മേരേ സപ്നോം കി റാണി...

രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പർ ഹിറ്റ് ഗാനം പിറന്നതിനു പിന്നിലെ വിധിവിളയാട്ടം സിനിമാക്കഥയെ അതിശയിക്കും!

നട്ടുച്ചയ്ക്കുള്ള നക്ഷത്രോദയത്തിൽ സൂര്യൻ നിഷ്പ്രഭനാവുക! അത്തരമൊരു ഉലച്ചിലാണ് 1969ൽ മുഹമ്മദ് റഫിക്കുണ്ടായത്. ആരാധന എന്ന ചിത്രത്തിലെ ‘മേരേ സപ്നോം കി റാണി കബ് ആയേഗേ തൂ....’ എന്ന ഗാനത്തിലൂടെ കിഷോർ കുമാർ എന്ന ഗായകന്റെ താരോദയം.!

അതുവരെ ഒരു പാട്ടും കേട്ടിട്ടില്ല എന്ന മട്ടിലാണ് ഈ ഗാനത്തെ ഇന്ത്യ വരവേറ്റത്. രാജ്യത്തിന്റെ ഏതു മുക്കിലും മൂലയിലും ആനന്ദ് ബക്ഷിയുടെ വരികൾ പാടി കാമുകൻമാർ ‘എന്റെ സ്വപ്നറാണീ നീ എന്നുവരും’ എന്ന് അന്വേഷിച്ചു നടന്ന കാലം. ഇന്നും കാര്യങ്ങൾ വ്യത്യസ്തമല്ല. രാജ്യത്ത് ഇതുവരെ ഇറങ്ങിയ പ്രണയ ഗാനങ്ങളിൽ ഏറ്റവും വലിയ ഹിറ്റ് ഏതെന്നു ചോദിച്ചാൽ ‘മേരേ സപ്നോം കി റാണി’ എന്നാവും ഉത്തരം. ഓരോരുത്തർക്കും വ്യക്തിപരമായി പ്രിയപ്പെട്ട പല പാട്ടുകൾ ഉണ്ടാകാമെങ്കിലും പൊതുസ്വീകാര്യതയിൽ ‘മേരേ സപ്നോം കി റാണി’യെ അതിശയിക്കാൻ തക്ക ഒരു ഗാനം ഉണ്ടായിട്ടില്ല.

കിഷോർ കുമാറിന്റെ കാലമായിരുന്നു പിന്നീട്. അടുപ്പക്കാർ പോലും റഫിയെ കണ്ടില്ലെന്നു നടിച്ചു. രൂപ് തേരാ മസ്താന, ഹമേം തുംസേ പ്യാർ കിത്​നാ, മേരേ നൈനാ സാവൻ ഭാദോ, മേരാ ജീവൻ കോരാ കാഗസ്, സിന്ദഗി ഏക് സഫർ.... തുടങ്ങി കിഷോർ കുമാറിന്റെ ശബ്ദം ഇന്ത്യൻ യുവാക്കളുടെ സിരകളിൽ ലഹരിയായി. അവരെ ഉന്മാദികളാക്കാൻ ചൂളമടിച്ചും കള്ളത്തൊണ്ടകൊണ്ടുമൊക്കെയുള്ള കിഷോർ നമ്പരുകൾ...

ശക്തമായ തിരിച്ചുവരവുകൾ നടത്തിയെങ്കിലും അന്നുലഞ്ഞ താരസിംഹാസനം അതേ പ്രൗഢിയോടെ പിന്നീടൊരിക്കലും റഫിക്കു തിരിച്ചു കിട്ടിയില്ല. ‘മേരേ സപ്നോം കി റാണി...’ എന്ന ഗാനത്തിന് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ സ്ഥാനം അതാണ്. കിഷോർ കുമാറിന്റെ പ്രണയ ലഹരി പകരുന്ന ശബദ്ത്തിനു പുറമേ ഒരുപാട് അനുകൂല ഘടകങ്ങൾകൂടി ഉണ്ടായിരുന്നു ഈ ഗാനത്തിന്. ബോളിവുഡിലെ സൗന്ദര്യ പര്യായങ്ങളായിരുന്ന രാജേഷ് ഖന്നയും ഷർമിള ടഗോറും, പ്രകൃതി മനോഹരമായ ഡാർജിലിങ്ങിന്റെ പശ്ചാത്തലം, ട്രെയിനിൽ യാത്ര ചെയ്യുന്ന നായികയെ തുറന്ന ജീപ്പിൽ പിന്തുടരുന്ന നായകന്റെ പ്രസരിപ്പാർന്ന ഭാവങ്ങൾ... തീർച്ചയായും എല്ലാം ജനപ്രിയതയുടെ ചേരുവകൾ തന്നെ.

കിഷോർ കുമാർ

ആ വർഷം രാജ്യത്ത് ഇറങ്ങിയ സിനിമകളിൽ ഏറ്റവും വലിയ വിജയം സ്വന്തമാക്കാൻ ‘ആരാധന’യ്ക്കു കഴിഞ്ഞതിൽ വലിയൊരു പങ്ക് ഈ ഗാനം വഹിച്ചു. ഏറ്റവും മികച്ച ചിത്രം, മികച്ച നടി, മികച്ച ഗായകൻ എന്നീ മൂന്നു ഫിലിം ഫെയർ പുരസ്കാരങ്ങൾ നേടി. നാല് ഭാഷയിൽ പുനർനിർമിച്ചു.... അതേ, ശക്തി സാമന്ത സംവിധാനം ചെയ്ത ‘ആരാധന’ ചരിത്രമായിരുന്നു.

‘ഓരോ അരിമണിയുടെ മേലും അതു ഭക്ഷിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ട് ’ എന്ന ചൊല്ല് നൂറു ശതമാനം അന്വർഥമാക്കുന്നതാണ് ഈ ഗാനത്തിന്റെ പിറവി. സിനിമാ ലോകത്തിന്റെ അന്തമറ്റ യാദൃശ്ചികതയ്ക്ക് അടിവര ഇടുന്ന അനുഭവം. ഈ ഗാനം പാടേണ്ടിയിരുന്നത് മുഹമ്മദ് റഫി ആയിരുന്നു എന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്നാൽ അതാണു സത്യം. സംഭവം ഇങ്ങനെ. ആരാധനയുടെ സംഗീത സംവിധായകനായ സച്ചിൻ ദേവ് ബർമൻ ഗായകനായി റഫിയെയാണു നിശ്ചയിച്ചിരുന്നത്. അക്കാലത്തു രണ്ട് പാട്ട് റിക്കോർഡ് ചെയ്താണു സിനിമയുടെ ജോലി ആരംഭിക്കുന്നത്. (രണ്ട് പാട്ടിന്റെ റിക്കോർഡിങ് കഴിഞ്ഞാൽ നിർമാണത്തിനു ധനകാര്യ കമ്പനികൾ ലോൺ അനുവദിക്കും.) അതു പ്രകാരം ഗുൻ ഗുനാ രഹേ ഹേ(ആശാ ഭോസ്​ലേ), ബാഗോം മേ ബാഹർ ഹേ(ലതാ മങ്കേഷ്കർ) എന്നീ യുഗ്മ ഗാനങ്ങൾ അദ്ദേഹം റഫിയെ വച്ച് റിക്കോർഡ് ചെയ്തു. മറ്റു ഗാനങ്ങൾ പിന്നീടു ചെയ്താൽ മതിയല്ലോ. പക്ഷേ, ഇക്കാലത്ത് അദ്ദഹം രോഗബാധിതനായി കിടപ്പിലായിപ്പോയി. മറ്റു പാട്ടുകൾ ചെയ്യാൻ സംഗീത സംവിധായകൻ കൂടിയായ മകൻ രാഹുൽ ദേവ് ബർമനെ ഏല്പിച്ചു. പിതാവിന്റെ നിർദേശം ആർ.ഡി. ബർമൻ സന്തോഷത്തോടെ ഏറ്റെടുത്തു. റഫിയേക്കാൾ ആർഡിക്കു പ്രിയം കിഷോർ കുമാറിനോടായിരുന്നു. അങ്ങനെയാണ് പിതാവിനുവേണ്ടി താൻ സൃഷ്ടിച്ച ഈണങ്ങൾ പാടാൻ കിഷോറിനെ ആർ.ഡി. ബർമൻ വിളിക്കുന്നതും ആ വിളി ഇന്ത്യൻ സിനിമയിലെ ചരിത്രമാവുന്നതും.

സിനിമയുടെ ക്രെഡിറ്റിൽ എസ്.ഡി. ബർമന്റെ പേരാണുള്ളത്. അതുകൊണ്ട് ‘മേരേ സപ്നോം കി റാണി’ക്കു സംഗീതം നൽകിയതു എസ്‍.ഡി. ആണെന്നു കരുതിപ്പോരുന്നവരാണു ഭൂരിപക്ഷവും.

ഒരു കൗതുകം കൂടിയുണ്ട്. ആരാധനയിലെ ആലാപനത്തിന് കിഷോർ കുമാറിന് ജീവിതത്തിലെ ആദ്യ ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. പക്ഷ, അത് ‘മേരേ സപ്നോം കി റാണി’ക്ക് ആയിരുന്നില്ല. മറിച്ചു ‘രൂപ് തേരാ മസ്താന’ ആണ് ആ ഭാഗ്യവുമായി വന്നത്.