മായാബസാറിലെ സദ്യപ്പാട്ട്

സുവൈ എന്നാണ് തമിഴിൽ രുചിയ്ക്കു പറയുക. ചായയ്ക്കു ‘തേനീർ, കാപ്പിക്കു ‘കൊട്ടെവെടി നീർ എന്നിങ്ങനെ പോവുന്നു തമിഴ് വാക്കുകൾ. ടീ, കോഫീ തുടങ്ങിയവ നാവിൽനിന്നു വിട്ടുമാറാത്ത തമിഴ്മക്കൾ എല്ലാ പേരുകളും തനി തമിഴിലേക്കു മൊഴിമാറ്റിയപ്പോൾ ആകെയൊന്നു ചന്തമായി. ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തോടനുബന്ധിച്ച് വിളമ്പിയ വെജിറ്റബിൾ ബിരിയാണിക്കു തമിഴ്മക്കൾ ‘പലവകൈ കായ്കറി സാദം എന്നും പേരിട്ടു.

രുചിയുടെ കാര്യത്തിൽ പാരമ്പര്യതനിമയോട് ഒരു വിട്ടുവീഴ്ച്ചയും തമിഴർക്കില്ല. ശുദ്ധമായ കായവും ചെട്ടിനാടിന്റെ എരുക്കൂട്ടുകളും ചേർന്ന നല്ല തമിഴ്ഭക്ഷണത്തിന്റെ രുചി വിവരിക്കുന്ന ഒരു തമിഴ് പാട്ടുണ്ട്. ഇന്നും ഭക്ഷണത്തെക്കുറിച്ചുള്ള തമിഴ്പാട്ടെന്നു പറഞ്ഞാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന പാട്ട്. അതാണ് കല്യാണ സമയൽ സാദം എന്ന പാട്ട്. 1957ൽ വിജയവാഹിനി സ്റ്റുഡിയോയുടെ ബാനറിൽ തമിഴിലും തെലുങ്കിലുമായി ഇറങ്ങിയ ‘മായാബസാർ എന്ന സിനിമയിലാണ് വിവാഹഭോജനാംബു എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇൗ പാട്ടുള്ളത്.

കല്യാണ സമയൽ സാദം

കായ്കറികളും പ്രമാദം

അന്ത ഗൗരവ പ്രസാദം

ഇതുവൈ എനക്കുപോതും

എന്നിങ്ങനെ പോകുന്നു പാട്ടിന്റെ വരികൾ. സംശയിക്കേണ്ട; വരികളിൽവിവരിക്കുന്നത് വിവാഹസദ്യയെക്കുറിച്ചുതന്നെയാണ്. പുളിയോതയ്രയിൻ സോറ്, വേഗു പൊരുത്തമായ് സാമ്പാറ്, പൂരി കിഴങ്ങ് പാറ് എന്നിങ്ങനെ രൂചിയുടെ വൈവിധ്യങ്ങളാണ് പാട്ടിൽമുഴുവൻ. ജോറാന പയനി ലഡു, സുവയാന സീനി പുട്ട് എന്നിങ്ങനെ വായിൽ വെള്ളമൂറുന്ന വിഭവങ്ങളും വരികളിൽ നിറച്ചിട്ടുണ്ട്.

അർജുന പുത്രനായ അഭിമന്യുവും ബലരാമന്റെ പുത്രിയായ ശശിരേഖയും തമ്മിലുള്ള വിവാഹം അവതരിപ്പിച്ച ഒരു സ്ഥിരം രാജാപ്പാർട്ട് തമിഴ് സിനിമയാണ് കദിരി വെങ്കിടറെഡ്ഡി സംവിധാനം ചെയ്ത മായാ ബസാർ എന്നു കരുതേണ്ട. റിലീസ് ചെയ്ത് എഴുപതു വർഷത്തിനുശേഷവും നൂറു ശതമാനം ക്ലാസിക് സിനിമ എന്നാണ് നിരൂപകർ ചിത്രത്തെ വാഴ്ത്തുന്നത്.

‍കല്യാണ സമയൽ സാദം...

പിംഗലി നരേന്ദ്ര റാവുവാണ് ചിത്രത്തിലെ പാട്ടുകളെല്ലാം എഴുതിയത്. എന്നാൽ വിവാഹഭോജനാംബു എന്ന ഇൗ രുചിപ്പാട്ടിന്റെ വരികൾ പഴയൊരു പാട്ടിൽനിന്ന് വികസിപ്പിച്ചെടുത്തതാണത്രേ.

1940ൽ ഇറങ്ങിയ ബി. നാഗരാജകുമാരിയുടെ ‘ജാനകി ശപഥം ഹരികഥയുടെ റെക്കോർഡിൽ കല്യാണസമയൽസാദം എന്ന പാട്ടുണ്ട്. ഇതിൽനിന്നാണ് 1950ൽ സുരഭിനാടകസമാജം എന്ന നാടകട്രൂപ്പിന് പാട്ടിന്റെ വരികൾ ലഭിച്ചത്. പിന്നീട് വിവാഹസദ്യയുടെ മഹത്വം പാടിയ ഇൗ ഗാനം തമിഴിലും തെലുങ്കിലും കന്നഡയിലും വിജയക്കൊടി പാറിച്ചു. മാധവപ്പെഡ്ഡി സത്യം എന്ന ഗായകനാണ് പാട്ടിനു ശബ്ദം പകർന്നത്. എന്നാൽ ഇൗ പാട്ടിന്റെ ഇൗണം ചാൾസ് പെന്റോസിന്റെ 1922ൽ ഇറങ്ങിയ ‘ദ ലാഫിങ് പൊലീസ്മാൻ എന്ന പാട്ടിന്റേതാണ് എന്നൊരു വാദവുമുണ്ട്. തെന്നിന്ത്യയുടെ ആദ്യകാല സൂപ്പർതാരങ്ങളിൽ ഒരാളായ എൻ. ടി. രാമറാവുവാണ് ചിത്രത്തിലെ നായകൻ.