പൂ പൂവായ് പൂക്കാം വാ...

നാൻ നാനാ..കേട്ടേൻ എന്നൈ നാനേ..നാൻ നീയാ നെഞ്ചം സൊന്നതേ.. തമിഴിലെ എക്കാലത്തെയും മികച്ച ഗാനരചയിതാക്കളിലൊരാളായ വാലിയുടെ തൂലികയിലാണ് ഈ വരികളും പിറന്നത് എന്നറിയുമ്പോൾ അതിശയമേതുമില്ല. ഏ.ആർ റഹ്മാൻറെ മോസ്റ്റ് ലവ്ഡ് മെലഡീസിൻറെ ലിസ്റ്റിൽ ഇടംപിടിച്ച മുൻപേ വാ എന്ന പാട്ടിലേതാണ് ഈ വരികൾ. സില്ലുന് ഒരു കാതൽ എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയ ഈ പാട്ട് ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേർന്നാണ് പാടിയത്. ഭൂമിക-സൂര്യ ജോഡിയാണ് ഗാനരംഗത്ത്.

പ്രണയത്തിൻറെ പതിവ് നിറങ്ങളും പ്രണയികളുടെ സാധാരണവും സുഖമുള്ളതുമായ പൊസസീവ്നെസും ഒക്കെയാണ് വരികളിലാകെ. പക്ഷേ, അതിനുവേണ്ടി വാലി ഉപയോഗിക്കുന്ന വർണനകളും ഉപമകളുമൊക്കെ അസാധ്യം. ഞാൻ ഞാനാണോ എന്ന് ചോദിച്ചപ്പോൾ ഞാൻ നീയാണെന്ന് ഹൃദയം പറഞ്ഞു. പൂ പൂവായ് പൂക്കാം വാ എന്ന് പ്രിയപ്പെട്ടവനെ വിളിക്കുന്ന പൂക്കാലം പോലുള്ള കാമുകിയെ ശബ്ദം കൊണ്ട് ശ്രേയയും രൂപം കൊണ്ട് ഭൂമികയും വരച്ചുചേർക്കുന്നു. പാട്ടിൻറെ ഇമ്പത്തിനൊപ്പംതന്നെ മികച്ച ചിത്രീകരണവും ഈ പാട്ടിനെ മനോഹരമാക്കുന്നു.

ഞാൻ താമസിക്കുന്ന നിൻറെ കണ്ണിൽ മറ്റാരെങ്കിലും വന്നാൽ, ഞാൻ ചായുന്ന തോളിൽ വേറൊരാൾ ചാഞ്ഞാൽ സഹിക്കാനാകില്ല ഒരnൽപം പോലും.

പാടുന്നയാളുടെ മൂഡനുസരിച്ച് വികാരവും ഭാവവുമൊക്കെ രൂപപ്പെടുത്തിയെടുക്കാവുന്ന തരത്തിലുള്ള ഫ്ളൂയിഡ് കോമ്പസിഷനാണിതെന്ന് പറയാം. ആരാണോ പാടുന്നത് അയാളുടെ ഉള്ളിൽ നിന്ന് വരുന്ന ഭാവത്തിനൊപ്പം ഭംഗിയായി ഇഴ ചേർന്നു പോകുന്ന പാട്ട്. അതുകൊണ്ടുതന്നെ പ്രണയവർണങ്ങളുടെ തുടുപ്പുകൾക്കൊപ്പം അൽപം വിഷാദം ചാലിച്ചുതരാനും ഇതിനുകഴിയും. യൂട്യൂബിൽ പരതിയാൽ ഇതിൻറെ ഒട്ടേറെ സ്വതന്ത്ര വേർഷനുകളും ഇൻസ്ട്രുമെൻറൽ വേർഷനുകളും റീമിക്സുകളും കേൾക്കാം. ഒറിജിനലിനെ വെല്ലുന്നവ പോലുമുണ്ട് കൂട്ടത്തിൽ. മറ്റനേകം റഹ്മാൻ പാട്ടുകൾ പോലെ കേൾവിക്കാരെയും കേട്ടുപാടുന്നവരെയും അത്രയധികം സ്വാധീനിച്ചിട്ടുണ്ട് ഈ പാട്ടും എന്ന് സാരം.