Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദയംപേരൂർ സുന്നഹദോസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം: സെമിനാർ

seminar കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ കൊച്ചിയിൽ നടത്തിയ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ബിഷപ് ജോസഫ് കരിയിൽ ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി ∙ ചരിത്രപ്രാധാന്യമുള്ള ഉദയംപേരൂർ സുന്നഹദോസ് അക്കാദമിക രംഗത്ത് അവഗണിക്കപ്പെടുകയാണെന്നും ഇതു പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ‘ഉദയംപേരൂർ സുന്നഹദോസ് - ഇന്ത്യൻ നവോത്ഥാനത്തിനു ഒരാമുഖം’ എന്ന സെമിനാർ പ്രമേയത്തിലൂടെ അഭ്യർഥിച്ചു. 

ഭാരതത്തിലേയും കേരളത്തിലേയും നവോത്ഥാനങ്ങൾക്കു മുന്നോടിയായത് ഉദയംപേരൂർ സുന്നഹദോസാണെന്നു കെആർഎൽസിബിസി ഹെറിറ്റേജ് കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കേരള സമൂഹത്തിൽ നിലനിന്നിരുന്ന തൊട്ടുകൂടായ്മയും ജാതിസമ്പ്രദായവും മറ്റ് അന്ധവിശ്വാസങ്ങളും നിർത്തലാക്കാനും പെൺകുട്ടികളുടെ അവകാശം സംരക്ഷിക്കാനും പ്രാർഥനകൾ മാതൃഭാഷയിലാക്കാനും സുന്നഹദോസ് അംഗീകരിച്ച കാനോനുകളിൽ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. 

സമാപന സമ്മേളനം ബിഷപ് ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്തു. കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം സമാപന സന്ദേശം നൽകി. ഉദയംപേരൂർ സുന്നഹദോസ് സംഘടിപ്പിച്ച അലക്സിസ് മെനസിസ് മെത്രാപ്പൊലീത്തയുടെ പ്രവർത്തനം സംബന്ധിച്ചു അഭിപ്രായ വ്യത്യാസമുണ്ടാകാം. വിദേശിയായ ഒരാൾ നമ്മുടെ നാട്ടിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതു ശരിയാണോ എന്നു സംശയം തോന്നാം. എന്നാൽ അന്നു നിലനിന്നിരുന്ന പല ദുരാചാരങ്ങളും നീക്കാൻ സുന്നഹദോസ് സഹായിച്ചുവെന്ന് ആർച്ച്ബിഷപ് ചൂണ്ടിക്കാട്ടി. 

റിച്ചാർഡ് ഹേ എംപി, ആന്റണി അമ്പാട്ട്, ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കെആർഎൽസിബിസി ഹെറിറ്റേജ് കമ്മിഷൻ, കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷൻ, ജോൺ ഓച്ചന്തുരുത്ത് മെമ്മോറിയൽ അക്കാദമി ഓഫ് ഹിസ്റ്ററി എന്നിവ ചേർന്നാണു ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്.