സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പള്ളിവാള് ഭദ്രവട്ടകം

നാടൻ പാട്ടുകളുടെ ഇടയിലെ സൂപ്പർ സ്റ്റാറാണ് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനം. ഭദ്രകാളിയെ സ്തുതിച്ചുകൊണ്ട് പാടുന്ന പാട്ട്് പുതിയ രൂപത്തിലും ഭാവത്തിലും എത്തിയിരിക്കുകയാണ്. സ്ത്രീശാക്തീകരണത്തിന്റെ ഭാവത്തിലാണ് പള്ളിവാള് ഭദ്രവട്ടകം. സ്വയം മറന്ന് ഉല്ലസിക്കുന്ന സ്ത്രീത്വം അതാണ് വീഡിയോയുടെ മുഖ്യ ആകർഷണം. ഭർത്താവിന്റെ തിരക്കുകൾക്കിടയിൽ ശ്രദ്ധ കിട്ടാത്ത ഭാര്യ, അവൾ കൂട്ടുകാരിക്കൊപ്പം പുത്തൻ കാഴ്ച്ചകൾ തേടി ഇറങ്ങുന്നു. ആ യാത്ര അവളുടെ ജീവിതത്തെയും കാഴ്ച്ചപ്പാടുകളേയും മാറ്റുകയാണ്. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാനുള്ളതല്ല ജീവിതം എന്ന തിരിച്ചറിവോടെയാണ് ഗാനം അവസാനിക്കുന്നത്.

പഴയ നാടൻ പാട്ടിന് ഇങ്ങനെയൊരു മാറ്റം വരുത്തി കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത് സഞ്ജിവ് തോമസ് എന്ന സംഗീതജ്ഞനാണ്. സയനോരയാണ് ഗാനം അതിമനോഹരമായി പാടിയിരിക്കുന്നത്. സഞ്ജീവ് തോമസ് ഗാനത്തിന് ഗിത്താറും വായിച്ചിട്ടുണ്ട്. സൗമ്യ ജഗൻമൂർത്തിയും ദിവ്യ ഷെട്ടി ശ്രീധറുമാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇടുക്കിയിലും കർണ്ണാടകയിലുമായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സംഗീത വിഡിയോയുടെ സംവിധാനം, കഥ, ഛായാഗ്രഹണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ഗോംതേഷ് ഉപാധ്യായ ആണ്. വിഡിയോ നിർമ്മിച്ചിരിക്കുന്നതും സഞ്ജീവ് തോമസ് തന്നെ. വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.