ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പാഠപുസ്തകങ്ങൾ തയാർ; ഇന്നു പ്രകാശനം

തിരുവനന്തപുരം∙ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള എസ്‌സിഇആർടിയുടെ പ്രത്യേക പാഠപുസ്തകങ്ങൾ തയാറായി. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കു വേണ്ടി പ്രത്യേക പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും രാജ്യത്ത് ആദ്യമാണ്.

പുസ്തകങ്ങളുടെ പ്രകാശനം ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകളിലെ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കും സൗജന്യമായി ഇവ വിതരണം ചെയ്യും.

യുഡിഎഫ് സർക്കാർ നിയോഗിച്ച എം.കെ.ജയരാജ് കമ്മിഷനാണു ഭിന്നശേഷിക്കാർക്കു പൊതു പാഠ്യപദ്ധതി എന്ന നിർദേശം മുന്നോട്ടുവച്ചത്. എസ്‌സിഇആർടിയുടെ മേൽനോട്ടത്തിൽ ഡോ. എസ്.മീനയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 

2014ൽ പൊതു പാഠ്യപദ്ധതി നടപ്പാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണു പാഠപുസ്തകങ്ങൾ തയാറാക്കിയത്. പ്രൈമറി ക്ലാസുകളിലെ ആറു മുതൽ 11 വരെ പ്രായക്കാർക്കായി എട്ടു വർക്ക് ബുക്കുകളും അധ്യാപകർക്കായി എട്ടു കൈപ്പുസ്തകങ്ങളുമാണു തയാറാക്കിയിരിക്കുന്നത്.