അഴകുള്ള രാക്ഷസി!

രാക്ഷസിക്ക് എന്തഴക്? സ്വാഭാവികമായ സംശയം. പക്ഷേ ഈ സംശയവും കൊണ്ട് വൈരമുത്തുവിൻറടുത്തു ചെന്നാൽ കക്ഷി പറയും രാക്ഷസി അതിസുന്ദരിയാണെന്ന്. മുതൽവനിലെ മനീഷാ കൊയ്രാളയുടെ അത്രയും സുന്ദരി!

ശങ്കർ-എ.ആർ റഹ്മാൻ-വൈരമുത്തു ടീം ഒരിക്കൽ കൂടി ഒന്നിച്ച മുതൽവനിലെ ഒരു ഗാനം തുടങ്ങുന്നതുതന്നെ ‘അഴഗാന രാച്ചസിയേ എന്നാണ്. നെഗറ്റീവ് അർഥമുള്ള പദങ്ങൾ പലപ്പോഴും ആശയങ്ങളുടെ തീവ്രത കൂട്ടാൻ വേണ്ടി ഉപയോഗിക്കാറുണ്ട്. മുടിഞ്ഞ ഭംഗി എന്നൊക്കെ പറയാറില്ലേ. അതുപോലെ. വൈരമുത്തുവിൻറെ രാക്ഷസിയും ഇതുപോലെ പെൺസൗന്ദര്യത്തിനൊരു വ്യത്യസ്ത വർണനയാണ്.

1999-ലാണ് അർജുൻ-മനീഷാ കൊയ്രാള ജോഡിയെ നായികാനായകന്മാരാക്കി ശങ്കർ ‘മുതൽവൻ പുറത്തിറക്കിയത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇപ്പോഴും ഹിറ്റ് ചാർട്ടിൽ മുന്നിലാണ്. കൂട്ടത്തിൽ ഈ രാക്ഷസിപ്പാട്ടും. എസ്.പി ബാലസുബ്രഹ്മണ്യവും ഹരിണിയും ചേർന്ന് പാടിയ ഈ പാട്ടിനൊരു യക്ഷിസൗന്ദര്യം തന്നെയുണ്ട്. പ്രത്യേകിച്ച് അനുപല്ലവിയുടെയും ചരണത്തിൻറെയും അവസാനവരികൾ. ഈണത്തിൻറെ മാസ്മരികത കൊണ്ട് റഹ്മാൻ അദ്ഭുതപ്പെടുത്തുന്ന ഭാഗങ്ങൾ. രചനകൊണ്ടും ആലാപനം കൊണ്ടും അതിമനോഹരമായ ഈ ഭാഗങ്ങളാണ് പാട്ടിൻറെ പ്രധാന ആകർഷണം.

രീതി ഗൗള രാഗത്തിലുള്ള ഈ പാട്ടിൻറെ ഓർക്കസ്ട്രേഷനിലുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ച് റഹ്മാൻ പറഞ്ഞിട്ടുണ്ട്. ഘടത്തിൽ തുടർച്ചയായി വായിക്കേണ്ടതാണ് ഇതിലെ താളം. കൂടാതെ വലിയൊരു ഓർക്കസ്ട്രയെ ഒരുമിപ്പിക്കേണ്ടതിൻറെ പ്രായോഗിക ബുദ്ധിമുട്ടുകളും. എന്നാൽ ഇതൊക്കെയും ഭംഗിയായി സന്നിവേശിപ്പിച്ച് തൻറെ മനസ്സിലുള്ള സംഗീതം റഹ്മാൻ സൃഷ്ടിച്ചു.

ചരണത്തിലെ അവസാന വരികൾ കേൾക്കണം. ‘നീരാഗ നാനിരുന്താൽ.. ഉൻ നെത്തിയില് നാൻ ഇറങ്കി..കൂരാന ഉൻ നെഞ്ചിൽ കുതിച്ചി അങ്ക കുടിയിറുപ്പേൻ.. നീരായിരുന്നെങ്കിൽ ഞാൻ.. നിൻറെ നെറ്റിയിലൂടൂർന്ന് ആ നെഞ്ചിൽ കുടിയിരുന്നേനെ.. ഈ വരികൾ എസ്.പി.ബിയുടെ ആലാപനത്തിൽ വേറേതോ തലത്തിലേക്കെത്തുന്നു. മറ്റാർക്കും അനുകരിക്കാനാകാത്തത്ര ഭംഗിയായി കിളിയേ.. ആലം കിളിയേ.. എന്ന് എസ്.പി.ബി പാടുമ്പോൾ കേൾക്കുന്ന മനസ്സുകൾക്കെല്ലാം ചെറുപ്പം.

കേട്ടിരിക്കുമ്പോൾ രാക്ഷസിയുടെ എട്ടാമത്തെ അഴക് ഈ പാട്ടാണെന്നറിയും. അവളുടെ നെഞ്ചിൽ കുടിയിരിക്കാൻ ഭാഗ്യമുള്ള നീർത്തുള്ളിയായി ജനിച്ചില്ലല്ലോ എന്നോർത്തുപോകും ഒരു നിമിഷത്തേക്കെങ്കിലും. അപ്പോൾ വീണ്ടും പല്ലവി ആവർത്തിച്ചുവരും. ഈ രാക്ഷസി എൻറേതാണല്ലോ എന്ന തിരിച്ചറിവ് വന്ന് സന്തോഷവും പ്രണയവും ചേർത്തൊരു ഉമ്മ തരും.