20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; പദ്ധതിക്ക് ഭരണാനുമതി

തിരുവനന്തപുരം∙ സംസ്ഥാനത്തെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യമായി ഇന്റർനെറ്റ് എത്തിക്കുന്ന പദ്ധതിക്കു സർക്കാർ ഭരണാനുമതി നൽകി. കെഎസ്ഇബി വൈദ്യുതി പോസ്റ്റുകളിലൂടെ ഫൈബർ ഒപ്റ്റിക് കേബിൾ വലിച്ചാണു പ്രാദേശിക കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുക.

അവിടെനിന്നു കേബിൾ ടിവി ശൃംഖല വഴി വീടുകളിലേക്കു നൽകും. ഫൈബർ ഓപ്റ്റിക് കേബിൾ ശൃംഖല സ്ഥാപിക്കാൻ മാത്രം 907 കോടി രൂപയാണു ചെലവാകുക. ആകെ 1028 കോടിയുടെ പദ്ധതിക്കാണു ഭരണാനുമതി നൽകിയിരിക്കുന്നത്.

ഇപ്പോൾ സർക്കാർ ഓഫിസുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ബിഎസ്എൻഎല്ലിന്റെ കേബിളാണു സർക്കാർ വാടകയ്ക്കെടുത്തിരിക്കുന്നത്. സ്വന്തം ശൃംഖല വരുന്നതോടെ ഇന്റർനെറ്റ് വിതരണത്തിലും സർക്കാർ സ്വയംപര്യാപ്തമാകും. എത്രയും വേഗം പദ്ധതി പൂർത്തിയാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.