ഗൾഫ് വിമാന നിരക്കിൽ ഇത്തവണയും റോക്കറ്റ് കുതിപ്പ്; അവിട്ടം ദിനത്തില്‍ കൊച്ചി– ദോഹ റൂട്ടില്‍ നിരക്ക് 70,076 രൂപ

ദുബായ്/ദോഹ/കുവൈത്ത് സിറ്റി∙ ഓണം, ഈദ് അവധിക്കാലത്ത് ഇക്കുറിയും ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി ഗൾഫ് വിമാനങ്ങൾ. ഗൾഫിലെ വേനലവധി കഴിഞ്ഞു പ്രവാസി കുടുംബങ്ങൾ തിരിച്ചുപോകുന്നതുകൂടി കണക്കിലെടുത്താണു സെപ്റ്റംബർ 20 വരെയുള്ള വൻ നിരക്കുവർധന. സെപ്റ്റംബർ അഞ്ചിനു കൊച്ചി– ദോഹ റൂട്ടിൽ 70,076 രൂപയാണു നിരക്ക്.

സാധാരണ ദിവസങ്ങളിലെ നിരക്കിനേക്കാൾ പത്തിരട്ടിയിലേറെ. അഞ്ചിനു കോഴിക്കോട് – ദോഹ 45,660 രൂപ, തിരുവനന്തപുരം– ദോഹ 50,152 രൂപ എന്നിങ്ങനെയാണു നിരക്ക്. യുഎഇ സെക്ടറിലെ അബുദാബി, ഷാർജ, ദുബായ് വിമാനത്താവളങ്ങളിലേക്കു കോഴിക്കോട്ടുനിന്ന് 5,000 രൂപയ്ക്കു കഴിഞ്ഞയാഴ്ച വരെ ടിക്കറ്റ് ലഭിച്ചിരുന്നു. 25,000 രൂപ മുതൽ 50,000 രൂപ വരെയാണു പുതിയ നിരക്ക്.

സെപ്റ്റംബർ അഞ്ചിനു കോഴിക്കോട്ടുനിന്നു മുംബൈ വഴി ജിദ്ദയിലേക്ക് 38,000 രൂപ നൽകണം. ജിദ്ദയിലേക്ക് ഈയിടെയുള്ള കുറഞ്ഞ നിരക്കാണിത്. റിയാദിലേക്ക് 36,000 മുതൽ 50,000 രൂപ വരെയാണു നിരക്ക്. ബജറ്റ് വിമാനങ്ങളിൽ ഉൾപ്പെടെ നിരക്കുവർധന ഉണ്ടായെങ്കിലും പ്രമുഖ കമ്പനികൾ ഓഫറുകൾ പ്രഖ്യാപിച്ചതു നാട്ടിലേക്കുള്ള യുഎഇ യാത്രക്കാർക്ക് ആശ്വാസമായി.

എന്നാൽ മടക്കയാത്രയ്‌ക്കു ചെലവേറും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് എയർ ഇന്ത്യ പ്രഖ്യാപിച്ച പ്രത്യേക പാക്കേജിൽ ടിക്കറ്റെടുത്തവർക്കു കൊച്ചിയിലേക്കു സെപ്‌റ്റംബർ 30 വരെ 395 ദിർഹത്തിനു (ഏകദേശം 6715 രൂപ) യാത്രചെയ്യാം. ചില വിമാനക്കമ്പനികൾ കൂടുതൽ ലഗേജ് സൗകര്യം ഏർപ്പെടുത്തിയതും ആശ്വാസമായി. എയർ ഇന്ത്യാ എക്‌സ്‌പ്രസ് ഇന്നു മുതൽ അടുത്തമാസം നാലുവരെ കേരളമുൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്‌ടറുകളിലേക്കു ഷാർജയിൽനിന്ന് അധികസർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോട്ടുനിന്നു കുവൈത്തിലേക്കു സെപ്റ്റംബർ 15 വരെ സ്വകാര്യ എയർലൈനുകളിൽ സീറ്റ് ഒഴിവില്ല. സീറ്റ് ലഭിക്കുകയാണെങ്കിൽത്തന്നെ നിരക്ക് 40,000 രൂപയ്ക്കു മുകളിലാകും.