തുമ്പീ വാ തുമ്പക്കുടത്തിൻ...

ഒരു കുന്നിൻമുകളിൽനിന്ന് ഊഞ്ഞാലാടി ആകാശത്തേക്കുയർന്ന് മേഘങ്ങളെ കാൽതൊട്ടു മടങ്ങണമെന്നു സ്വപ്നം കണ്ടിട്ടില്ലേ...ആകാശത്തു പാറിനടക്കുന്ന അപ്പൂപ്പൻതാടികളെ കൈക്കുള്ളിലാക്കുവാൻ കൊതിച്ചിട്ടില്ലേ... ഈ പാട്ടു കേട്ടാൽ ബാല്യകാലത്തു നമ്മൾ കണ്ട ആ സ്വപ്നങ്ങളെല്ലാം പതിയെ മടങ്ങിവരും. അതിനി എത്ര പ്രായമായാലും അങ്ങനെതന്നെ. 

തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം

ആകാശപ്പൊന്നാലിനിലകളെ ആയത്തിൽ തൊട്ടേ വരാം

എസ്. ജാനകിയുടെ മധുരമൂറും സ്വരത്തിൽ അനശ്വരമായ മലയാളം ഗാനങ്ങളിലൊന്നാണിത്. അമ്മയും അമ്മയുടെ സ്നേഹസ്പർശം പകർന്നവരും ഒരിക്കലെങ്കിലും നമുക്കീ പാട്ടു മൂളിത്തരാതിരുന്നിട്ടുണ്ടാകില്ല. ഒരുപാടൊരുപാടു കുഞ്ഞു മനസ്സുകളിലെ കുഞ്ഞു സ്വപ്നങ്ങളായി ഈ പാട്ടു മാറിയിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിലെ ഈ പാട്ട് ‘ഓളങ്ങൾ’ എന്ന സിനിമയിലേതാണ്. ഒഎൻവി കുറുപ്പിന്റേതാണു വരികൾ.

ചിത്രം : ഓളങ്ങൾ(1982)

 

സംഗീതം: ഇളയരാജ

 

രചന : ഒ.എൻ.വി കുറുപ്പ്

തുമ്പി വാ തുമ്പക്കുടത്തിൻ

തുഞ്ചത്തായ് ഊഞ്ഞാലിടാം

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌(2)

ആകാശപ്പൊന്നാലിനിലകളെ ആയത്തിൽ തൊട്ടേ വരാം‌(2)

തുമ്പീ വാ തുമ്പക്കുടത്തിൻ‌ തുഞ്ചത്തായ് ഊഞ്ഞാലിടാം‌(2) (തുമ്പീ...)‌

മന്ത്രത്താൽ പായുന്ന കുതിരയെ മാണിക്യകയ്യാൽ‌ തൊടാം‌(2)

ഗന്ധർവ്വൻ‌ പാടുന്ന മതിലക മന്ദാരം‌ പൂവിട്ട തണലിൽ(2)

ഊഞ്ഞാലേ...പാടാമോ...ഊഞ്ഞാലേ പാടാമോ...

മാനത്തു മാമന്റെ തളികയിൽ മാമുണ്ണാൻ പോകാമോ നമുക്കിനി

(തുമ്പീ വാ)

പണ്ടത്തെ പാട്ടിന്റെ വരികൾ ചുണ്ടത്ത് തേൻ‌തുള്ളിയായ് (2)

കൽക്കണ്ട കുന്നിന്റെ മുകളില് കാക്കാച്ചി മേയുന്ന തണലിൽ (2)

ഊഞ്ഞാലേ...പാടിപ്പോയ്...ഊഞ്ഞാലേ പാടിപ്പോയ്

ആക്കയ്യിൽ ഈക്കയ്യിലൊരുപിടി കയ്ക്കാത്ത നെല്ലിക്കായ് മണി തരൂ..

(തുമ്പീ വാ )