അയാൾ വീണുടയുന്ന ഒരു സൂര്യകിരീടമാകുന്നു... 

ചങ്ക് നോവുന്ന വേദനയുണ്ട് ഇപ്പോഴും ആ പാട്ട് കേൾക്കുമ്പോൾ.

ഒരു പറ്റം മനുഷ്യരെ ചങ്കൂറ്റം കൊണ്ടും കാരിരുമ്പിന്റെ മനസ്സുകൊണ്ടും ഉരുക്കു മുഷ്ടി കൊണ്ടും നിയന്ത്രിച്ചിരുന്ന ഒരാൾ വീണടിഞ്ഞു പോകുമ്പോൾ, ആ ഒരാൾ ഏറ്റവും ഇഷ്ടമുള്ള ഒരാളാകുമ്പോൾ ചങ്കg നോവുന്നത് സ്വാഭാവികമാകാം.... 

"സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ 

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ.."

നീറുന്ന മനസ്സിന്റെ നിസ്സഹായതകൾ അലിഞ്ഞു ചേരുന്ന പാട്ടുകൾ കാലത്തെ അതിജീവിക്കുന്നതാകും. ദേവാസുരം എന്ന ചിത്രത്തിലെ ഈ ഗാനവും കേൾവിക്കാർക്കു പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതി എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ ഈ പാട്ട് പാടിയത് എം ജി ശ്രീകുമാറാണ്.

മംഗലശ്ശേരി നീലകണ്ഠൻ ഒരു വെറും മനുഷ്യനായിരുന്നില്ലല്ലോ, ഒരു വലിയ സമൂഹത്തിന്റെ മുന്നിൽ ഏറ്റവും ധിക്കാരിയായും തെമ്മാടിയായും ജീവിച്ച ഒരു മുൻകോപി. ഒറ്റനോട്ടത്താൽ ശത്രുക്കളെപ്പോലും ദഹിപ്പിച്ചുകളയുന്നവൻ, എന്നാൽ അയാൾ തകർന്നു പോകുന്നുണ്ട് ചില സത്യങ്ങൾക്കു മുന്നിൽ. അല്ലെങ്കിലും ജീവിതം അങ്ങനെയാണ്. ഏതു വടവൃക്ഷത്തിനെയും അടിയോടെ പിഴുതൊടുക്കാൻ ശേഷിയുള്ള ചില സത്യങ്ങളുണ്ടാകും...

"നെഞ്ചിലെ പിരിശംഖിലെ തീർഥമെല്ലാം വാർന്നുപോയ്

നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ.."

നെഞ്ചിനുള്ളിൽ അത്രനാൾ കരുതി വച്ചിരുന്ന പുണ്യതീർഥം അയാളുടെ തറവാട് തന്നെയായിരുന്നിരിക്കണം. നീലകണ്ഠനെ, മംഗലശ്ശേരി നീലകണ്ഠൻ ആക്കിയ തറവാട്. പേരിനോട് ഒട്ടിയിരിക്കുന്ന ആ അഭിമാനം പോലും ഔദാര്യമാണെന്നു തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്.... ഏതൊരു തെമ്മാടിയുടെയും ഹൃദയം തകർന്നു തരിപ്പണമായി പോകുന്ന നിമിഷം. ഉള്ളിൽ ഒരു കടൽ ഉറക്കെ അലറുന്നു, ഒരു പെരുമഴ പെയ്യുന്നു.. ആരും കാണാതെ അയാളത് പേറി നടക്കുകയാണ്...

"അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..

ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ

പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ"

ഒന്നും തന്റേതായിരുന്നില്ല. അഗ്നിയുടെ ചൂടിൽ എല്ലാമുരുകുന്നു. ഒരേയൊരു ആശ്വാസം ‘അമ്മ’ എന്ന രണ്ടക്ഷരമായിരുന്നു... അതും ഇല്ലാതാകുമ്പോൾ , ധിക്കാരിയാണെങ്കിൽകൂടി അയാൾക്ക് ഓർക്കേണ്ടതുണ്ട്, ഇനിയൊരു ജന്മം........ അമ്മേ, നിന്നിൽ ഇനിയൊരു ജന്മം കൂടി എനിക്ക് നല്കില്ലേ... ?

അന്ന് അമ്മയുടെ അടുത്തുനിന്നു മടങ്ങി വന്ന ശേഷം തറവാട്ടിലെ ഇരുണ്ട മുറിയിലിരുന്ന് ആരും കാണാതെ അയാൾ എത്ര നേരം നിർത്താതെ കരഞ്ഞിട്ടുണ്ടാകും?