സർവീസിലിരിക്കെ മരിച്ചവരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതിത്തള്ളും

കൽപറ്റ ∙ സർവീസിലിരിക്കെ മരിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍ക്കാരിൽ നിന്നെടുത്ത വായ്പകൾ എഴുതിത്തള്ളുന്നതിന്റെ പരിധി അഞ്ചു ലക്ഷം രൂപയാക്കി. നിലവിൽ ഇതു രണ്ടു ലക്ഷം രൂപയാണ്. അഞ്ചു ലക്ഷത്തിൽ കൂടുതലുള്ള തുക മരിച്ചയാളുടെ സ്വത്തുക്കളിൽ നിന്നോ അനന്തരാവകാശികളിൽ നിന്നോ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഭവനവായ്പ, വാഹനവായ്പ, പലിശരഹിത ചികിത്സാ വായ്പ, ഓണം അഡ്വാൻസ്, ക്ലാസ് നാല് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹവായ്പ എന്നിവ ബാധ്യതകളിൽ ഉൾപ്പെടും. ഒന്നിലധികം വായ്പകളുണ്ടെങ്കിൽ ഏറ്റവും പഴക്കം ചെന്ന ബാധ്യതയാണ് എഴുതിത്തള്ളുക. വായ്പ പൂർണമായും എടുത്ത ആവശ്യത്തിനാണു വിനിയോഗിച്ചതെന്ന നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഹാജരാക്കണമെന്നാണു നിബന്ധന.