നിലാവത്ത് വെറുതെ പൊഴി​ഞ്ഞു വീഴുവാൻ നീ എന്തിനിതിലേ പറന്നു...

മിന്നാരമെന്ന ചിത്രത്തിൽ മോഹൻലാലും ശോഭനയും

കണ്ണിണയില്‍ നിന്ന് പതിയെ മാഞ്ഞുപോയ ഒരു നിലാപക്ഷിയായിരുന്നു അവൾ. എപ്പോഴുമങ്ങനെ തന്നെ... കലാലയത്തിന്റെ നല്ല നാളുകൾക്കിടയിൽ കൂട്ടുവന്ന ചങ്ങാതി. തല്ലുകൂടിത്തുടങ്ങിയ സൗഹൃദത്തിന് പിന്നീട് പ്രണയത്തിലേക്കൊരു വഴിമാറ്റം. കൈകൾ ഗിത്താർ തന്ത്രികളിലേക്ക് ചേർത്തുവച്ച് അവൾക്കായി പാടിയ നാളുകൾ. അവളേറ്റുപാടിയ നിമിഷങ്ങൾ. കൈക്കുടന്നയിൽ നിന്ന് പാറിപ്പോയ ഒരു അപ്പൂപ്പൻതാടി പോലെ ഒരുപാട് വേദനയും നിഗൂഡതയും സമ്മാനിച്ച് എങ്ങോട്ടേക്കാണെന്ന് പറയാതൊരു യാത്രപോയി പിന്നീടവൾ... പിന്നീട് കാലമേറെ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ സമ്മാനിച്ചത് അസ്വസ്ഥതകൾ മാത്രം. കഥയ്ക്കു പിന്നിലെ കഥയറിയാതെ വഴക്കിട്ടു. ഉള്ളിലെന്താണെന്ന് തിരിച്ചറിയാതെ വെറുത്തു, കലഹിച്ചു. തിരിച്ചുവരവില്ലാത്ത യാത്രയ്ക്ക് ഒരുങ്ങുകയാണവളെന്നും അതിനു മുൻപായിട്ട് തന്റെ കൈകളിലുള്ള ജന്മബന്ധത്തെ സുരക്ഷിതമായി അവനിലൂടെയെത്തിക്കേണ്ടതുണ്ട് അവൾക്കെന്നുമുള്ള സത്യം ഒടുവില്‍ തിരിച്ചറിയും വരെ നീണ്ട വിദ്വേഷം.

ആദ്യത്തെ വിരഹത്തിന് ഉള്ളിനെ പറഞ്ഞ് സമാധാനിപ്പിക്കുവാൻ കുറച്ചു കാരണങ്ങളുണ്ടായിരുന്നുവെങ്കിൽ ഇപ്പോഴങ്ങനെയല്ല. മണ്ണിലേക്ക് എന്നെന്നേക്കുമായൊരു നിദ്രപോകുവാനൊരുങ്ങുകയാണവൾ. നിലാവ് നിഴൽ വീഴ്ത്തുന്ന മണ്ണുകൂടാരത്തിന് കീഴേ ഒന്നുമറിയാതെ ഓർമകളിലേക്കൊരു മടക്കയാത്ര....അന്നേരം അവൻ പാടുന്ന പാട്ടാണിത്. കാലത്തിന്റെ നിഴൽക്കൂത്തുകളിൽ ഒരുപാടുവട്ടം ആടിത്തീർത്തൊരു പാവകളിയാണിവരുടെ ജീവിതം. പലരിലൂടെ പലവട്ടം....ഈ പാട്ടും. ഇന്നുമതങ്ങനെ തന്നെ. അതുകൊണ്ടാണ് കാതുകളിൽ നിന്ന് പെയ്തൊഴിയാതെ ഈ കണ്ണീർ മഴ പൊഴിച്ച് ഈ ഗാനമിങ്ങനെ അലിഞ്ഞുറങ്ങുന്നത്.

മുല്ലക്കൊടി പൂത്ത കാലത്ത് ഒരു മഞ്ഞു തുള്ളി പോലെ എന്നരികിലേക്ക് വന്ന് ഒരുപാട് ചിരിപ്പിച്ചതെന്തിനാണ്. വെറും മണ്ണിൽ വെറുതെ ഇങ്ങനെ പൊഴിഞ്ഞ‌ു വീഴുവാനായിരുന്നുവെങ്കിൽ എന്നരികിലേക്ക് എന്തിനാണ് പറന്നുവന്നതെന്ന് ചോദിക്കുമ്പോള്‍...ഉത്തരമുണ്ടോ...വിരഹത്തിന്റെ നീർച്ചാലുകൾ മനുഷ്യമനസിൽ തീര്‍ക്കുന്ന ചോദ്യങ്ങൾക്ക് കാലത്തിന് ഇന്നേവരെ ഉത്തരം നൽകുവാനായിട്ടില്ല. അതുകൊണ്ടാവും ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുൻപിറങ്ങിയ പ്രിയദർശൻ ചിത്രം കണ്ണുനനയാതെ നമുക്കിന്നും കണ്ടുതീര്‍ക്കാനാകാത്തത്.

മിന്നാരമെന്ന ചിത്രവും അതിലെ പാട്ടുകളും ഇന്നും നമ്മുടെ ഇഷ്ടങ്ങൾക്കിടയിലങ്ങനെ തന്നെയുണ്ട്. ഈ പാട്ട് പ്രത്യേകിച്ചും. കാരണം ആ ചിത്രമെന്താണ് അതിന്റെ നോവെന്താണെന്ന് അതിനെത്രത്തോളം യാഥാർഥ്യമുഖമുണ്ടെന്ന് അതിസുന്ദരമായി ഗിരീഷ് പുത്തഞ്ചേരി കുറിച്ചിട്ടുണ്ട്...എസ് പി വെങ്കിടേഷ് സംഗീതമിട്ടിട്ടുണ്ട്. എം ജി ശ്രീകുമാർ തന്റെ ശബ്ദം കൊണ്ട് സാന്നിധ്യമാകുന്നുണ്ട്. ഒരു വരിപോലും നമ്മിലെന്തൊക്കെയോ കോറിയിടാതെ അവസാനിക്കുന്നില്ല. ഈണവും അങ്ങനെ തന്നെ. ആ ശബ്ദവും. അതെന്നും അങ്ങനെ തന്നെയാകും. കാരണം ഇന്നുമിങ്ങനെ തന്നെയാണ് പ്രണയം.

ഗിരീഷ് പുത്തഞ്ചേരി

നിലാവേ മായുമോ

കിനാവും നോവുമായ്

ഇളം തേൻ തെന്നലായ്

തലോടും പാട്ടുമായ്

ഇതൾ മാഞ്ഞൊരോർമ്മയെല്ലാം

ഒരു മഞ്ഞു തുള്ളി പോലെ

അറിയാതലിഞ്ഞു പോയ്

(നിലാവേ മായുമോ)

മുറ്റം നിറയെ മിന്നി പടരും

മുല്ലക്കൊടി പൂത്തകാലം

തുള്ളിതുടിച്ചും തമ്മിൽ കൊതിച്ചും

കൊഞ്ചി കളിയാടി നമ്മൾ

നിറംപകർന്നാടും നിനവുകളെല്ലാം

കതിരണിഞ്ഞൊരുങ്ങും മുൻപേ

ദൂരെ ദൂരെ പറയാതെ അന്നു

നീ മാഞ്ഞു പോയില്ലേ...

(നിലാവേ മായുമോ)

ലില്ലി പാപാ ലോലി

ലില്ലി പാപാ ലോലി(2)

നീലക്കുന്നിൻ മേൽ

പീലിക്കൂടിൻ മേൽ

കുഞ്ഞു മഴ വീഴും നാളി‌ൽ

ആടിക്കൂത്താടും മാരിക്കാറ്റായ് നീ

എന്തിനിതിലേ പറന്നൂ

ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കൾ വീണ്ടും

വെറും മണ്ണിൽ‌ വെറുതെ പൊഴിഞ്ഞു

ദൂരെ ദൂരെ

അതുകണ്ടു നിന്നു നിനയാതെ

നീ ചിരിച്ചു

(നിലാവേ മായുമോ)