ഐടി @ സ്കൂളിന്റെ ‘സ്കൂൾ വിക്കി’ക്ക് ദേശീയാംഗീകാരം

തിരുവനന്തപുരം∙ സോഷ്യൽ മീഡിയ ഫോർ എംപർമെന്റ് അവാർഡ്സിൽ ഐടി @ സ്കൂൾ പ്രോജക്ടിന്റെ ‘സ്കൂൾ വിക്കി’ക്ക് അംഗീകാരം. ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷന്റെ അവാർഡുകളിൽ പ്രത്യേക പരാമർശമാണു സ്കൂൾ വിക്കിക്കു ലഭിച്ചത്.

ദേശീയതലത്തിൽ 162 പ്രോജക്ടുകളാണു പരിഗണിച്ചത്. സംസ്ഥാനത്തെ ഒന്നു മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കുന്ന ‘സ്കൂൾ വിക്കി’ 2009 കേരളപ്പിറവി ദിനത്തിലാണു തുടങ്ങിയത്.

സ്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾക്കൊപ്പം പ്രമുഖരായ പൂർവ വിദ്യാർഥികൾ, സ്കൂൾ ഭൂപടം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം, കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണു സ്കൂൾ വിക്കി.

നിലവിൽ ഒരു ലക്ഷത്തോളം താളുകളും 24,235 ഉപയോക്താക്കളുമുണ്ട്.