സ്വകാര്യ മേഖലയിൽ സ്റ്റാർട്ടപ് ഇൻകുബേറ്ററുകൾക്ക് സർക്കാർ സഹായം

തിരുവനന്തപുരം∙ സ്വകാര്യ മേഖലയിൽ കൂടുതൽ സ്റ്റാർട്ടപ് ഇൻകുബേറ്ററുകളും ആക്‌സിലറേറ്ററുകളും തുടങ്ങാൻ ഇളവുകളും സഹായങ്ങളും നൽകാൻ സർക്കാർ തീരുമാനം. സ്റ്റാർട്ടപ്പുകൾക്കായി ഐടി പാർക്കുകളിൽ അഞ്ചു ലക്ഷം ചതുരശ്ര അടി നീക്കിവയ്ക്കും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യമിടുന്നത്. 

സ്റ്റാർട്ടപ്പുകൾക്ക് ഇളവുകളും സഹായങ്ങളും ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ് നയമനുസരിച്ച് ഏകീകരിക്കും. ഇതിന്റെ നടപടികൾക്കായി കേരള സ്റ്റാർട്ടപ് മിഷന് (കെഎസ്‌യുഎം) അധികാരം നൽകിയെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കർ പറഞ്ഞു. ഇൻകുബേറ്ററുകൾക്ക് അഞ്ചു വർഷത്തേക്ക് പ്രവർത്തനത്തിനും ഇന്റർനെറ്റിനും മറ്റുമുള്ള പിന്തുണ നൽകുമെന്ന് കെഎസ്‌യുഎം സിഇഒ: ഡോ. സജി ഗോപിനാഥ് അറിയിച്ചു. 

സ്റ്റാർട്ടപ് ബോക്‌സുകൾ, ഗ്രാന്റുകൾ, സീഡ് ഫണ്ട്, ക്ലൗഡ് ക്രെഡിറ്റ് തുടങ്ങിയവയും ഇതിലുൾപ്പെടും. സ്റ്റാർട്ടപ്പുകൾക്കു സഹായം നൽകാനുള്ള സമയപരിധി റജിസ്റ്റർ ചെയ്തു മൂന്നു വർഷം എന്നതിനുപകരം ഏഴുവർഷമാക്കി. ബയോടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്ക് ഇതു 10 വർഷമാക്കിയെന്നും അദ്ദേഹം അറിയിച്ചു.