Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‌സിത്താരയുടെ ചിരിയും ചിത്രയുടെ പാട്ടും!

കുര്യൻ തോമസ് കരിമ്പനത്തറയിൽ
Former Director, Department of Publications Mahatma Gandhi University Kottayam
rajahamsame

രാജഹംസമേ മഴവില്‍ കുടിലിൽ

സ്നേഹദൂതുമായ് വരുമോ

സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ

എവിടെയെന്റെ സ്നേഹഗായകൻ

ഓ....രാജഹംസമേ

മെലഡിയുടെ നവ്യമായ ആനന്ദം മലയാളി വരികളിലൂടെ, ഈണത്തിലൂടെ, ശബ്ദത്തിലൂടെ അറിഞ്ഞ ഗാനം. ഹൃദയദ്രവീകരണ ശക്തിയുള്ളതെന്ന് കെ പി അപ്പൻ വിശേഷിപ്പിച്ച പാട്ട്. ആർദ്രതയുടെ സരോവരം വെട്ടിത്തിളങ്ങുന്നതു പോലെയാണ് ഈ ഗാനമെന്ന് വി ആർ സുധീഷ്. 

കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് രചന. ജോൺസൻ മാഷിന്റെ സംഗീതവും കെ എസ് ചിത്രയുടെ ആലാപനവും. കഴിഞ്ഞ നൂറ്റാണ്ടിന്റെ  അവസാനദശകത്തിൽ തുടക്കം കുറിച്ച കൈതപ്രം ജോൺസൺ കൂട്ടുകെട്ടിൽ 70 ഓളം സിനിമകളിലൂടെ 217 മികച്ച ഗാനങ്ങളാണ് പിറന്നത്.

ഭരതൻ-ജോൺപോൾ കൂട്ടുകെട്ടിൽ 1993-ൽ പുറത്തിറങ്ങിയ ചമയം എന്ന ചിത്രത്തിലേതാണ് രാജഹംസമേ ... എന്ന ഈ ഗാനം. അണിയറശില്പികളുടെ ആത്മസുഹൃത്ത് പവിത്രന്റെ പ്രിയപ്പെട്ട പാട്ടെന്നു ജോൺ പോൾ. 

നാടകം ജീവവായുവായ എസ്തപ്പാനാശാന്റെയും, ആശാൻ കടലിന്റെയും കള്ളിന്റെയും ലോകത്തുനിന്ന് ചമയങ്ങളുടെ തട്ടിലേക്കും മകൾ ലിസയുടെ ജീവിതത്തിലേക്കും കൈപിടിച്ചു കയറ്റിയ ആന്റോയുടെയും കഥ പറയുന്ന ചിത്രമാണ് ചമയം. 

ഒരു യവന പ്രണയകാവ്യത്തിന്റെ ദുഃഖപര്യവസായിയായ ദൃശ്യാവിഷ്‌കാരമാണ് ഗാനരംഗം. ഒരു ക്‌ളാസ്സിക് നാടകത്തിന്റെ ചമയചാരുതയോടെ അരങ്ങേറിയ ഗാനം ആചാരങ്ങളും മിത്തുകളും പ്രാഗ് സ്മൃതികളും നൽകിയ ആവിഷ്കാരസാധ്യതകളുടെ പാട്ടരങ്ങായി.

സിനിമയിൽ ഭരതൻ വിഭാവനം ചെയ്ത സന്ദർഭങ്ങളുടെ ഭാവഗരിമയ്ക്ക് സംഗീതത്തിനു പകരാനാവുന്ന പരിധികളില്ലാത്ത പ്രയോഗസാധ്യതകൾ കാട്ടിത്തരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യത്തിനുള്ളിലെ അടിമയും രാജകുമാരിയും തമ്മിലുള്ള പ്രണയത്തിന്റെ പൊലിമയുള്ള ഗാനദൃശ്യങ്ങളിൽ ഭരതൻ ദുഃഖപര്യവസായിയായ ചലച്ചിത്രത്തിന്റെ കഥയെത്തന്നെ ഒതുക്കിയപ്പോൾ, ആസ്വാദകര്‍ പ്രണയിനിയുടെ ആത്മനൊമ്പാരങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു.

ഹൃദയരേഖപോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന്‍ ...ഇത് ഒരു വിലാപമാണ്.. പ്രണയഭംഗത്തിന്റെ, വേർപാടിന്റെ, വിങ്ങൽ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു. രാജഹംസത്തോടും സാഗരങ്ങളോടും അവൾ കെഞ്ചി എവിടെയെന്റെ സ്നേഹഗായകന്‍..? എന്റെ ആത്മരാഗം കേട്ടുനിന്നുവോ? വരുമെന്നൊരു കുറിമാനം തന്നുവോ?

എന്റെ സ്നേഹവാനവും ജീവനഗാനവും

ബന്ധനമാകുമെങ്കിലും നിന്നില്‍ (2)

നിമിഷമേഘമായ് ഞാന്‍ പെയ്തുതോര്‍ന്നിടാം

നൂറായിരം ഇതളായ് നീ വിടരുവാന്‍

ജന്മം യുഗമായ് നിറയാന്‍ (രാജഹംസമേ..)

"കാതോര്‍ക്കുമ്പോൾ കേള്‍ക്കുന്നതത്രയും ഹൃദയരാഗങ്ങളായിരുന്നു;. സ്‌ക്രീനില്‍നിന്നും പ്രസരിച്ചു കിട്ടിയതത്രയും നിറങ്ങളും", ,ഭാരതനെക്കുറിയിച്ചുള്ള സംവിധായകൻ കെ ജി ജോർജിന്റെ വാക്കുകൾ ഈ പാട്ടിനാണ് കൂടുതൽ യോജിക്കുക.

പൊതുവെ ഭരതൻ ചിത്രങ്ങൾ പ്രണയം, രതി, സംഗീതം ഇവയുടെ വിനിമയ സമ്മിശ്രണ സമവാക്യങ്ങളെങ്കിൽ ഈ ഗാനത്തിൽ രതിയുടെ പതിവ് പകർന്നാട്ടമില്ല. ഭരതൻ ഉയർത്തിയ രംഗഭാവങ്ങൾ കൈതപ്രത്തിൻറെ വരികളിൽ പ്രണയവും വിരഹവുമായപ്പോൾ അവയെ സംഗീതം കൊണ്ട് ജോൺസനും ആലാപനംകൊണ്ട് ചിത്രയും വെറുതെ സ്പർശിക്കുകയായിരുന്നു.

“ഭരതൻ മനസ്സിൽ കണ്ടതേ ജോൺസൺ പ്രവർത്തിക്കൂ; ജോൺസൺ പ്രവർത്തിക്കുന്നതേ ഭരതൻ മനസ്സിൽ കാണൂ”, ഇത് എം ഡി രാജേന്ദ്രന്റെ വാക്കുകൾ. ഈണമിടുമ്പോൾ ഗാനത്തിന്റെ ഭാവം മുഴുവൻ ഉൾക്കൊണ്ടു ജോൺസൺ മാസ്റ്റർ പാടിത്തരുന്നത് ചിത്രയുടെ മായാത്ത ഓർമ്മയാണ്. വരികളിലെ വികാരങ്ങളെ കേൾവിയിലൂടെ കാഴ്ചകളാക്കാനുള്ള ചിത്രയുടെ ആലാപനസിദ്ധികൊണ്ട് കൂടിയാവണം ഈ ഗാനം പള്ളിപ്പറമ്പിലെ നാടകത്തട്ടിൽനിന്നു മലയാളിയുടെ മനസിന്റെ അകത്തളങ്ങളിലേക്ക് പാൽനിലാവുപോൽ ഒഴുക്കിപടർന്നത്.

മധ്യമാവതിയോടൊപ്പം ഹിന്ദോളവും ഭരതന്റെ പ്രിയരാഗങ്ങൾ. കീഴ്സ്ഥായിയിലും മേൽസ്ഥായിയിലും ആരോഹണ അവരോഹണങ്ങളിലൂടെ കടന്നു പോകുന്നു ഈ ഗാനത്തിൻറെ സംഗീതം. ഭരതൻ സംഗീതം നൽകിയ കേളി എന്ന സിനിമയിലെ ചിത്ര പാടിയ താരം വാൽക്കണ്ണാടി നോക്കി ... എന്ന ഗാനവും ഹിന്ദോള രാഗത്തിലാണ്. ഇന്ദ്രനീലിമയോലും... (വൈശാലി, 1988, ബോംബെ രവി, ഓ എന്‍ വി, ചിത്ര), താളം മറന്ന താരാട്ടുകേട്ടെൻ... (പ്രണാമം, 1986 , ഔസേപ്പച്ചൻ, ഭരതന്‍, ചിത്ര/എം ജി ശ്രീകുമാര്‍ , ചിത്ര), ശിശിരകാല മേഘ മിഥുന രതിപരാഗമോ... (ദേവരാഗം, 1996, കീരവാണി, എം ഡി രാജേന്ദ്രന്‍, പി ജയചന്ദ്രൻ, ചിത്ര) ഇവ ഭരതൻ ചിത്രങ്ങളിലെ ഹിന്ദോള രാഗത്തിലുള്ള മറ്റു ഗാനങ്ങൾ).

ദൃശ്യപ്പൊലിമയ്‌ക്കൊപ്പം വരികളുടെയും ഈണത്തിന്റെയും ആലാപനത്തിന്റെയും പൂർണതയോടെയുള്ള ഒത്തുചേരൽ ഗാനത്തെ നിരന്തരം കൂടെക്കൂട്ടാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ചിത്രം : ചമയം (1993)

ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി

സംഗീതം: ജോൺസൺ

ആലാപനം: കെ എസ്‌ ചിത്ര

ചലച്ചിത്ര സംവിധാനം: ഭരതന്‍