പ്രമേഹ– അർബുദ മരുന്നുകളുടെ വില കുറച്ചു

കോട്ടയം ∙ അർബുദത്തിനും പ്രമേഹത്തിനുമുള്ളവ ഉൾപ്പെടെ 51 മരുന്നുകളുടെ വില ആറു മുതൽ 53 ശതമാനം കുറച്ച് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വിജ്ഞാപനം പുറത്തിറങ്ങി. കുടലിലെ അർബുദ രോഗത്തിനെതിരെ നൽകുന്ന ഓക്സാലിപ്ലാറ്റിൻ 100 എംജി കുത്തിവയ്പിന്റെ പുതിയ വില 4055.10 രൂപയാക്കി പുനർനിർണയിച്ചു വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെടുത്തി. ഹൃദ്രോഗികൾക്കുള്ള അൾട്ടിപ്ലേസ് 20 എംജി കുത്തിവയ്പിന്റെ വില 17,235 രൂപയായും 50 എംജി മരുന്നിന്റെ വില 35,985 രൂപയുമായും കുറയും. ജപ്പാൻ ജ്വരം, ബിസിജി, അ‍‍‍ഞ്ചാം പനി, റുബെല്ല വാക്സിനുകൾക്കും വിലക്കുറവുണ്ടാകും. 

ഹെപ്പറ്റൈറ്റിസ് സി രോഗികൾക്കുള്ള സോഫോസ്ബ്യൂർ, ബെൽപാട്ടാസ്വിർ എന്നിവയുടെ വില 15,625 രൂപയാകും. പ്രമേഹ ഔഷധങ്ങളായ വോഗ്ലിബോസ്, മെറ്റ്‌ഫോമിൻ സംയുക്തങ്ങൾ എന്നിവയുടെ വിലയും കുറച്ചിട്ടുണ്ട്. അർബുദത്തിനുള്ള മരുന്നുകൾ കാരുണ്യ ഫാർമസി വഴി വിലക്കുറച്ചു വിൽക്കാൻ തുടങ്ങിയതോടെ സ്വകാര്യ മരുന്നു കടകളെ ആശ്രയിക്കുന്നവരുടെ എണ്ണം വൻ തോതിൽ കുറഞ്ഞിരുന്നു.