തയ്‍നു ഇത്‍നാ മേ പ്യാർ കരാൻ...മറക്കില്ല എയർലിഫ്റ്റിലെ ഈ പാട്ട്

ഇഷ്ടപ്പെട്ട ഒരാൾക്ക് വേണ്ടി ജീവൻ കളയാൻ പറഞ്ഞാൽ അത്ര എളുപ്പമാണോ അത് സമ്മതിക്കാൻ? അയാളില്ലാതെ ജീവിയ്ക്കാൻ കഴിയില്ല എന്നുവന്നാൽ പിന്നെ മരണത്തെ കുറിച്ച് പോലും ആലോചിച്ചു പോകുന്നത് സ്വാഭാവികമാണ്. 2016 ൽ പുറത്തിറങ്ങിയ "എയർലിഫ്ട്" എന്ന സിനിമ പറഞ്ഞതും ഇങ്ങനെയൊരു കഥയാണ്. പക്ഷെ ഇവിടെ ഒരാൾ ഒരു രാജ്യത്തിലെ ഒരുകൂട്ടം മനുഷ്യർക്ക് വേണ്ടി ജീവൻ പോലും കളയാൻ തയ്യാറായി ഇരിക്കുമ്പോൾ അയാൾക്ക് വേണ്ടി പ്രിയപ്പെട്ട മറ്റൊരാൾ അയാളുടെ ജീവന് കൂട്ടിരിക്കുന്നു... എന്തു വന്നാലും ഒന്നിച്ച്....

തയ്നു ഇത്‍നാ മേ പ്യാർ കരാൻ
ഇക് പൽ ഇഛ്സാ ബാര് കരാൻ
തൂ ജാവേ ജേ മനു ഛഡ് കേ
മോത് ദാ ഇന്ദ്സാര് കരാൻ

നൂറു നൂറു തവണ ഇരട്ടി ഇഷ്ടമാണ്, അവളില്ലെങ്കിൽ പിന്നെ ജീവനില്ല എന്നതും ഉറപ്പാണ്... എന്നിട്ടും പ്രിയപ്പെട്ടവളുടെ ജീവന് വേണ്ടിയാണ് മരണത്തിന്റെ മുഖത്ത് നിന്നും അവളെ അയാൾ പറഞ്ഞു വിടാൻ ആഗ്രഹിക്കുന്നത്. പക്ഷെ നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്നാണു അവളുടെ മറുപടി. 

സദ്ദാം ഹുസൈന്റെ കുവൈറ്റ് ആക്രമണവും അതെ തുടർന്ന് ഇന്ത്യൻ പൗരന്മാരെ സ്വന്തം രാജ്യത്തിലേക്ക് അയയ്ക്കാൻ ഒരു മനുഷ്യൻ നടത്തുന്ന മാർഗ്ഗങ്ങളുമാണ് എയർലിഫ്ട് എന്ന സിനിമയുടെ കഥ. ഒരുപക്ഷെ അക്ഷയ് കുമാർ എന്ന നടന്റെ കരിയറിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ഒരു സിനിമ ഏതെന്ന ചോദ്യത്തിനും ഇതുതന്നെയാണുത്തരം. സിനിമ ഓർമ്മിക്കപ്പെടുന്നതുപോലെ തന്നെയാണ് സ്നേഹത്തിന്റെ തീവ്രതയിൽ എടുത്തിരിക്കുന്ന ഈ ഗാനവും. 

അയാൾ പറയുന്നു... നീ വിചാരിയ്ക്കുന്നതിലും എത്രയോ അപ്പുറമാണ് എന്റെ പ്രണയം... നിനക്ക് വേണ്ടി ലോകം തന്നെ ഉപേക്ഷിയ്ക്കാൻ ഞാൻ തയ്യാറാണ്... എന്റെ ശ്വാസം പോലും നിന്നിലെത്തി നിൽക്കുന്നുവെന്ന് നീയറിയുന്നോ... നീയരികിലുണ്ടെങ്കിൽ ഈ ലോകം എനിക്ക് മുന്നിൽ ഒന്നുമല്ലാതാകുന്നു... നീയുണ്ടെങ്കിൽ മാത്രം ജീവിതമുണ്ടാകുന്ന അവസ്ഥ... നീയാണെന്റെ അവസാന യാത്ര.... മറ്റെവിടേയ്‌ക്ക്‌ പോകാൻ.... നിന്നിലേക്കുള്ള അവസാന യാത്രയിലേക്കല്ലാതെ...

മറുപടി അവളുടേതാണ്:  നീയില്ലാതെ ജീവിയ്ക്കാനാകില്ല... നിന്നിൽ നിന്നൊരിക്കലും എന്നെ വിദൂരത്തിലേയ്ക്ക് അകറ്റി നിർത്തരുതേ... നിനക്കറിയില്ല, എനിക്ക് നിന്നോട് എത്രമാത്രം പ്രണയമുണ്ടെന്ന്... നിന്നെ എപ്പോഴും നോക്കിയിരിക്കണമെന്നാണ് കണ്ണുകളുടെ അതിമോഹം... ഉറക്കത്തിൽ, സ്വപ്നങ്ങളിൽ പോലും നീ നിറഞ്ഞു നിൽക്കുന്ന രാവുകൾ.. 

അത്രമേൽ ഇഷ്ടമുള്ള രണ്ടു പേർ പരസ്പരം വേർപിരിയാനാകാതെ നോക്കിയിരിക്കുന്നു, അവരുടെ പ്രണയത്തിലേയ്ക്കും ജീവിതത്തിലേക്കും. സ്വന്തം ജീവൻ പോലും അവഗണിച്ച് ഒരാൾ ഒരു സമൂഹത്തിനു വേണ്ടിയും അയാളുടെ ജീവൻ സംരക്ഷിച്ച് ഒരുവൾ അയാളുടെ നിഴലായും... പ്രണയത്തിന്റെ ഉന്നതികളിൽ രണ്ടു പേർ.... ഗാനത്തിന്റെ ഗന്ധവും ആ പ്രണയത്തിൽ തുടങ്ങുന്നു... പിന്നെ ഒരിക്കലും അവസാനിക്കാതെയുമിരിക്കുന്നു. 

പ്രണയത്തിന്റെ ആഴം അതിമനോഹരമായി വർണിച്ച മറ്റൊരു ബോളിവുഡ് ഗാനമാണിത്. ബോളിവുഡിലെ ഏറ്റവും മനോഹരമായ പ്രണയാർദ്രം സ്വരമെന്ന് അരിജിത് സിങിനെ വിശേഷിപ്പിച്ചത് ഈ പാട്ടുകൊണ്ടു കൂടിയാണ്. അമാൽ മാലികും തുൾസി കുമാറുമാണ് മറ്റു സ്വരങ്ങൾ. കുമാറിന്റെ വരികൾക്ക് അമാൽ മാലിക് ആണു സംഗീതം നൽകിയത്.