കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ...

മനസിൽ കനൽ എരിയുകയാണ്. ആറ്റുനോറ്റുവളർത്തിയ മകനെക്കുറിച്ചുള്ള ഓർമകൾ തുളുമ്പിവീഴുമ്പോൾ ഉള്ള് കൊതിക്കുകയാണ് അവനെ ഒരു നോക്കു കാണാൻ. പിന്നെ പെയ്തിറങ്ങുകയായി താരാട്ടായി ആ ഗാനം, പക്ഷേ കണ്ണീരുപ്പോടെ മാത്രമേ കേൾവിക്കാരനത് രുചിക്കാനാവൂ. ജീവനുതുല്യം സ്നേഹിച്ച പൊന്നുണ്ണിയെ സന്യാസത്തിലേക്ക് തള്ളിവിട്ടിട്ട് നിസ്സഹായരായി നിൽക്കുന്ന മാതാവിന്റെയും പിതാവിന്റെയും ദു:ഖം നിറഞ്ഞു നിൽക്കുന്നു ദേശാടനത്തിലെ കളിവീടുറങ്ങിയല്ലോ എന്ന ഗാനത്തിൽ. കൈതപ്രം ദാമോദരൻ നമ്പൂതിരിയെ നമ്മളുമായി ഒരുപാടടുപ്പിച്ച ഒരു മനോഹരഗാനം. 

താരാട്ടു പാടിയാൽ മാത്രം ഉറങ്ങുന്നവൻ, ഉമ്മ നൽകിയാലേ ഉണരൂന്ന് വാശിപിടിക്കുന്നവൻ, ഒരുരുള ചോറുണ്ണമെങ്കിൽ കഥ കേൾക്കണം അവന്, കൈവിരൽ തുമ്പ് പിടിച്ചു മാത്രം നടക്കാനറിയുന്നവൻ... ഇന്ന് തനിച്ച് സന്യാസദീക്ഷയിലേക്ക് ഇറങ്ങിപ്പോയിരിക്കുകയാണ്. എത്രയായാലും ആറ്റുനോറ്റു വളർത്തിയ ഉണ്ണിയല്ലേ. എങ്ങനെ സഹിക്കാനാവും. മറ്റാർക്കും മനസിലാവാത്ത ദു:ഖത്തിന്റെ ആ ആഴം കൈതപ്രം എത്ര നന്നായാണ് വിവരിച്ചത്. ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി... എന്ന് യേശുദാസ് പാടുമ്പോൾ കേൾവിക്കാരന്റെയും നെഞ്ചുപൊട്ടുകയാണ്. ആ നീറ്റലിൽ കണ്ണീർ പൊടിയുകയായി. 

1997ലാണ് ജയരാജ് സംവിധാനം ചെയ്ത ദേശാടനം പുറത്തിറങ്ങുന്നത്. ചുരുങ്ങിയ ചിലവിൽ താരബാഹുല്യമില്ലാതെ നിർമ്മിച്ച് വിജയിച്ച ഒരു മനോഹര ചിത്രം. മാസ്റ്റർ കുമാർ, വിജയരാഘവൻ, മിനി നായർ, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. കളിവീടുറങ്ങിയല്ലോ എന്ന ഗാനം യേശുദാസിന് ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തപ്പോൾ മാസ്റ്റർ കുമാർ പാച്ചുവിന്റെ ഗംഭീരപ്രകടനം അവന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരമാണ് നേടിക്കൊടുത്തത്. മികച്ച പ്രാദേശിക ചലച്ചിത്രം, മികച്ച ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയപുരസ്കാരത്തിനൊപ്പം ഒട്ടനവധി പുരസ്കാരങ്ങളും ദേശാടനം സ്വന്തമാക്കിയിട്ടുണ്ട്.

ആ ഗാനം

ചിത്രം : ദേശാടനം

സംഗീതം : കൈതപ്രം ദാമോദരൻ നമ്പൂതിരി

രചന : കൈതപ്രം ദാമോദരൻ നമ്പൂതിരി

ആലാപനം: കെ.ജെ. യേശുദാസ്

കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ

ഒരു നോക്കു കാണുവാനെൻ ആത്മാവു തേങ്ങുന്നല്ലോ

തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ (2)

അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മ ദു:ഖം 

(കളിവീട്..)

 

ആ... ആ... ആ...

താരാട്ടു പാടിയാലേ ഉറങ്ങാറുള്ളൂ

ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറൂള്ളൂ (2)

കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളൂ എന്റെ 

കൈവിരൽ തുമ്പു പിടിച്ചേ നടക്കാറുള്ളൂ

അവൻ നടക്കാറുള്ളൂ

(കളിവീട്..)

 

ഇനിയെന്നു കാണുമെന്നായ് പിടഞ്ഞു പോയി

എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പി പോയി (2)

എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ

വില പിരിയാത്തൊരെൻ നിധിയല്ലേ 

എന്റെ പുണ്യമല്ലേ

(കളിവീട്..)