വാർമുകിലേ വാനിൽ നീ...

വാർമുകിലേ വാനിൽ നീ എന്ന പാട്ടിന്റെ രംഗത്തിൽ സംയുക്താ വർമ്മ

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്... അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപ്പെട്ട് പോകും ഒന്നു മിണ്ടാന്‍ ഒപ്പം നടക്കാന്‍ മാനസ് വല്ലാതെ കൊതിക്കും .എന്നാല്‍ എല്ലാം വെറുതെയാണെന്ന് തിരിച്ചറിയുമ്പോള്‍, നമ്മള്‍ ആ ഇഷ്ടത്തെ മനസില്‍ കുഴിച്ചു മൂടും. പിന്നീട്... എപ്പോഴെങ്കിലും ഒരു തുള്ളി കണ്ണുനീരിന്റെ നാണവോടെ ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍കും .. ഓർമകൾ പെയ്യാൻ വെമ്പിനിൽക്കുന്ന മഴമേഘത്തെപ്പോലെ ഹൃദയത്തിൽ കൂടുകൂട്ടുമ്പോൾ അറിയാത്തെ ഈ പാട്ട് ഓർമ്മവരും.

വാർമുകിലേ വാനിൽ നീ വന്നു നിന്നാൽ ..... എങ്ങനെ സ്നേഹിക്കാതിരിക്കാനാവും ഈ പാട്ടിനെ. മഴകാണുമ്പോൾ കൃഷ്ണനെ ഓർക്കുന്ന രാധയുടെ മനസ്സാണ് ഈ പാട്ട്. മയിൽപീലി പോലെ മയിൽപ്പോലെ മനോഹരമായ ഈ പാട്ടിൽ വിരഹമുണ്ട്, പറയാതെ ഉള്ളിലൊതുക്കിയ പ്രണയമുണ്ട്. ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചുതീർക്കുന്നതിന്റെ വിഹ്വലതകളുണ്ട്.

മഴയിലെ സംയുക്ത, കെ എസ് ചിത്ര

മഴ എന്ന ചിത്രത്തിലെ ഈ ഗാനത്തെ സ്നേഹിക്കാൻ പിന്നെയുമുണ്ട് കാരണം. പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരി എന്ന ചെറുകഥയുടെ സ്വതന്ത്ര ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത് 2000 ല്‍ പുറത്തിറങ്ങിയ മഴ എന്ന ചിത്രം. സംയുക്താവര്‍മ്മ ഭദ്രയായും ബിജുമേനോന്‍ ശാസ്ത്രികളായും ലാല്‍ ചന്ദ്രനായും വേഷമിട്ട ഈ ചിത്രം മനോഹരഗാനങ്ങളാല്‍ സമ്പുഷ്ടമായിരുന്നു. എങ്കിലും മനസ്സിൽ കണ്ണീരുകൊണ്ട് മഴവിൽ തീർക്കാനായത് ഈ ഗാനത്തിനായിരുന്നു.

സുഭദ്രയുടെ കാത്തിരിപ്പായിരുന്നു ഈ ഗാനം. മധുരയിലേക്ക് പോയ കൃഷ്ണനെകാത്തിരിക്കുന്ന രാധയുടേത് പോലെ വിഫലമായ കാത്തിരിപ്പ്. എങ്കിലും അവൾ ശാസ്ത്രികളെ പ്രണയിച്ചിരുന്നു. പ്രണയവിരഹം നിറഞ്ഞ കൊഴിഞ്ഞുപോയ ജീവിതത്തിലേക്ക് നീലാംബരി പാടിയെത്താൻ അയാൾക്കുള്ള ക്ഷണമായിരുന്നു.

പണ്ടു നിന്നെ കണ്ട നാളില്‍ പീലി നീര്‍ത്തീ മാനസം. മന്ദഹാസം ചന്ദനമായി..മന്ദഹാസം ചന്ദനമായി. ഹൃദയരമണാ. ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞു പുഷ്പങ്ങള്‍ ജീവന്റെ താളങ്ങള്‍ എന്ന പാടുമ്പോൾ അതിൽ തുളുമ്പി നിന്നത് പ്രതീക്ഷകളകായിരുന്നു. പഴയ സ്വപ്നങ്ങളുമായി എന്നെങ്കിലും ശാസ്ത്രികൾ വരുമെന്ന സ്വപ്നം. എന്നെങ്കിലും ശാസ്ത്രികളിലേക്ക് ഓടിയെത്താമെന്ന സ്വപ്നം. കാത്തിരിപ്പിന്റെ കണ്ണീരിനുള്ളിലും ഒരായിരം സ്വപ്നങ്ങൾ ഒളിപ്പിച്ചുവെച്ച നിധിപോലെ പ്രണയരഹസ്യം കാത്തുസൂക്ഷിച്ച പാട്ടായിരുന്നു ഇത്. ഭർത്താവ് അരികിലുണ്ടെന്ന് പോലും മറന്ന് അറിയാതെ സുഭദ്ര പ്രണയം പാടിപോകുന്ന പാട്ട്. അതൊരു ധീരതയായിരുന്നു. മാധവികുട്ടിയുടെ സുഭദ്രയ്ക്ക് മാത്രം സാധ്യമാകുന്ന പാട്ട്.

മഴയുടെ പോസ്റ്റർ ദൃശ്യം

ആ വികാരം ഉൾക്കൊണ്ടു തന്നെയാണ് യൂസഫലി കച്ചേരി എഴുതിയതും. രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയതും. വിരഹം പാടാൻ ജോഗ് എന്ന ഹിന്ദുസ്ഥാനി സംഗീതത്തോളം മികച്ചതായി ഒരു രാഗമില്ലെന്ന് തെളിയിച്ച ഗാനം കൂടിയായിരുന്നു ഇത്. ചിത്ര പാടിയ ഈ പാട്ട് അന്നും ഇന്നും കണ്ണ് നനയിച്ചിട്ടേയുള്ളൂ.

ചിത്രം - മഴ

രചന -യൂസഫലി കേച്ചേരി

സംഗീതം - രവീന്ദ്രന്‍

പാടിയത് - ചിത്ര

പാട്ടിന്റെ വരികൾ

വാർമുകിലേ വാനിൽ നീ

വന്നു നിന്നാലോർമ്മകളിൽ ശ്യാമവർണ്ണൻ(2)

കളിയാടി നിൽക്കും കദനം നിറയും

യമുനാനദിയായ് മിഴിനീർ വഴിയും

പണ്ടു നിന്നെ കണ്ട നാളിൽ

പീലിനീർത്തി മാനസം

മന്ദഹാസം ചന്ദനമായി...

ഹൃദയരമണാ...

ഇന്നെന്റെ വനിയിൽ കൊഴിഞ്ഞു പുഷ്പങ്ങൾ

ജീവന്റെ താളങ്ങൾ ...

(വാർമുകിലേ...)

അന്നു നീയെൻ മുന്നിൽ വന്നൂ

പൂവണിഞ്ഞൂ ജീവിതം

തേൻകിനാക്കൾ നന്ദനമായി

നളിന നയനാ...

പ്രണയവിരഹം നിറഞ്ഞ വാഴ്‌വിൽ

പോരുമോ നീ വീണ്ടും

(വാർമുകിലേ...)