പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ...

കാത്തിരുന്ന് കാത്തിരുന്നൊരു മഴ കാണുമ്പോൾ അറിയാതെ ചില പാട്ടുകള്‍ ഓർമയിലേക്കു വരാറില്ലേ.
പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ...അങ്ങനെയുള്ള കുറേ പാട്ടുകൾ.

മഴമേഘങ്ങളെ കാത്തിരുന്ന് അവ  പെയ്തിറങ്ങുന്നുണ്ടോ എന്നു നോക്കിയിരുന്നിട്ടില്ലേ പലവട്ടം. അവസാനം ആദ്യ മഴത്തുള്ളികൾ മണ്ണിൽ തൊട്ടുതിരുന്ന ഗന്ധം നമ്മിലേക്ക് അലിഞ്ഞിറങ്ങുന്നത് അനുഭവിക്കുന്ന അനുഭൂതിയോളം സുഖം മറ്റൊന്നിനുമുണ്ടാകില്ല. പ്രണയത്തിന്റെയും, വിഷാദത്തിന്റെയും, കാത്തിരിപ്പിന്റെയും ഓർമകളുടെയും ഒക്കെ സമ്മിശ്രമാണ് ഓരോ മഴകളും. ഭൂമിയിലെ ഓരോ മഴയും ഓരോ ജീവജാലങ്ങൾക്കും ഓരോ അനുഭവങ്ങളാണ്. ഈ പാട്ട് മഴയുെട അതികാൽപനികമായ ചന്തമാണ് നമുക്ക് പാടിത്തരുന്നത്. അതുകൊണ്ടു തന്നെ അന്നും ഇന്നും, ഓരോ മഴ കാണുമ്പോഴും അറിയാതെ പറയാതെ ഈ പാട്ട് ചുണ്ടോരത്ത് എത്തും...പ്രണയം എന്നെന്നും മനസിലുള്ളവര്‍ക്ക് പ്രത്യേകിച്ച്.

അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഈ പാട്ട് ഒരു സിനിമാ ചിത്രീകരണ വേളയിലാണ് എത്തുന്നത്. കൃത്രിമ മഴയുടെ പശ്ചാത്തലത്തിലാണ് പാട്ട് ചിത്രീകരിക്കുന്നത്. എന്നിട്ടും ആ പാട്ടിനും അതിന്റെ ദൃശ്യങ്ങൾക്കും കാണാൻ കൊതിച്ചൊരു മഴയുടെ യാഥാർഥ്യതയുണ്ട്. ആ ക്രിയാത്മകത മനസിലേക്കൊരു സന്ധ്യാമഴ പോലെ ചേർന്നലിഞ്ഞു പോയി. അതിനു കാരണം അതിന്റെ വരികളും ഈണവും തന്നെയാണ്. പല മനസുകളുടെ മഴച്ചിന്തകളാണ് ഈ ഒരൊറ്റ പാട്ടിൽ പരമാവധി ചേർത്തു നിർത്തിയത് കവി. ഇലത്തുമ്പിൽ തട്ടി തട്ടി മണ്ണിലേക്കു തുള്ളിച്ചാടി വീഴുന്ന മഴത്തുള്ളിയെ പോലെയാണ് വിദ്യാസാഗർ എന്ന മെലഡി കിങ് പകർന്ന ഈണവും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾ പാടിയത് സുജാതയും. പാദസരത്തിന്റെ കിലുക്കമാണ് ഈ ഗായികയുടെ സ്വരത്തിനെന്ന് പല കാലങ്ങളിൽ പലരും എഴുതിയത് ഈ പാട്ടു കൊണ്ടു കൂടിയാണ്...