റഹ്മാന്റെ സ്ലോ പോയ്സൺ!

ചില എ.ആർ. റഹ്മാൻ പാട്ടുകൾക്ക് സ്ലോ പോയ്സണിന്റെ സ്വഭാവമാണ്. ആദ്യത്തെ കേൾവിയിൽ നമ്മൾ ശ്രദ്ധിക്കുക പോലും ചെയ്വാതെ സ്കിപ്പ് ചെയ്തുവിടുന്ന പാട്ടുകൾ പതിയെ പതിയെ നമുക്ക് പ്രിയപ്പെട്ടതായിത്തീരുന്ന അവസ്ഥ. പിന്നീടൊരിക്കലും അവ നമുക്ക് മടുക്കുകയുമില്ല. കണ്ടു കണ്ടിരിക്കെ ഭംഗി കൂടുന്ന പെണ്ണിനെപ്പോലെ വല്ലാത്തൊരദ്ഭുതമാണ് പല റഹ്മാൻ പാട്ടുകളും. അവയുടെ രസക്കൂട്ട് റഹ്മാന് മാത്രം പരിചിതം.

തമിഴിലെ ഗജിനി ഹിന്ദിയിൽ പുനഃസൃഷ്ടിച്വപ്പോൾ ആമിർ ഖാൻ മാജിക്കിനൊപ്പം പ്രേക്ഷകർ റഹ്മാൻ ഇന്ദ്രജാലത്തിന് വേണ്ടിയും കാത്തിരുന്നു. പ്രതീക്ഷകൾക്ക് മങ്ങലേറ്റില്ല. പ്രസൂൺ ജോഷിയുടെ വരികൾക്ക് റഹ്മാൻ സംഗീതം നൽകിയ ഗജിനിയിലെ പാട്ടുകൾ സൂപ്പർ ഹിറ്റായി. കൂട്ടത്തിൽ ഒരു പാട്ട് ആദ്യമൊക്കെ അത്ര ഇഷ്ടം കാട്ടാതെ മാറി നടന്നു. ഒടുവിൽ പടം കണ്ടിറങ്ങിയപ്പോൾ നാവിലും മനസ്സിലുമെല്ലാം ആ പാട്ട് മാത്രമായി. ഇപ്പോഴും ഒരുപാട് പേരുടെ പ്രിയ ഗാനമായി ഫോണുകളിൽ നിന്ന് ഫോണുകളിലേക്കും കാതുകളിലേക്കും മനസ്സുകളിലേക്കും ചിറകടിച്വു പാറുന്ന ആ പാട്ട്് ഏതാണെന്ന് ഊഹിക്കാമോ? അതെ, കേസേ മുചേ തും മിൽ ഗയീ.. തന്നെ. ഉള്ളുരുക്കുന്ന അനുഭവമാണ് ഈ പാട്ട് തരിക. ബെന്നി ദയാലും ശ്രേയാ ഘോഷാലുമാണ് ഗായകർ.

ജീവിതത്തിന് നിറം പിടിപ്പിക്കുന്ന പ്രതിഭാസമാണ് പ്രണയം. ചിലപ്പോൾ അത് തന്നെ ജീവിതത്തെ തച്വുടച്വെന്നും വരാം. അതുവരെ ആരുമല്ലാതിരുന്ന ഒരാൾ എല്ലാമെല്ലാമായി തീരുമ്പോൾ മനസ്സ് നിറഞ്ഞ് ചിന്തിച്വുപോകും, നിന്നെ എനിക്കെങ്ങനെ കിട്ടി എന്ന്. വിധി അവിശ്വസനീയമായി കൂട്ടിമുട്ടിച്വതിനെ ഓർത്ത് ചിലപ്പോൾ കണ്ണു നിറഞ്ഞുപോകും. പിന്നെ ഒരല്പം കുട്ടിപ്പരിഭവത്തോടെ ചോദിക്കും, എന്തേ നീ ഏറെ മുമ്പേ വന്നീല എന്ന്. മറുപടി അവൾ പറയാതെ പറയുന്നത് അവന് കേൾക്കാം: ഋതുക്കൾ എത്ര മാറിമറിഞ്ഞാലും ഞാൻ ഇതേ പോലെ അടുത്തുണ്ടാകും. നിന്റെ കൈയോട് കൈ ചേർത്ത്...

വരികളുടെ ജീവനൊപ്പം അതിന് നൽകിയിരിക്കുന്ന ഈണത്തിന്റെ സ്വാഭാവികതയും പാടുന്നതിലെ ആത്മാർഥതയും ഈ പാട്ടിനെ നെഞ്ചോട് ചേർക്കാൻ പ്രേരിപ്പിക്കുന്നു. ഒരു സ്ക്രീനിലെന്ന പോലെ നമുക്ക് പ്രിയപ്പെട്ട പലതും കാണാൻ തുടങ്ങും. കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളും ഉള്ളിലെ ഭീമൻ മഞ്ഞുകട്ടകളെ ഉരുക്കി കവിളിൽ ചാലുകൾ തീർക്കും. ശ്രേയാ ഘോഷാലിന്റെ ആലാപനം കേൾക്കുമ്പോൾ, രാത്രിയിൽ ശാന്തമായ നദിയിലൂടെ വള്ളത്തിൽ ഒഴുകുന്ന ഒരു തോന്നലുണ്ടാകും. പലപ്പോഴും ഒരുറക്കുപാട്ടിന്റെ ചേർത്തുപിടിക്കൽ അനുഭവിക്കാം. നഷ്ടപ്രണയങ്ങളിലാണ് ഈ പാട്ട് വല്ലാതെ കേറി കൊളുത്തുന്നത്. പിടഞ്ഞുപോകും. അതുവരെ കരുതിവച്വ ഓരോ നോവും പെയ്തു തോർന്ന് മനസ്സ് തെളിയും. ഈ മനുഷ്യന് എത്ര ഓസ്കർ കൊടുത്താൽ മതിയാകും, അല്ലേ?