിട്ടുണ്ടാവും. കണ്ണ് കവിഞ്ഞിട്ടുണ്ടാവും. ഒന്നുമറിയാതെ, ഒന്നിലുമുലയാതെ ഏതൊക്കെയോ സുഖമുള്ള സ്വപ്നങ്ങളിൽ നമ്മൾ ജീവിച്ചുതുടങ്ങിയിട്ടുണ്ടാവും.

ചിത്രം: മഴത്തുള്ളിക്കിലുക്കം (2002)

സംഗീതം: സുരേഷ് പീറ്റേഴ്സ്

രചന: എസ്. രമേശൻ നായർ

ആലാപനം: പി. ജയചന്ദ്രൻ

വരികൾ:

തേരിറങ്ങും മുകിലേ..

മഴത്തൂവലൊന്നു തരുമോ..

നോവലിഞ്ഞ മിഴിയിൽ

ഒരു സ്നേഹനിദ്രയെഴുതാൻ..

ഇരുൾ മൂടിയാലുമെൻ കണ്ണിൽ

തെളിയുന്നു താരനിരകൾ..

(തേരിറങ്ങും മുകിലേ..)

ഉറങ്ങാത്ത മോഹം തേടും

ഉഷസ്സിന്റെ കണ്ണീർത്തീരം

കരയുന്ന പൈതൽ പോലെ

കരളിന്റെ തീരാദാഹം..

കനൽ തുമ്പി പാടും പാട്ടിൽ

കടം തീരുമോ...(തേരിറങ്ങും മുകിലേ..)

നിലയ്ക്കാതെ വീശും കാറ്റിൽ

നിറയ്ക്കുന്നതാരീ രാഗം..

വിതുമ്പുന്ന വിണ്ണിൽ പോലും

തുളുമ്പുന്നു തിങ്കൾ താലം.

നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ..

(തേരിറങ്ങും മുകിലേ..)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.