വൈദ്യുതി നിരക്ക്: ഹിയറിങ് ഇന്ന്

തിരുവനന്തപുരം∙ നാലു വർഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അന്തിമരൂപം നൽകാൻ വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ഇന്നു തലസ്ഥാനത്തു ഹിയറിങ് നടത്തും. കഴിഞ്ഞ ദിവസം കൊച്ചിയിൽ ഹിയറിങ് നടത്തിയതിന്റെ തുടർച്ചയാണിത്.

നേരത്തെ പ്രസിദ്ധീകരിച്ച കരടു ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ താൽപര്യമുള്ളവർക്കു തെളിവു നൽകാം. ഹിയറിങ്ങിനു ശേഷം ഈ മാസം അവസാനത്തോടെ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകി വിജ്ഞാപനം ചെയ്യും. തുടർന്ന് ഈ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാകും വൈദ്യുതി ബോർഡും മറ്റു ലൈസൻസികളും വരവു ചെലവു കണക്കുകളും നിരക്കു വർധനയ്ക്കുള്ള നിർദേശങ്ങളും സമർപ്പിക്കേണ്ടത്.

പുതിയ ചട്ടങ്ങൾ അനുസരിച്ച് അവർ വരുന്ന നാലു വർഷത്തെ കണക്കുകൾ ഒന്നിച്ചു നൽകേണ്ടി വരും. അതു പരിശോധിച്ചു ഹിയറിങ് നടത്തിയ ശേഷമായിരിക്കും നിരക്കു പുതുക്കുക.