അവിചാരിതമായി എത്തിയ ആദ്യ ഗാനം

ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ജനറലായിരുന്ന എൻ.പി. കുറിപ്പിന്റെ ജൂനിയറായി 1962ലാണ് യൂസഫലി കേച്ചേരി അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. ഇതേ വർഷം അദ്ദേഹത്തെ തേടി ചലച്ചിത്രഗാനം എഴുതാനുള്ള അവസരവും എത്തി. രാമു കാര്യാട്ടിന്റെ മൂടപടത്തിനു വേണ്ടിയാണ് അദ്ദേഹം പാട്ടെഴുതിയത്.

മൂടുപടത്തിലെ ഗാനങ്ങളെഴുതിയത് പി. ഭാസ്കരനാണ്. ചിത്രീകരണത്തിനിടയിൽ വരുത്തിയ ചില മാറ്റങ്ങൾ മൂലം ചിത്രത്തിൽ ഒരു ഗാനം കൂടി ഉൾപ്പെടുത്തേണ്ടതായി വന്നു. തോണി തുഴഞ്ഞു പോകുമ്പോൾ പാടുന്ന മാപ്പിളപ്പാട്ടെഴുതാൻ നിയോഗിക്കപ്പെട്ടത് യൂസഫലിയാണ്. സംവിധായകൻ രാമു കാര്യാട്ട് തന്നെയാണ്. പി. ഭാസ്കരന്റെ അനുഗ്രഹ അശീശുകളോടെയായിരുന്നു പാട്ടെഴുത്ത്. അങ്ങനെ ‘മയിലാഞ്ചിതോപ്പിൽ മയങ്ങി നിൽക്കുന്ന മൊഞ്ചത്തി... എന്ന ഗാനത്തിലൂടെ അദ്ദേഹം ചലച്ചിത്ര ഗാനശാഖയിൽ ഹരിശ്രീ കുറിച്ചു.

‍മയിലാഞ്ചിതോപ്പിൽ മയങ്ങി...

ബാബുരാജ് ഈണം നൽകി അദ്ദേഹം തന്നെ പാടിയ ഗാനം ശ്രദ്ധിക്കപ്പെട്ടതോടെ അമ്മുവെന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതാനുള്ള അവസരവും അദ്ദേഹത്തെ തേടിയെത്തി. ചിത്രത്തിലെ ‘തേടുന്നതാരേ ഈ ശൂന്യതയിൽ ഈറൻ മിഴികളെ എന്ന ഗാനവും ഹിറ്റായി. ഖദീജയിലായിരുന്നു മൂന്നാം ഊഴം. ബാബുരാജ്–യൂസഫലി കൂട്ടുകെട്ടിൽ പിറന്ന ‘സുറുമ എഴുതിയ മിഴികളെ കൂടി ഹിറ്റായതോടെ പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.